ദൈവം എനിക്ക് കാഴ്ച തന്നില്ല, നടക്കാനുള്ള കഴിവും നല്കിയില്ല, എന്നിട്ടും…

ദൈവം എനിക്ക് കാഴ്ച തന്നില്ല, നടക്കാനുള്ള കഴിവും നല്കിയില്ല, എന്നിട്ടും…

ഇത് ഒരച്ഛന്റെയും മകന്റെയും കഥയാണ്. ഇതില്‍ ഒരാള്‍ക്ക് മാത്രമായി വിജയമില്ല. കാരണം അച്ഛന്‍ അങ്ങനെയായതുകൊണ്ടാണ് മകന് തന്റെ വൈകല്യങ്ങളെ അതിജീവിച്ച് വിജയിക്കാന്‍ കഴിഞ്ഞത്. മകന് അങ്ങനെയൊരു സാധ്യതയുള്ളതുകൊണ്ടാണ് അച്ഛന്റെ പ്രചോദനത്താല്‍ അവന് വിജയിക്കാന്‍ കഴിഞ്ഞതും. പരസ്പരപൂരകമായ ഒരു ജീവിതകഥയാണിത്.

1988 മാര്‍ച്ച് 10
ഷിപ്പിംങ് കമ്പനിയിലെ ജോലിക്കാരനായ പാട്രിക് ജോണ്‍ ഹഗ്‌സിനും പട്രീഷ ഹഗ്‌സിനും ഒരു മകന്‍ ജനിച്ചത് അന്നേദിവസമാണ്. അതവരുടെ കടിഞ്ഞൂല്‍ സന്താനം കൂടിയായിരുന്നു. ഒരു മകന്‍ തങ്ങള്‍ക്ക് പിറന്നിരിക്കുന്നുവെന്ന വാര്‍ത്ത ആ ദമ്പതികളെ ഏറെ സന്തോഷിപ്പിച്ചു.

എന്നാല്‍ ആ സന്തോഷത്തിന് ഏറെ നിമിഷങ്ങളോ ഏറെ മണിക്കൂറുകളോ ദൈര്‍ഘ്യമുണ്ടായിരുന്നില്ല. കുഞ്ഞിലുണ്ടായ ചില അസാധാരണതകള്‍ അന്വേഷിച്ചു പോയ മെഡിക്കല്‍ സംഘം വലിയൊരു സത്യത്തിലാണ് എത്തിച്ചേര്‍ന്നത്. കുട്ടിക്ക് ഇരുകണ്ണുകള്‍ക്കും കാഴ്ചശക്തിയില്ല. കൂടാതെ കൈകളോ കാലുകളോ സ്വതന്ത്രമായി ചലിപ്പിക്കുവാനോ എഴുന്നേറ്റ് നടക്കുവാനോ കഴിയുകയുമില്ല.

വലിയൊരു ഹിമപാതം തങ്ങളെ വന്നുമൂടിയിരിക്കുന്നതായി ആ ദമ്പതികള്‍ അറിഞ്ഞു. കണ്ണീരും വിലാപവും അവരില്‍ വന്നു നിറഞ്ഞു. അത്തരമൊരു ദിവസം പാട്രിക് ജോണ്‍ ദൈവത്തോട് ചോദിച്ചു, ദൈവമേ എന്തുകൊണ്ട് എന്റെ മകന്‍…?

ചികിത്സകള്‍ക്ക് മകനെ മറ്റേതൊരു കുഞ്ഞിനെയും പോലെ സാധാരണനിലയിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിധിക്ക് കീഴടങ്ങാന്‍ തന്നെ ആ ദമ്പതികള്‍ തയ്യാറായി. ഇത് ദൈവഹിതം തന്നെ..

സാധാരണ എല്ലാ മാതാപിതാക്കളും ആരോഗ്യമുള്ള, ബുദ്ധിയുള്ള മക്കളിലാണ് സ്വപ്നം കാണുന്നതും അവരിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നതും. കാഴ്ചശക്തിയില്ലാത്ത, എണീറ്റുനില്ക്കുവാന്‍ പോലും കരുത്തില്ലാത്ത ഒരു കുഞ്ഞില്‍ എന്ത് പ്രതീക്ഷയര്‍പ്പിക്കുവാനാണ്.. അവനെക്കുറിച്ച് എന്തു സ്വപ്നം കാണാനാണ്? അതായിരിക്കുമല്ലോ എല്ലാവരുടെയും ചിന്ത.

പക്ഷേ പാട്രിക് ജോണ്‍ വ്യത്യസ്തനായ ഒരു പിതാവായിരുന്നു. മകനെക്കുറിച്ച് എവിടെയോ എങ്ങനെയോ ചില സ്വപ്നങ്ങള്‍ അയാള്‍ കണ്ടുതുടങ്ങിയിരുന്നു. അത്തരമൊരു സ്വപ്നത്തിന്റെ മണിക്കൂറുകളിലെന്നോ ആണ് അയാള്‍ ആ കാഴ്ച കണ്ടത്. പൂര്‍ണ്ണമായും കൈകളോ കാലുകളോ നിവര്‍ത്താന്‍ സാധിക്കാത്ത ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത മകന്‍ പിയാനോ വായിക്കാന്‍ ശ്രമിക്കുന്നു.

