ദൈവം ആരുടെ പക്ഷത്താണ്?

ദൈവം ആരുടെ പക്ഷത്താണ്?

എല്ലാ വിശ്വാസികളുടെയും സംശയമാണിത്. ദൈവം ആരുടെ പക്ഷത്താണ്? എന്റെ പക്ഷത്തോ അതോ നിന്റെ പക്ഷത്തോ? പഴയ നിയമത്തിലെ ജോഷ്വായുടെ പുസ്തകം ഈ സംശയങ്ങള്‍ക്കുള്ള മറുപടി നല്കുന്നുണ്ട്.

മോശയുടെ മരണശേഷം ഇസ്രായേല്‍ ജനതയെ വാഗ്ദാന നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം ജോഷ്വയ്ക്കായിരുന്നുവല്ലോ? ജോര്‍ദാന്റെ അടുക്കലെത്തിയപ്പോള്‍ അവിടെ മറ്റൊരു സംഘം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നതായി അവര്‍ കണ്ടു. ഈ സാഹചര്യത്തിലാണ് ജോഷ്വാ ഒരു മാലാഖയുമായി കണ്ടുമുട്ടുന്നത്.

തിരുവചനത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:

ജറീക്കോയെ സമീപിച്ചപ്പോള്‍ ജോഷ്വാ കണ്ണുകളുയര്‍ത്തി നോക്കി. അപ്പോള്‍ കയ്യില്‍ ഊരിയ വാളുമായി അതാ ഒരു മനുഷ്യന്‍. ജോഷ്വാ അവന്റെ അടുത്തുചെന്നു. നീ ഞങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്ന് ചോദിച്ചു. അവന്‍ പറഞ്ഞു അല്ല ഞാന്‍ കര്‍ത്താവിന്റെ സൈന്യാധിപനാണ്. ജോഷ്വാ സാഷ്ടാംഗം പ്രണമിച്ച് അവനോട് ചോദിച്ചു അങ്ങ് ഈ ദാസനോട് കല്പിക്കുന്നതെന്താണ്? കര്‍ത്താവിന്റെ സൈന്യാധിപന്‍ പറഞ്ഞു: നിന്റെ പാദങ്ങളില്‍ നിന്ന് ചെരിപ്പ് അഴിച്ചുമാറ്റുക. നീ നില്ക്കുന്ന ഈ സ്ഥലം വിശുദ്ധമാണ്. ജോഷ്വാ അങ്ങനെ ചെയ്തു ( ജോഷ്വാ 5:13-15)

തുടര്‍ന്ന് ജറീക്കോ പിടിച്ചെടുക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ദൈവം ജോഷ്വായ്ക്ക് നല്കുന്നു.

ഇതില്‍ നിന്ന് നമുക്കെന്താണ് മനസ്സിലാവുന്നത്? ഇസ്രായേല്‍ക്കാര്‍ ദൈവത്തിന്റെ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ജനതയായിരുന്നു. ദൈവത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു അവര്‍ക്ക്, വാഗ്ദ്ത്ത നാട് കീഴടക്കാന്‍.

അതുകൊണ്ട് സ്വഭാവികമായും നമുക്ക് തോന്നിയേക്കാം ദൈവത്തിന്റെ മാലാഖ അവരുടെ ഒപ്പമായിരുന്നു എന്ന്. എന്നാല്‍ മാലാഖ പറയുന്നത് ഞാന്‍ നിങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്നല്ല ഞാന്‍ കര്‍ത്താവിന്റെ സൈന്യാധിപന്‍ എന്നാണ്.

ദൈവം സ്‌നേഹമാണ്. നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ് അവിടുന്ന് എല്ലാം ചെയ്യുന്നത്. എന്നാല്‍ നാം ഭൗതികമായ ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവിടുന്നില്‍ നിന്ന് അകന്നുപോയാല്‍ ദൈവം നമുക്കൊപ്പമുണ്ടാവുമെന്ന് കരുതരുത്.

ദൈവം അപ്പോള്‍ മറ്റൊരു രീതിയില്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. അതുകൊണ്ട് ദൈവം ആരുടെ പക്ഷത്ത് എന്ന് ചോദിക്കരുത്. ദൈവം എപ്പോഴും ദൈവത്തിന്റെ പക്ഷത്തായിരിക്കും നില്ക്കുക എന്നാണ് ചുരുക്കം. അതോടൊപ്പം ഒരു കാര്യം മറക്കരുത്. ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരു നില്ക്കും?

ബി

You must be logged in to post a comment Login