ദൈവം വിരൽ തൊടുന്ന കത്തുകൾ

Father Jacob 5

കത്തുകൾ നിലയ്ക്കുന്ന ഒരു കാലത്ത് ജീവിക്കുന്ന നമുക്ക് നൊസ്റ്റൽജിക്കായ ചില ഓർമകളെ ഉണർത്തേണ്ടിയിരിക്കുന്നു, ലെറ്റേഴ്സ്‌  ടു ഫാദർ ജേക്കബ്‌ എന്ന ഫിന്നിഷ് ചലച്ചിത്രം മനസിലാക്കാൻ. ക്ലൗസ് ഹാരോ സംവിധാനം ചെയ്തു 2009ൽ പുറത്തിറങ്ങിയ ഈ അതിമനോഹര ചിത്രം ആത്മാവിനെ വിമലീകരിക്കുന്ന ഒരപുർവ അനുഭവമാണ്‌ .

കണ്ണുകൾക്കു കാഴ്ച നഷ്ടപ്പെട്ട, വൃദ്ധനും നിരാലംബനുമായ ഒരു വൈദികൻ എങ്ങിനെയാണ്‌ സ്വയം ഭൂമിക്ക് അനുഗ്രഹമായി മാറുക എന്നതിന്റ  നേർക്കാഴ്ചയാണ്‌  ഈ സിനിമ. തിരുക്കർമ്മങ്ങളെല്ലാം  അനേകനാളുകളായി മുടങ്ങിക്കിടക്കുന്ന, പരിത്യക്തമായ ഒരു പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു പഴകി ഒറ്റപ്പെട്ട വൈദിക ഭവനത്തിലാണ്  വയോധികനായ ഫാദർ ജേക്കബിന്റെ വാസം. ഒരു റൊട്ടി അല്പാല്പമായി മുറിച്ചു കഴിച്ചു ജീവിതം നില നിറുത്തുന്ന ഫാദർ ജേക്കബിന്റെ ജീവിതത്തിന്റെ പ്രധാന ചര്യ തനിക്കു വരുന്ന കത്തുകൾ വായിച്ച് അവർക്കായി പ്രാർത്ഥിക്കുകയും സമാശ്വാസകരമായ മറുപടികൾ നല്കുകയുമാണ്‌. കത്തെഴുതി കൊടുക്കാൻ ആളില്ലാതാകുന്ന ഒരവസരത്തിൽ അദ്ദേഹത്തെ സഹായിക്കാൻ ലൈല സ്റ്റീൻ എന്ന മാപ്പു ലഭിച്ച ജീവപര്യന്ത തടവുകാരി നിയുക്തയവുകയാണ്. ക്രുരനായ സഹോദരീഭർത്താവിനെ കുത്തിക്കൊന്ന കുറ്റത്തിന് ശിക്ഷ അനുഭവിച്ചു പോന്ന ബലിഷ്ടകായയായ ലൈലയുടെ മനസു മുഴുവൻ വെറുപ്പാണ്. മനസില്ലാമനസ്സോടെ   അവൾ അച്ഛന്റെ കത്തെഴുത്തുകാരിയാവുന്നു. തങ്ങളുടെ സ്വകാര്യസങ്കടങ്ങളും പ്രാർത്ഥനാനിയോഗങ്ങളും അച്ഛനെ എഴുതിയറിയിക്കുന്നവയാണ്  കത്തുകളിൽ ഭൂരിഭാഗവും. കൃത്യമായ ബൈബിൾ വചനം ഉദ്ദരിച്ച്‌ അച്ഛൻ പറഞ്ഞു കൊടുക്കുന്ന മറുപടികൾ ലൈല പകർത്തിയെഴുതുന്നു.

നിത്യേന ഫാദർ ജേക്കബിനുള്ള കത്തുകളുമായി സൈക്കിളിൽ എത്തുന്ന പോസ്റ്റ്മാൻ വൈകാതെ ലൈലയുടെ ശത്രുവാകുന്നു, കത്തെഴുത്ത് അവൾക്കു ബോറടിച്ചു തുടങ്ങി എന്നതു തന്നെ  കാരണം. ക്രമേണ വരുന്ന കത്തുകളെല്ലാം ഒളിപ്പിച്ചു വച്ച്,  ലൈല  കത്തുകൾ വന്നില്ല എന്ന് അച്ഛനോട് കളവു പറയുന്നു. ഒരുവേള പോസ്റ്റുമാനെ അവൾ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്യുന്നു. കത്തുകളില്ലാതാകുമ്പോൾ ജേക്കബ്‌ അച്ഛന്റെ നിലനിൽപു തന്നെ  ഒരു സമസ്യയായിത്തീരുന്നു. എവിടെയോ ഉള്ള വേദനിക്കുന്ന ജനങ്ങൾക്ക് സമാശ്വാസമാകുന്നതിലായിരുന്നു, അച്ഛൻ സായൂജ്യമടഞ്ഞിരുന്നത്. അതായിരുന്നു അദ്ദേഹത്തിന്‍റെ ജീവശക്തി. അച്ഛൻ ക്ഷീണിതനും ദുഖിതനും  ആയിത്തീരുന്നു.

