ദിവ്യകാരുണ്യം മാത്രം ഭക്ഷണമാക്കി മൂന്ന് വ്യാഴവട്ടക്കാലം

കേള്‍ക്കുമ്പോള്‍ അവിശ്വസനീയത തോന്നാം. പക്ഷേ സംഭവം സത്യമാണ്. ജര്‍മ്മനയിലെ തെരേസ ന്യൂമാന്റെ ജീവിതത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ നമുക്കീ സത്യം മനസ്സിലാകും.

1927 സെപ്തംബര്‍ 30 നാണ് നമ്മുടെ കൊച്ചുത്രേസ്യാ പുണ്യവതിയുടെ ദര്‍ശനം തെരേസ ന്യൂമാനുണ്ടായത്. ലിസ്യൂവിലെ തെരേസയും ജര്‍മ്മനിയിലെ തെരെസ ന്യൂമാനും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളതെന്നത് വേറെ കാര്യം. തെരേസയുടെ നിരവധി രോഗങ്ങള്‍ ലിസ്യൂവിലെ തെരേസയുടെ മാധ്യസ്ഥം വഴി സുഖമായിട്ടുണ്ട്. ശയ്യാവലംബിയായി കഴിഞ്ഞിരുന്ന തെരേസയ്ക്ക് നഷ്ടപ്പെട്ടുപോയ കാഴ്ചശക്തി തിരികെ കിട്ടിയത് കൊച്ചുത്രേസ്യായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ദിവസമായിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം കൊച്ചുത്രേസ്യ വിശുദ്ധയായി ഉയര്‍ത്തപ്പെടുന്ന ദിവസം തെരേസ ന്യൂമാന് എണീറ്റുനടക്കാനും സാധിച്ചു. ഇങ്ങനെയുളള കൊച്ചുത്രേസ്യയാണ് തന്റെ ചരമവാര്‍ഷിക ദിനമായ 1927 ലെ സെപ്തംബര്‍ 30 ന് പ്രത്യക്ഷപ്പെട്ട് തെരേസ ന്യൂമാനോട് പറഞ്ഞത് ഇനിമുതല്‍ മരണം വരെ നീ മറ്റ് ഭക്ഷണമൊന്നും കഴിക്കരുത്. ദിവ്യകാരുണ്യം മാത്രം കഴിച്ചാല്‍ മതിയെന്ന്..

ആ നിര്‍ദ്ദേശം പാലിക്കാതിരിക്കാന്‍ തെരേസ ന്യൂമാന് ആവുമായിരുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. പൊള്ളയായ ഒരു അവകാശവാദമാണ് തെരേസ ന്യൂമാന്‍ നടത്തിയിരിക്കുന്നതെന്നും അവള്‍ രഹസ്യമായി ഭക്ഷണം കഴിക്കുന്നുണ്ടാവുമെന്നുമായിരുന്നു ആളുകളുടെ പറച്ചില്‍. കാരണം പതിനഞ്ച് ദിവസം ഭക്ഷണംകഴിക്കാതെ ഒരാള്‍ക്ക് ജീവിച്ചിരിക്കാം.

എന്നാല്‍ വെള്ളം പോലും കുടിക്കാതെ ആര്‍ക്കും അത്രയും ദി വസം ജീവിച്ചിരിക്കാനാവില്ല. തന്മൂലം തെരേസ ന്യൂമാന്‍ പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയാനായി പതിനഞ്ച് ദിവസത്തേക്ക് ഒരു മെഡിക്കല്‍ സംഘം ഇരുപത്തിനാല് മണിക്കൂറും അവളെ നിരീക്ഷിക്കാന്‍ കാവല്‍ നിന്നു. റേഗന്‍സ് ബുര്‍ഗ് രൂപതാധികാരികള്‍ നിയോഗിച്ച ഒരു ഡോക്ടറുടെ നേതൃത്വത്തിലുള്ള നാലു നേഴ്‌സുമാരുടെ നിരീക്ഷണത്തിലായി തെരേസയുടെ ജീവിതം. കണ്ണിമചിമ്മാതെ അവര്‍ തെരേസയ്ക്ക് കാവലിരുന്നു.

അവരുടെ കണ്ണ് വെട്ടിച്ച് ഒരുചുവടു പോലും വയ്ക്കാന്‍ തെരേസയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്തിനേറെ ടോയ്‌ലറ്റില്‍ പോകാന്‍ പോലും അവള്‍ക്ക് സ്വകാര്യതയുണ്ടായിരുന്നില്ല. ആ വഴിക്കെങ്ങാനും വെള്ളം കുടിച്ചാലോ.. ഈ രണ്ടാഴ്ച കാലത്തേക്ക് കുമ്പസാരവും വിലക്കിയിരുന്നു. അത് മറ്റൊന്നിനുമല്ല കുമ്പസാരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക്് കാവല്‍ നില്ക്കാന്‍ കഴിയില്ലല്ലോ..അതുകൊണ്ട് കുമ്പസാരം പോലും മുടക്കി ആ നേഴ്‌സുമാര്‍ തെരേസയെ നിരീക്ഷിച്ചുകൊണ്ടിരുന്നു

. ഇത്തരമൊരു അവസ്ഥ പിന്തുടരുന്ന ഒരു വ്യക്തിക്ക് നിര്‍ജ്ജലീകരണം സംഭവിക്കാനിടയുണ്ട്. മാത്രവുമല്ല ശാരീരിക പ്രവര്‍ത്തനങ്ങളും തകരാറിലാകും. പക്ഷേ തെരേസയെ ഇതൊന്നും ബാധിച്ചില്ല അവള്‍ ദിനം കഴിയും തോറും കൂടുതല്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലയായിക്കൊണ്ടിരുന്നു. എഴുത്തും വായനവും സംസാരവുമെല്ലാം അവള്‍ നടത്തിക്കൊണ്ടിരുന്നു.

ഒടുവില്‍ നീണ്ട പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം 1927 ന് ശേഷം ദിവ്യകാരുണ്യമല്ലാതെ തെരേസ ഒന്നും കഴിച്ചിട്ടില്ലെന്ന് ഡോ. സെയ്ഡിലിന് കോടതി മുമ്പാതെ സത്യവാങ്മൂലം ബോധിപ്പിക്കേണ്ടിവന്നു.
പഞ്ചക്ഷതധാരി കൂടിയായിരുന്നു തെരേസ ന്യൂമാന്‍. മരണം വരെ ഉണങ്ങാത്ത ചില മുറിവുകളും അവള്‍ക്കുണ്ടായിരുന്നു.

1962 സെപ്തംബര്‍ 18 ന് തെരേസ നിര്യാതയായി. 2005 ല്‍ തെരേസയുടെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചു.

ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് മൂന്ന് വ്യാഴവട്ടക്കാലം ജീവിച്ച തെരേസ ന്യൂമാന്‍ ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെക്കുറിച്ച് നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

You must be logged in to post a comment Login