ദൈനംദിന ജീവിതത്തില്‍ കരുണ അഭ്യസിക്കണം: ഫ്രാന്‍സിസ് പാപ്പ

ദൈനംദിന ജീവിതത്തില്‍ കരുണ അഭ്യസിക്കണം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: അനുദിന ജീവിതത്തില്‍ നാം കരുണയുടെ വക്താക്കളാകണമെന്നും കരുണ അഭ്യസിക്കണമെന്നും റോമന്‍ കൂരിയ അംഗങ്ങളോട് ഫ്രാന്‍സിസ് പാപ്പ. തങ്ങളുടെ അജഗണങ്ങളോട് വിശാലമനസ്‌കതയോടെയും കരുണയോടെയും പെരുമാറണമെന്നും അങ്ങനെ അവര്‍ക്ക് അനുകരണീയമായ മാതൃകയായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെയാണ് റോമന്‍ കൂരിയ അംഗങ്ങളോട് ഫ്രാന്‍സിസ് പാപ്പ സംസാരിച്ചത്.

തന്റെ അജഗണങ്ങളോട് എന്നും കരുതലുള്ളവരും ദൈവത്തെ ഹൃദയത്തില്‍ വഹിക്കുന്നവരുമായിരിക്കണം വൈദികര്‍. നഷ്ടപ്പെട്ട ആടിനെ തേടിപ്പോകുന്നവനാണു ദൈവം. കണ്ടെത്തിയ ശേഷം മറ്റ് ആടുകളോടൊപ്പം വീണ്ടെടുത്തതിനേയും കൂട്ടിച്ചേര്‍ക്കുന്നു. മുറിവേറ്റത്തെ അജഗണങ്ങളെ സ്‌നേഹത്തോടെ പരിചരിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്യുന്നവനാണ് ദൈവം.

ദൈവത്തിന്റെ ഈ കരുണ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ അടയാളമാണ്. ആ സ്‌നേഹം വിശ്വാസ്യതയുള്ളതാണ്, സ്ഥിരതയുള്ളതാണ്, ഉപാധികളില്ലാത്ത സമര്‍പ്പണമാണത്. പാപികള്‍ പോലും ആ കരുണക്ക് അര്‍ഹരാണ്. ആരും നമ്മളാല്‍ വേദനിപ്പിക്കപ്പെടരുത്. ദൈവം നമ്മെ പഠിപ്പിച്ച ഈ സ്‌നേഹത്തിന്റെ സന്ദേശം അനുദിന ജീവിതത്തില്‍ നാം കണ്ടുമുട്ടുന്നവരിലേക്കും പകരണണെന്നും മാര്‍പാപ്പ പറഞ്ഞു.

വിശുദ്ധ കുര്‍ബാനക്കു മുന്‍പ് പോള്‍ ആറാമന്‍ ഹാളില്‍ ഒരുമിച്ചുകൂടിയ റോമന്‍ കൂരിയ അംഗങ്ങള്‍ ‘കരുണ നിത്യജീവിതത്തില്‍’ എന്ന വിഷയത്തെക്കുറിച്ച് വിചിന്തനം നടത്തി. ഇതേത്തുടര്‍ന്ന് മാര്‍പാപ്പയോടൊപ്പം പ്രദക്ഷിണമായി സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ വിശുദ്ധ വാതിലിലൂടെ അകത്തു പ്രവേശിച്ച് ദിവ്യബലിയില്‍ സംബന്ധിച്ചു.

You must be logged in to post a comment Login