മറുപടികൾ അയക്കാതയപ്പോൾ അച്ഛന് കത്തുകൾ വരാതായി . കത്തുകൾക്ക് പകരം രണ്ടു മാസികകൾ മാത്രം തപാലിലെത്തിയ ഒരു ദിവസം ലൈല മനസലിവു തോന്നി കത്തുകൾ വായിക്കാനെന്ന മട്ടിൽ അച്ഛനെ വിളിച്ചിരുത്തുന്നു. ഒരു കത്ത് അവൾ ഭാവനയിൽ സൃഷ്ടിച്ചു വായിക്കുന്നു. രണ്ടാമത്തെ കത്ത് വായിക്കാനാവശ്യപ്പെടുമ്പോൾ ലൈല പറയുന്നത് സ്വന്തം കഥയാണ്.  ചെറുപ്പകാലത്ത് തനിക്കുവേണ്ടി ശിക്ഷകൾ ഏറ്റുവാങ്ങിയിരുന്ന സഹോദരിയുടെ കഥ. പിന്നീട് ഭർത്താവിന്‍റെ പീഡനങ്ങളേറ്റ്  വാങ്ങി ജീവിച്ച ആ സഹോദരിയുടെ ദുര്യോഗം കണ്ടു സഹിക്ക വയ്യാതെ അയാളെ കുത്തിക്കൊന്ന കഥ. സഹോദരിയെ അനാഥയാക്കിയത്തിലുള്ള കുറ്റബോധം കൊണ്ട് ലൈല ആദ്യമായി തേങ്ങിക്കരയുന്നു. അവൾക്കു തന്നോട് ക്ഷമിക്കാനും പഴയത് പോലെ സ്നേഹിക്കാനും കഴിയില്ലെന്നാണ് ലൈല വിശ്വസിക്കുന്നത്. അതിനു ജേക്കബ്‌ അച്ഛൻ പറഞ്ഞ മറുപടി അവളെ വിസ്മയിപ്പിക്കുകയും വിമലീകരിക്കുകയും ചെയ്യുന്നു. ലൈല ജയിലിലായ നാൾ മുതൽ അവളുടെ സഹോദരി , ലൈലയ്ക്ക് വേണ്ടി പ്രാർത്തിക്കണമെന്ന്  അപേക്ഷിച്ച് കൊണ്ട് തനിക്കു നിരന്തരം കത്തെഴുതുമായിരുന്നത്രേ . അവളുടെ അപേക്ഷ പ്രകാരമാണ്   ജയിലധികാരികളോട്  അപേക്ഷിച്ച് ലൈലയുടെ ശിക്ഷ ഇളവു നേടിയതും അവളെ കത്തെഴുത്തുകാരിയായി കൂടെ കൂട്ടിയതും. സഹോദരി അവളോട്‌ എന്നേ ക്ഷമിച്ചു കഴിഞ്ഞെന്നും ഇപ്പോഴും സ്നേഹിക്കുന്നുവെന്നും അറിയുമ്പോൾ ലൈല പൊട്ടിക്കരയുന്നു.അവളുടെ കഠിന ഹൃദയം ആർദ്രമാകുന്നു. അച്ഛനെ അന്വേഷിച്ചു മുറിയിലെത്തുന്ന ലൈല കാണുന്നത്   ഒരു ബലി പോലെ ചേതനയറ്റുകിടക്കുന്ന ജേക്കബ്‌ അച്ഛന്‍റെ ശരീരമാണ് !

വൃദ്ധരും രോഗികളും  മനുഷ്യരുടെ മുന്നിൽ പ്രശംസാർഹാവുമായ എന്തെങ്കിലും ചെയ്യാൻ കഴിയാത്തവരുമായ സമർപ്പിതരെ കൊണ്ടു  എന്തു ഗുണം എന്ന ചോദ്യത്തിനു ഉത്തരമാണ് ഈ മനോഹര ചലച്ചിത്രം. ഹൃദയപൂർവ്വം  ദൈവത്തോടോത്ത്   വേദനിക്കുന്ന ആർക്കൊക്കെയൊ വേണ്ടി കുറിച്ചിടുന്ന വാക്കുകൾ ദൈവസന്നിധിയിൽ  വിലയുള്ള പ്രേഷിത ദൌത്യമാണെന്നുകൂടി  ഈ ചിത്രം ഓർമപ്പെടുത്തുന്നു.

 

ഇസാൻ ഫ്രാങ്ക്.

You must be logged in to post a comment Login