ദൈവത്തിന്റെ കുഞ്ഞാടിനൊപ്പം പ്രത്യക്ഷപ്പെട്ട ക്‌നോക്കിലെ മാതാവ്‌

ദൈവത്തിന്റെ കുഞ്ഞാടിനൊപ്പം പ്രത്യക്ഷപ്പെട്ട ക്‌നോക്കിലെ മാതാവ്‌

ക്‌നോക്ക്: 1879.

ഐര്‍ലന്റിലെ ക്‌നോക്ക് എന്ന ഗ്രാമം. അന്നൊരു ഓഗസ്റ്റ് മാസമായിരുന്നു. സമയം രാത്രി 8മണി. പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. സ്‌നാപകയോഹന്നാന്റെ ദേവാലയത്തിനു വെളിയില്‍ 6 മുതല്‍ 75 വയസ്സു വരെ പ്രായമുള്ള 15 ആളുകള്‍ ഒത്തുകൂടിയിരുന്നു. പെട്ടന്നാണ് ദേവാലയത്തിന്റെ പുറത്തെ ഭിത്തിക്ക് എതിരായി എന്തോ സംഭവിച്ചത്.

അവര്‍ക്കു മുന്‍പില്‍ മാതാവ് പ്രത്യക്ഷപ്പെടുകയായിരുന്നു. നിലത്തുനിന്നും ഏതാനും ഉയരത്തിലായി  കൈവിരിച്ചു നില്‍ക്കുന്ന മാതാവാണ് അവര്‍ക്ക് വെളിപ്പെട്ടത്. ആ മാതാവിന്റെ
തലയില്‍ കിരീടമുണ്ടായിരുന്നു. അതോടൊപ്പം അവളുടെ ഇടതു വശത്തായി യൗസേപ്പിതാവും വലതു വശത്ത് യോഹന്നാനും സ്ഥാനം പിടിച്ചിരുന്നു. യോഹന്നാന്റെ തലയിലാവട്ടെ
മാര്‍പാപ്പയും ബിഷപ്പുമാരും വയ്ക്കുന്ന രീതിയിലുള്ള വലിയ തൊപ്പിയുമുണ്ടായിരുന്നു. അവരുടെ സമീപത്തായി ഒരള്‍ത്താരയും അതിന്റെ മുകളിലൊരു കുഞ്ഞാടിനെയും
അവര്‍ കണ്ടിരുന്നു. അവര്‍ കണ്ട അള്‍ത്താരയ്ക്കു ചുറ്റും മലാഖമാര്‍ വലയം ചെയ്യുന്നുണ്ടായിരുന്നു.

ഇതിനെല്ലാം സാക്ഷിയായവരാകട്ടെ കനത്ത മഴയെ അവഗണിച്ച് അവര്‍ ചൊല്ലിക്കൊണ്ടിരുന്ന
ജപമാല അവസാനിപ്പിക്കാതെ ചൊല്ലുവാന്‍ തുടങ്ങി. അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട്
മാതാവ് പ്രത്യക്ഷപ്പെട്ടിരുന്ന സ്ഥലം മാത്രം നനഞ്ഞിരുന്നില്ല. സൂര്യന്‍ അസ്തമിച്ചിരുന്നുവെങ്കിലും അവര്‍ക്ക് മാതാവിന്റെ ദര്‍ശനം നല്ല വെളിച്ചത്തില്‍ കാണാന്‍ സാധിക്കുമായിരുന്നു. രണ്ടു മണിക്കൂര്‍ അവര്‍ക്ക് ദര്‍ശനം നല്‍കിയതിനു ശേഷം മാതാവ് അപ്രത്യക്ഷയായി. മഴപെയ്ത് അതുവരെ നനയാതിരുന്ന സ്ഥലം മാതാവ് അപ്രത്യക്ഷയായ ഉടന്‍തന്നെ നനയുകയും ചെയ്തു.

 

നീതു മെറിന്‍

You must be logged in to post a comment Login