അസാധാരണമായിട്ടെന്തോ സംഭവിക്കാന്‍ പോവുകയാണെന്ന് പാട്രിക് ജോണ്‍ മനസ്സിലാക്കി. അയാള്‍ക്ക് ലോകം മുഴുവന്‍ കേള്‍ക്കെ ഉച്ചത്തിലൊന്ന് കൂവണമെന്ന് തോന്നി. കാരണം അയാളുടെ മകന് അപ്പോള്‍ വെറും ഒമ്പത് മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ..

ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന അമേരിക്കന്‍ മള്‍ട്ടി ഇന്‍സ്ട്രമെന്റല്‍ മ്യൂസീഷനും എഴുത്തുകാരനും പോസിറ്റീവ് തിങ്കറും അയാം പൊട്ടന്‍ഷ്യല്‍ എന്ന പ്രചോദനാത്മകഗ്രന്ഥത്തിന്റെ കര്‍ത്താവുമായ പാട്രിക് ഹെന്റി ഹഗ്‌സിന്റെ അമ്പരപ്പിക്കുന്ന ജീവിതപരിണാമത്തിന്റെ കഥ ഇവിടെ ഇങ്ങനെയാണ് തുടങ്ങിയത്.

ദൈവം എനിക്ക് കാഴ്ച തന്നില്ല. ദൈവം എനിക്ക് നടക്കാന്‍ കഴിവും തന്നില്ല. അത് ദൈവവും ഞാനുമായുള്ള വലിയൊരു ഉടമ്പടിയാണെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ദൈവം എനിക്ക് പിയാനോ വായിക്കാന്‍ വലിയൊരു കഴിവ് തന്നു.

സ്വന്തം ജീവിതത്തെ കുറിച്ച് പാട്രിക് ഹെന്‍ട്രി വിലയിരുത്തുന്നത് ഇങ്ങനെയാണ്. സ്വന്തം അവസ്ഥ മനസ്സിലായതുകൊണ്ടും ആ അവസ്ഥയിലും സന്തോഷിക്കാനും സംതൃപ്തനാകാനും കഴിയുന്നതുകൊണ്ടും ദൈവത്തിന് നന്ദിപറയാന്‍ പാട്രിക്കിന് കഴിയുന്നു. തന്റെ ജീവിതത്തിന്റെ

ഈ ഫിലോസഫി എല്ലാവരും അറിയണമെന്നും അത് ലോകത്തോട് മുഴുവന്‍ വിളിച്ചുപറയണമെന്നും പാട്രിക് ആഗ്രഹിക്കുന്നു.
എന്റെ ഈ കഴിവ് ദൈവം തന്നതാണ്. ഇത് ദൈവം എനിക്ക് തന്ന വലിയൊരു സമ്മാനമാണ്. സംഗീതോപകരണത്തിലുള്ള വാസനയെക്കുറിച്ച് വിലയിരുത്തുന്ന പാട്രിക് അതുകൊണ്ടുതന്നെ അന്ധതയും മറ്റ് വൈകല്യങ്ങളും ദൈവം തനിക്ക് തന്ന സമ്മാനങ്ങളായി കരുതുന്നു.

എനിക്ക് ത്വക്കിന്റെ നിറമറിയില്ല, മുടിയുടെ നീളം അറിയില്ല..കണ്ണിന്റെ ആകൃതി അറിയില്ല. എന്നിട്ടും എന്റെ ജീവിതം അനുഗ്രഹമാണെന്നും ഞാനൊരു അനുഗ്രഹമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

വിജയം കൈപിടിയിലൊതുങ്ങും വരെ നിരന്തരം പോരാടുന്ന, അത് ലഭ്യമാക്കാന്‍ യുദ്ധം ചെയ്യുന്ന സ്വഭാവമാണ് എന്റേത്.. പാട്രിക് തുടര്‍ന്നു പറയുന്നു.

പാട്രിക്കിന്റെ വിജയം അവന്റേതുമാത്രമല്ല അവന്റെ പിതാവിന്റേതുകൂടിയാണ്. വൈകല്യമുള്ള മക്കള്‍ ജനിക്കുമ്പോള്‍ അവരെ പുറംലോകം കാണിക്കാതെ വളര്‍ത്തുകയും അവരിലുള്ള കഴിവുകളെ വളരാന്‍ അനുകൂലസാഹചര്യം ഒരുക്കിക്കൊടുക്കാതിരിക്കുകയും ചെയ്യുന്ന നിരവധി മാതാപിതാക്കള്‍ നമ്മുടെ ചുറ്റിലുമുള്ളപ്പോഴാണ് പാട്രിക് ജോണ്‍ വ്യത്യസ്തനാകുന്നത്.

