ദൈവം ചിരിക്കുന്നു

ദൈവം ചിരിക്കുന്നു

birdനിശബ്ദതയുടെ നീണ്ട മണിക്കൂര്‍…
ഒടുവില്‍ തടവറ.
അവന്‍ കുറ്റവാളി!
ജയില്‍ വാസമുണ്ടിനി.
ഒരു നീണ്ട യാത്ര…
ഇരുംബഴികളുടെ നിഴലില്‍
നിശബ്ദതയില്‍ –
അവന്‍ പ്രാര്‍ത്ഥിച്ചു.
നിശ്ചലനായി…
നിശബ്ദനായി…
നിഴലനങ്ങുന്നില്ല.
ശാന്തത…
കൈകള്‍ തുറന്നുപിടിച്ച് ,
ഒരു “ആബാ” പ്രാര്‍ത്ഥന…
നിമിഷങ്ങള്‍ ദിവസങ്ങളായി …
നീണ്ട പ്രാര്‍ത്ഥന.

കൂടുതേടി ഒരു കിളി…
വന്നിരുന്നു കൈകളില്‍!
തുറന്നു നീട്ടിയ കൈകളില്‍!
വിസ്മയം.
ചുള്ളികള്‍ കൂടുതീര്‍ത്തു-
മുട്ടകള്‍,
കുട്ടികള്‍ ,
ശാന്തതയുടെ കൂട്ടില്‍-
കിളികള്‍ കണ്‍‌തുറന്നു…
അവനറിഞ്ഞില്ല,
നീട്ടിയ കൈകളില്‍ –
വീടുണര്‍ന്നെന്ന്!
പ്രസാദം പുലര്‍ത്തിയ –
പ്രഭാതം.
അവന്‍ കണ്‍‌തുറന്നു!
പ്രാര്‍ത്ഥനയുടെ ചൈതന്യം.

കണ്ടു.
കൈകളിലെ കളിവീട്!
സങ്കടത്താല്‍ കണ്‍നിറഞ്ഞു …
നിശ്ചലനായി…
നിശബ്ദനായി…
തെല്ലനങ്ങതെ …
കണ്ണടച്ചു…
പ്രാര്‍ത്ഥന തുടര്‍ന്നു…
പുതിയ വീട്ടില്‍-
കിളികള്‍ ചിരിക്കുന്നുണ്ട്‌ …
ദൈവവും.

 

ബിബിന്‍ എഴുപ്ലാക്കല്‍.

You must be logged in to post a comment Login