ദൈവകൃപയിലാശ്രയിച്ച് മാര്‍ ജോസഫ് കൊടകല്ലില്‍ അഭിഷിക്തനായി

ദൈവകൃപയിലാശ്രയിച്ച്  മാര്‍ ജോസഫ് കൊടകല്ലില്‍ അഭിഷിക്തനായി

imageabove_5792സാത്‌ന: എത്രയോ തവണ താന്‍ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച അള്‍ത്താരയില്‍ വച്ച്തന്നെ താന്‍ മെത്രാനായി അഭിഷിക്തനാകുമെന്ന് ഒരു പക്ഷേ ഫാ. ജോസഫ് കൊടകല്ലില്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. പക്ഷേ ദൈവം അദ്ദേഹത്തിന് വേണ്ടി ആ ദിവസം നേരത്തെ തയ്യാറാക്കിവച്ചിരുന്നു. ഇന്ന് ആയിരുന്നു ആ സുദിനം.
പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങള്‍ സാക്ഷി നില്‌ക്കെ പ്രിയപ്പെട്ടവരുടെ അനുഗ്രഹാശീര്‍വാദങ്ങള്‍ സ്വീകരിച്ചുകൊണ്ട് സീറോ മലബാര്‍ രൂപതയായ സാത്‌നായുടെ മൂന്നാമത്തെ മെത്രാനായി മാര്‍ ജോസഫ് കൊടകല്ലില്‍ അഭിഷിക്തനായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് വിന്‍സെന്റ് കത്തീ്ഡ്രലില്‍ നടന്ന മെത്രാഭിഷേക സ്ഥാനാരോഹണ ചടങ്ങുകളില്‍ ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, സത്‌ന രൂപത മുന്‍ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. നാഗ്പൂര്‍ ആര്‍ച്ച് ബിഷപ് ഡോ. എബ്രഹാം വിരുതുകുളങ്ങര സന്ദേശം നല്കി.
സെമിനാരി പഠനകാലത്തും പൗരോഹിത്യജീവിതത്തിലും മുഴുവന്‍ സമയവും സത്‌നയില്‍ തന്നെ ചെലവഴിച്ച മാര്‍ ജോസഫ് കൊടകല്ലിന് രൂപതയുടെ ഓരോ മണല്‍ത്തരിയും ഹൃദിസ്ഥം. ദൈവ കൃപയുടെ വഴികളിലൂടെ സഞ്ചരിച്ചതിന്റെ നന്ദിസൂചകമായി ദൈവകൃപയിലാശ്രയിച്ച് എന്നതാണ് ആപ്തവാക്യമായി ബിഷപ് കൊടകല്ലില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇടയശുശ്രൂഷ എന്നത് ശുശ്രൂഷിക്കാനുള്ള വിളിയാണ് എന്ന തിരിച്ചറിവ് ഇദ്ദേഹത്തിന്റെ വഴികളെ പ്രകാശമാനമാക്കുന്നു.
തന്റെ ഇതുവരെയുള്ള വഴികളില്‍ ഏറ്റവുമധികം കടപ്പാട് തോന്നിക്കുന്ന ഒരാള്‍ ജ്യേഷ്ഠനായ ഫാ. കുര്യാക്കോസ് കൊടകല്ലില്‍ ആണെന്ന് നവമെത്രാന്‍ പറയുന്നു. ഒരു മിഷനറി വൈദികനാകാന്‍ സാത്‌ന രൂപത നിര്‍ദ്ദേശിച്ചത് ചേട്ടനായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ എബ്രഹാം ഡി മറ്റം ഫാ. ജോസഫിനെ സാത്‌നയിലേക്ക് ക്ഷണിച്ചത്. മാര്‍ മറ്റത്തെയും രണ്ടാമത്തെ മെത്രാനായ മാര്‍ മാത്യു വാണിയക്കിഴക്കേലിനെയും നന്ദിയോടെ ഇദ്ദേഹം അനുസ്മരിക്കുന്നു.
മേലമ്പാറയിലെ ദീപ്തിഭവനിലായിരുന്നു സെമിനാരി പഠനം ആരംഭിച്ചത്. റാഞ്ചി, വടവാതൂര്‍ എന്നിവിടങ്ങളിലായിരുന്നു തുടര്‍ പഠനങ്ങള്‍. 1991 ഡിസംബര്‍ 31 നായിരുന്നു പൗരോഹിത്യസ്വീകരണം.
റീവായില്‍ മൂന്നുവര്‍ഷം ഇടവകവികാരി, സാത്‌നാ മൈനര്‍ സെമിനാരി റെക്ടര്‍, സാത്‌ന സെന്റ് എഫ്രേംസ് മേജര്‍ സെമിനാരിയില്‍ അധ്യാപകന്‍, രൂപതയുടെ വികാരിജനറാള്‍, സെന്റ് വിന്‍സെന്റ് കത്തീഡ്രല്‍ വികാരി എന്നിവ ഇദ്ദേഹം അലങ്കരിച്ച ചില സ്ഥാനങ്ങള്‍ മാത്രം.
1968 ലാണ് സത്‌ന രൂപത സ്ഥാപിതമായത്. മധ്യപ്രദേശിലെ സാത്‌ന, റീവ, സീഥി, പന്ന, ചന്ദ്രപ്പൂര്‍, ടിക്കണ്‍ഗ്, സിംഗറോളി എന്നീ ഏഴു ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് രൂപത. ഒമ്പത് ഇടവകകളും പത്തു മിഷന്‍ സ്റ്റേഷനുകളും 15 സബ് സ്റ്റേഷനുകളുമുണ്ട്. മൂവായിരത്തിലധികം വിശ്വാസികള്‍ക്ക് വേണ്ടി 65 വൈദികര്‍ സേവനം ചെയ്യുന്നു. ഇതില്‍ 52 പേര്‍ രൂപത വൈദികരാണ്.
1965 ഡിസംബര്‍ 18 ന് കോതമംഗലം രൂപതയിലെ പോത്താനി്ക്കാട് ഇടവകയിലാണ് മാര്‍ ജോസഫ് കൊടകല്ലിലിന്റെ ജനനം.

You must be logged in to post a comment Login