ഷിപ്പിംങ് കമ്പനിയിലെ മാറിമാറിവരുന്ന ജോലി സമയങ്ങള്‍ക്കിടയില്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലും സമയമില്ലാത്തപ്പോഴായിരുന്നു മകന്റെ ബാന്റ് പ്രാക്ടീസ് ക്ലാസുകളില്‍ അയാള്‍ മകനൊപ്പം കൂട്ടിരുന്നത്. പരാതികളോ ഭാരമോ ഇല്ലാതെ മകനെയും കൊണ്ടയാള്‍ വീല്‍ച്ചെയറുരുട്ടി അവന്റെ അതിജീവനത്തിന് വേണ്ടി യാത്ര ചെയ്തത്.

പാട്രിക് ഹെന്‍ട്രി ദേശവ്യാപകമായി പ്രശസ്തനായത് 2006 മുതല്‍ക്കാണ്. ലൂയിസ് വില്ലി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മുതല്‍.. അന്ന് ലൂയിസ് വില്ലിയിലെ മാര്‍ച്ചിംങ ബാന്റ് ഡയറക്ടര്‍ ഡോ. ഗ്രെഗ് ബെറീന്റെ നിര്‍ദ്ദേശപ്രകാരം പാട്രിക് ഹെന്‍ട്രി മാര്‍ച്ചിംങ് ബാന്റില്‍ പങ്കെടുത്തിരുന്നു.ട്രംപ്റ്റ് വായിക്കാന്‍ വേണ്ടി മകനെ വീല്‍ച്ചെയറിലിരുത്തി ഉരുട്ടിക്കൊണ്ടുവന്നത് സ്‌നേഹനിധിയായ ഈ പിതാവായിരുന്നു.

ഇത് തിങ്ങിക്കൂടിയ ജനസമുദ്രത്തെയും മാധ്യമങ്ങളെയും വല്ലാതെ ആകര്‍ഷിച്ചു. ദൃശ്യമാധ്യമങ്ങളു പത്രമാധ്യമങ്ങളും ഈ അച്ഛനെയും മകനെയും കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തതോടെ ഇവര്‍ ദേശങ്ങള്‍ക്കപ്പുറങ്ങളിലേക്ക് അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും അടയാളമായി കടന്നുചെല്ലുകയായിരുന്നു.

പിയാനിസ്റ്റ്, വോക്കലിസ്റ്റ്, ട്രംപ്റ്റ് പ്ലെയര്‍ എന്നിങ്ങനെ വിവിധമണ്ഡലങ്ങളില്‍ താന്‍ ആയിരിക്കുന്ന അവസ്ഥയിലായിരിക്കെ വിജയക്കൊടി പാറിക്കുവാന്‍ പാട്രിക്കിന് സാധിച്ചു. സ്പാനീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന പാട്രിക് ഒരു പബ്ലിക്ക് സ്പീക്കറും കൂടിയാണ്.

ഏഷ്യ.കാനഡ, സൗത്ത് അമേരിക്ക,യൂറോപ്പ് തുടങ്ങി എണ്ണമറ്റ സ്ഥലങ്ങളില്‍ തന്റെ അസാധാരണമായ പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കാന്‍ പാട്രിക്കിന് ഇതിനകം കഴിഞ്ഞു.ഓപ്പം പ്രശസ്തരായ കലാകാരന്മാരോടോപ്പം വേദി പങ്കിട്ട് കൈയടി വാങ്ങുവാനും. നിരവധി അവാര്‍ഡുകളും പാട്രിക്കിനെ തേടിയെത്തിയിട്ടുണ്ട്. ഫോക്‌സ ടിവി,ഈഎസ്പിഎന്‍,സിഎസ് ടിവി തുടങ്ങിയ എണ്ണമറ്റ ചാനലുകള്‍ ഈ പ്രചോദനാത്മകമായ ജീവിതത്തിന് നേരെ ക്യാമറതിരിച്ചുപിടിക്കുകയും അനേകര്‍ക്ക് മാതൃകയും പ്രോത്സാഹനവുമായി പാട്രിക്കിനെ അവതരിപ്പിക്കുകയും ചെയ്തു.

സ്‌നേഹിക്കുന്നതിന്റെയും ജീവിക്കുന്നതിന്റെയും സ്വപ്നങ്ങള്‍ സ്വന്തമാക്കുന്നതിന്റെയും പാഠങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ വിശദമാക്കുന്ന അയാം പോട്ടന്‍ഷ്യല്‍ എന്ന കൃതി 2008 ലാണ് പുറത്തിറങ്ങിയത്. മറ്റ് ഭാഷകളിലേക്കും അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login