ദൈവത്തെക്കൂടാതെ ഞാന്‍ ഒന്നുമല്ല: ടൈസന്‍ ഫ്യൂരി

‘ഈ വിജയം എന്റേതല്ല, ദൈവത്തിന്റേതാണ്’, പറയുന്നത് ബ്രിട്ടീഷുകാരനായ ലോക ഹെവി വെയിറ്റ് ബോക്‌സിങ് ചാമ്പ്യന്‍ ടൈസന്‍ ഫ്യൂരിയാണ്. ദൈവത്തിന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് തനിക്ക് നിലവിലെ ലോകചാമ്പ്യന്‍ വ്‌ളാഡിമിര്‍ കിഷ്‌കോയെ പരാജയപ്പെടുത്താന്‍ സാധിച്ചതെന്നാണ് മത്സരശേഷം ടൈസന്‍ ഫ്യൂരി പറഞ്ഞത്.

‘ഞാന്‍ എന്റെ അറിവുകളുപയോഗിച്ചു, എന്റെ കഴിവ് ഉപയോഗിച്ചു, പക്ഷേ അന്തിമ വിജയം ദൈവത്തിന്റേതായിരുന്നു. എന്റെ ശക്തി തന്നെയായ ദൈവമാണ് മത്സരത്തില്‍ എന്നെ വിജയിപ്പിച്ചത്. ആ ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു’, ടൈസന്‍ ഫ്യൂരി സാക്ഷ്യപ്പെടുത്തി.

കിഷ്‌കോ ലോകചാമ്പ്യന്‍ പട്ടം നിലനിര്‍ത്തും എന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിയ അട്ടിമറി വിജയമാണ് ടൈസന്‍ സ്വന്തമാക്കിയത്. ദൈവം കൂടെയുണ്ടെന്നുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തെ നയിച്ചത്. വിജയമായാലും പരാജയമായാലും അതേറ്റുവാങ്ങാന്‍ ടൈസന്‍ ഒരുക്കവുമായിരുന്നു.

ഇടിക്കൂട്ടിലെ സിംഹക്കുട്ടിയായി വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും എളിമയുള്ളതായിരുന്നു ടൈസന്‍ ഫ്യൂരിയുടെ വാക്കുകള്‍. തന്റെ വിജയം ദൈവമഹത്വത്തിനായി സമര്‍പ്പിക്കുന്നു എന്നാണ് ടൈസന്‍ പറഞ്ഞത്. പോയകാലത്തില്‍ ദൈവം പരിപാലിച്ചു വഴിനടത്തിയ അവസരങ്ങളും ടൈസന്‍ ഓര്‍ത്തു. മകന് ഗുരുതരമായ രോഗം പിടിപെട്ടപ്പോഴും രണ്ടാമതൊരു കുട്ടി ഉണ്ടാകാന്‍ വൈകിയപ്പോഴും ദൈവം അത്ഭുതകരമായി ഇടപെട്ടതായി അദ്ദേഹം അനുസ്മരിച്ചു.

You must be logged in to post a comment Login