ദേവാലയപരിസരങ്ങളില്‍ നിന്നും പ്രാര്‍ത്ഥനാക്കൂട്ടായ്മയില്‍ നിന്നും മദ്യം ഒഴിവാക്കണം

ദേവാലയപരിസരങ്ങളില്‍ നിന്നും പ്രാര്‍ത്ഥനാക്കൂട്ടായ്മയില്‍ നിന്നും മദ്യം ഒഴിവാക്കണം

ചിക്കാഗോ: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യസംസ്‌കാരത്തിന്റെ ഉപയോഗം വ്യക്തിജീവിതത്തില്‍ നിന്നും, കുടുംബസമൂഹങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ എല്ലാവരും ജാഗരൂകത കാണിക്കണമെന്നു ചിക്കാഗോ സീറോ മലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം. ഇതിന്റെ ആദ്യപടിയായി ദേവാലയ പരിസരങ്ങളില്‍ നിന്നും, പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ നിന്നും മദ്യ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നതാണ് രൂപതയുടെ പൊതുമാനദണ്ഡമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രഖ്യാപിച്ചു. ഇടവക-മിഷന്‍ തലങ്ങളില്‍ ഈ പൊതുമാനദണ്ഡം പ്രാവര്‍ത്തികമാക്കാന്‍ ഉത്തരവാദിത്വപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

യുവജനങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന അസ്വഭാവിക മരണങ്ങളില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുന്ന കുഞ്ഞുങ്ങളേയും, യുവജനങ്ങളേയും സഹായിക്കാന്‍ ആവശ്യമായ അജപാലന പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും ഉണ്ടാകണമെന്നും രൂപതാതലത്തില്‍ നല്‍കപ്പെടുന്ന അജപാലനപരമായ നിര്‍ദേശങ്ങള്‍ ഫൊറോനാ അടിസ്ഥാനത്തില്‍ ക്രോഢീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഫൊറോനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

You must be logged in to post a comment Login