ദേവാലയങ്ങള്‍

ദേവാലയങ്ങള്‍

devalayangalപ്രശസ്ത ഇംഗ്ലീഷ് കവിയായ ഫിലിപ്പ് ലാര്‍ക്കിന്റെ ചര്‍ച്ച് ഗോയിംഗ് എന്ന പേരില്‍ ഒരു കവിതയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എഴുതപ്പെട്ട ഈ കവിത യൂറോപ്പിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ചു വിലപിക്കുന്നു. ആധുനിക ലോകത്തില്‍ ദേവാലയങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചുകള്‍ ക്രമേണ സന്ദര്‍ശകര്‍ കുറഞ്ഞു കുറഞ്ഞ് ഭാവിയില്‍ മ്യൂസിയം പീസുകളായിത്തീരും എന്നാണ് ലാര്‍ക്കിന്റെ നിഗമനം.

ആ കവിത എഴുതപ്പെട്ടിട്ട് മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. എത്ര ദേവാലയങ്ങള്‍ മ്യൂസിയം പീസുകളായി മാറി എന്ന് നമുക്കറിയില്ല. എന്നാല്‍ മനുഷ്യന് ഒരു നാളും ദേവാലയങ്ങളെ അവഗണിക്കാനാവില്ല എന്നു നമുക്കറിയാം. നെഞ്ചില്‍ പുകയുന്നൊരു ആത്മീയ ദാഹം ഉള്ളിടത്തോളം കാലം മനുഷ്യന്‍ ദേവാലയങ്ങള്‍ തേടി വന്നു കൊണ്ടിരിക്കും. ജീവിതത്തിലെ ആഘോഷങ്ങളും ബഹളങ്ങളും മദിരോത്സവങ്ങളും ഒടുങ്ങുമ്പോള്‍ അനാദിയായൊരു ഏകാന്തത ഉള്ളിലുണരുന്ന നാളില്‍ മനുഷ്യന്‍ ദേവാലയത്തിന്റെ നിശ്ശബ്ദതയിലേക്കു മടങ്ങി വരും. ഇടയന്റെ സൗമ്യമായ കാലടിയൊച്ചകള്‍ കാതോര്‍ത്ത് ശാന്തമായിരിക്കുവാന്‍…

ദേവാലയം ആഘോഷങ്ങളുടെ മാത്രം കൂടാരമല്ല. ഒരേ സമയം വ്യക്തിപരവും സാമൂഹികവുമായ ഭൂമികയാണ് ദേവാലയത്തിന്റേത്. തിരുനാളുകളുടെയും പാട്ടു കുര്‍ബാനകളുടെയും സാമൂഹികമായ ആഘോഷങ്ങളുടെ വേദിയായി മാറുന്ന ദേവാലയം തന്നെ വ്യക്തിപരമായ നിശ്ശബ്ദതയുടെ സാന്ത്വനകൂടാരമായി മാറുന്നില്ലെങ്കില്‍ ലാര്‍ക്കിന്‍ ഭയന്നതു പോലെ ഒരു പക്ഷേ, അവ മ്യൂസിയങ്ങളായി മാറിപ്പോയേക്കാം. മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ ദേവാംശമാണ് ദേവാലയങ്ങളെ നിലനിര്‍ത്തുന്നത്. ദൈവത്തെ കൊണ്ട് ആവശ്യമുണ്ടെന്ന ബോധമാണ് മനുഷ്യനെ ദേവാലയങ്ങളിലേക്കു ചേര്‍ത്തു നിര്‍ത്തുന്നത്. സാമൂഹികമായ ആഹ്ലാദങ്ങള്‍ക്കൊപ്പം ശാന്തമായിരിക്കാനാവുന്ന ദൈവസാന്നിധ്യമുള്ള ഒരിടമായി ദേവാലയത്തെ കാണാനാവില്ലെങ്കില്‍ പിന്നെ ഈ നാലു ചുവരുകള്‍ക്ക് എന്തു പ്രത്യേകത?

സദാ സൗമ്യനായ ക്രിസ്തുവിനെ ഒരിക്കല്‍ മാത്രമാണ് കോപാകുലനായി കാണുന്നത്. ദേവാലയത്തിന് ചന്തയുടെ സ്വഭാവം വന്നുവെന്നു തോന്നിയ നേരത്ത്. ദേവാലയത്തെ ദേവാലയമാക്കുന്നത് നാലു ചുവരുകളും രൂപക്കൂടുകളും മാത്രമല്ലെന്നു സന്ദേശം. അവിടെ കൂടിയിരിക്കുന്നവരുടെ മനസ്സാണ് പ്രധാനം. നാണയമാറ്റക്കാരുടെയും കച്ചവടക്കാരുടെയും മനസ്സുമായി ഒരാള്‍ക്കു വേണമെങ്കില്‍ ജീവിതകാലം മുഴുവന്‍ പള്ളിയില്‍ വന്നു പോകാം. എല്ലാവരും കാണ്‍കെ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുകയുമാവാം. എന്നാല്‍ സുവിശേഷത്തിലെ ക്രിസ്തു കാണുന്നത് ഒരാളെ മാത്രം, ദേവാലയത്തിന്റെ ഏതോ ഒരു കോണില്‍ മുഖമുയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ സ്വന്തം നെഞ്ചിലെ നേരുകള്‍ തുറന്നു വച്ചു നില്ക്കുന്ന ഒരു ചുങ്കക്കാരനെ! പണക്കിഴികള്‍ എല്ലാവരും കാണ്‍കെ ദേവാലയ ഭണ്ഡാരത്തിലേക്കു ചൊരിഞ്ഞിടുന്ന ധനികരെ ക്രിസ്തു കാണാതെ പോകുന്നു. അവര്‍ക്കിടയില്‍ സ്വന്തം ദാരിദ്ര്യ ബോധം കൊണ്ടു കൂമ്പിയ കണ്ണുമായി ആരും കാണാതെ രണ്ടു ചെറുനാണയത്തുട്ടുകളിടുന്ന വിധവയെ മാത്രമേ ക്രിസ്തു കണ്ടുള്ളൂ! ദേവാലയങ്ങള്‍ പ്രദര്‍ശനങ്ങള്‍ക്കുള്ള വേദിയല്ല എന്നു ക്രിസ്തു എന്നേ വ്യക്തമാക്കിയിരിക്കുന്നു.

