ദൈവത്തിന് അസൂയയുണ്ടോ?

തന്നെക്കാള്‍ കൂടുതലായി പിതാവിനെയോ മാതാവിനെയോ മക്കളെയോ ജീവിതപങ്കാളിയെയോ സ്‌നേഹിക്കരുതെന്ന് ദൈവം പറയുന്നത് എന്തുകൊണ്ടായിരിക്കാം? മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കണമെന്ന് ആവശ്യപ്പെടുന്ന ദൈവം ഇങ്ങനെയും പറയുന്നതിന്റെ കാരണമെന്താവും? ദൈവം അസഹിഷ്ണുവോ അസൂയാലുവോ ആയതുകൊണ്ടാണോ അങ്ങനെ പറയുന്നത്?

അങ്ങനെ കരുതിയിരുന്നു. പക്ഷേ സത്യത്തില്‍ അതല്ല. നമ്മള്‍ പലപ്പോഴും കൂടുതലായി സ്‌നേഹിക്കുന്നത് വ്യക്തികളെയാണ്. എന്നാല്‍ നമ്മുടെ സ്‌നേഹത്തിന് ഏറ്റക്കുറച്ചിലുകളുണ്ട്. അതുകൊണ്ട് കിട്ടുന്ന സ്‌നേഹത്തിനും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. തന്മൂലം സ്‌നേഹത്തിന്റ പേരില്‍ നാം കലഹിക്കുന്നു..വില പേശുന്നു.. സ്‌നേഹം കിട്ടാതെ വരുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നു..ജീവിതത്തിന്റെ അര്‍ത്ഥം തന്നെ ചോദ്യം ചെയ്യപ്പെടുന്നു.

എന്നാല്‍ സ്‌നേഹത്തിന്റെ കാര്യത്തില്‍ നാം ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുമ്പോഴോ.. അവിടെ വിലപേശലുകളില്ല. കൊടുത്ത സ്‌നേഹത്തെയോര്‍ത്തുള്ള മേനി നടിക്കലുകളില്ല. കാരണം നാം എത്രയധികം സ്‌നേഹിച്ചാലും ദൈവത്തിന്റെ സ്‌നേഹത്തിന് അതൊരിക്കലും തുല്യമാകുന്നില്ല. സ്‌നേഹത്തില്‍ നമ്മുക്ക് തോല്പിക്കാനാവാത്തത് ദൈവത്തെ മാത്രമേയുള്ളൂ. സ്‌നേഹത്തിന്റെ പേര്‍ പരസ്പരം കശപിശകള്‍ ഉണ്ടാകാതിരിക്കാനും മനസ്സ് അസ്വസ്ഥമാകാതിരിക്കാനുമാണ് തന്നെക്കാള്‍ കൂടുതലായി ആരെയും സ്‌നേഹിക്കരുതെന്ന് ദൈവം ഓര്‍മ്മിപ്പിക്കുന്നത്.

മാനുഷികമായ എല്ലാ സ്‌നേഹത്തിനും പരിമിതികളുണ്ട്..സ്വാര്‍ത്ഥതകളുണ്ട്.. ബലഹീനതകളുണ്ട..കുറവുകളുമുണ്ട്..പക്ഷേ ദൈവത്തിന്റെ സ്‌നേഹത്തിന് അതൊന്നും ഇല്ല.. അല്ലെങ്കില്‍ ദൈവത്തിന്റെ ചിന്തയില്‍ വരാന്‍ പോലും മനുഷ്യന് എന്താണ് യോഗ്യത?

എന്നാല്‍ നാം മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്..ദൈവം നമ്മെ സ്‌നേഹിക്കുന്നുവെന്ന് പോലും നാം തിരിച്ചറിയാറില്ല. ആ സ്‌നേഹത്തിന് നാം തെല്ലും വില കല്പിക്കാറുമില്ല. എത്രയോ അപമാനങ്ങളില്‍ നിന്നും വേദനകളില്‍ നിന്നുമാണ് ദൈവം നമ്മെ സ്‌നേഹത്തോടെ രക്ഷിച്ചിട്ടുളളത്.. ഓരോ അനുഭവങ്ങളെയും മനസ്സില്‍ അടര്‍ത്തിയെടുത്ത് ചിന്തിച്ചുനോക്കൂ..

ഓരോ അനുഭവവും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായും കൂടുതലായും ദൈവം എന്നെ കൂടുതല്‍ സ്‌നേഹിച്ചു എന്ന് പറയാന്‍ കഴിയുന്നവയല്ലേ? എ്ന്നിട്ടും എന്തുകൊണ്ടാണ് ദൈവസ്‌നേഹത്തിന് നാം പുറംതിരിഞ്ഞുനില്ക്കുന്നത്..

ദൈവമേ നീയെന്നോട് ക്ഷമിക്കുക… നിന്റെ സ്‌നേഹത്തെക്കാള്‍ കൂടുതലായി മറ്റുള്ളവരുടെ സ്‌നേഹത്തിന് പുറകെ പോയ എല്ലാ നിമിഷങ്ങളെയുമോര്‍ത്ത് നീയെന്നോട് ക്ഷമിക്കണമേ

You must be logged in to post a comment Login