ദൈവത്തെ കുറിച്ചു അവബോധമുള്ള മനുഷ്യരാണ് ദേവാലയങ്ങളെ സൃഷ്ടിക്കുന്നത്. മനസ്സുകളിലാണ് ദേവാലയങ്ങള്‍ പിറക്കുന്നത്. കുറേ മനസ്സുകളില്‍ ദൈവം പിറക്കുന്നു. തങ്ങള്‍ക്ക് ദൈവനാമത്തില്‍ ഒരുമിച്ചു കൂടാന്‍ ഒരിടം വേണമെന്ന് അവര്‍ക്കു തോന്നുന്നു. അങ്ങനെ പിറവിയെടുക്കുന്ന ആലയങ്ങളാണ് ദേവാലയങ്ങള്‍. അങ്ങനെയാണ് ഊട്ടുശാലകള്‍ പോലും ദേവാലയമാകുന്നത്. ദൈവത്തിന്റെ ആത്മാവിനെ കാത്തിരുന്ന മനുഷ്യരുടെ ഹൃദയങ്ങളാണ് സെഹിയോന്‍ ഊട്ടുശാലയെ ദേവാലയമാക്കിയത്.

ഓര്‍മിക്കുക. ദൈവത്തെ കുറിച്ചു അവബോധമുള്ള മനസ്സുകളാണ് ആദ്യം ഉണ്ടായത്. പിന്നെയാണ് അവര്‍ക്കു ഒത്തു കൂടാന്‍ ആലയങ്ങളുണ്ടായത്. ആ ആലയങ്ങളാണ് പിന്നീട് ദേവാലയങ്ങളായി മാറിയത്. മനസ്സുകളില്‍ ദൈവമില്ലാതായാന്‍ ദേവാലയങ്ങള്‍ കാഴ്ച ബംഗ്‌ളാവുകളാകും. ദൈവം എന്നു പറയുന്നത് സ്‌നേഹമാണ്. സ്‌നേഹമില്ലാതാകുമ്പോഴും ദേവാലയങ്ങള്‍ മ്യൂസിയമാകുന്നു. മ്യൂസിയത്തിലെ മൃഗങ്ങളുടെ നേര്‍ക്കു നമുക്കു സ്‌നേഹമുണ്ടാകാറില്ല, ബഹുമാനമുണ്ടാകാറില്ല. കൗതുകം മാത്രമാണുണ്ടാവുക. നമ്മള്‍ അവിടെ വെറും കാഴ്ചക്കാര്‍ മാത്രമാകുന്നു.
സെന്റ് ഫ്രാന്‍സിസ് അസ്സീസ്സിക്ക് ഭൂമി മുഴുവന്‍ ദേവാലയമായിരുന്നു. മലമുകളിലെ ഗുഹകള്‍ പോലും ദേവാലയമാകുന്ന വിസ്മയക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പകരുന്നത്. ദേവാലയമല്ലാത്ത ഒരിടം പോലും അദ്ദേഹത്തിന് കണ്ടെത്താനായില്ല. ഞാന്‍ പര്‍വതത്തിനു മുകളിലേക്കു പറന്നു ചെന്നാല്‍ അവിടെയും ദൈവം. കടലുകള്‍ കടന്നു പോയാല്‍ അവിടെയും ദൈവം. ആകാശത്തിലും ദൈവം. പിന്നെ എവിടെയാണ് ദൈവം വസിക്കാത്തത് എന്നു ചോദിക്കുന്ന സങ്കീര്‍ത്തകന്റെ മനസ്സായിരുന്നു അദ്ദേഹത്തിന്. ദൈവം മനസ്സിലുണ്ടെങ്കില്‍ ഏതാണ് ദേവാലയമല്ലാത്തത്? ദൈവം മനസ്സിലില്ലെങ്കില്‍ ദൈവത്തിന്റെ പേരില്‍ ഉയര്‍ത്തുന്ന ഏതു കെട്ടിടമാണ് ദേവാലയമാകുക?

 

അഭിലാഷ് ഫ്രേസര്‍.

You must be logged in to post a comment Login