ദൈവത്തെ വില്ക്കുന്ന ഇടങ്ങള്‍

ദൈവത്തെ വില്ക്കുന്ന ഇടങ്ങള്‍

coinsസിംഹക്കുട്ടികള്‍ ഇരകിട്ടാതെ വലഞ്ഞേക്കാം.എങ്കിലും ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല എന്നാണ് ദൈവവചനം. പക്ഷേ ഒരു സംശയം. എന്തിനാണ് ദൈവത്തെ അന്വേഷിക്കുന്നത്?

ദൈവത്തെ അന്വേഷിക്കുന്നതില്‍ നമുക്ക് കൃത്യമായ ചില ടാര്‍ജറ്റുകള്‍ ഒക്കെ ഉണ്ട് എങ്കില്‍ നമ്മുടെ ദൈവാന്വേഷണങ്ങള്‍ ശരിയായ വഴിക്കല്ല നീങ്ങുന്നത് എന്ന് പറയേണ്ടിവരും. സ്വര്‍ഗ്ഗത്തെ പ്രതിയാണ് ദൈവത്തെ സ്‌നേഹിക്കുന്നതെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ എനിക്ക് മുമ്പില്‍ അടച്ചിടുക എന്നെല്ലാം വിശുദ്ധര്‍ പറയുന്നതിന്റെ ആഴങ്ങള്‍ നാം മനസ്സിലാക്കാതെ പോകരുത്.

ഇന്ന് ആത്മീയരംഗത്ത് ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്ന പ്രവണത , ആത്മീയരംഗത്തെ ചില പ്രമുഖരെങ്കിലും പിന്തുടരുന്ന പ്രവണത ധനസമ്പാദനത്തിന് വേണ്ടി ദൈവത്തെ അന്വേഷി്ക്കുന്നതാണ്. ശമ്പളത്തിന് വേണ്ടി ജോലി ചെയ്യുന്ന ലൗകികരെപ്പോലെ പണത്തിന് വേണ്ടി ദൈവത്തെ വില്ക്കാന്‍ തയ്യാറാകുന്നവരുടെ എണ്ണം നമുക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നു.

അതുപോലെ കണ്ടുവരുന്ന അപകടകരമായ പ്രവണതയാണ് സമൃദ്ധിയുടെ സുവിശേഷം മാത്രം പ്രഘോഷിക്കപ്പെടുന്നതും. സഹനത്തെയും സ്‌നേഹത്തെയും കരുണയെയും ത്യാഗത്തെയും മാറ്റിനിര്‍ത്തി പറയപ്പെടുന്ന വചനപ്രഘോഷണങ്ങള്‍ ക്രിസ്തീയമല്ല. ക്രിസ്തുവിന്റെ ജീവിതശൈലിയില്‍ എല്ലാം കലര്‍ന്നിട്ടുണ്ടായിരുന്നു. എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു അവിടുത്തെ വചനരീതികള്‍.

ദൈവത്തില്‍ വിശ്വസിപ്പിക്കുന്നതിനായി ക്രിസ്തു അടയാളങ്ങളും അത്ഭുതങ്ങളും രോഗശാന്തികളും നടത്തിയിട്ടുണ്ട്. പക്ഷേ അത്ഭുതങ്ങളും അടയാളങ്ങളും മാത്രമാകരുത് ദൈവത്തെ അന്വേഷിക്കുന്നതിനുള്ള നമ്മുടെ കാരണങ്ങള്‍. വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇവ ഒരു പരിധി വരെ പ്രയോജനം ചെയ്യുമെങ്കിലും അതില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ട് ചിലപ്പോഴെങ്കിലും നമ്മുടെ ശുശ്രൂഷകള്‍.

രോഗശാന്തിശുശ്രൂഷയുടെ പേരില്‍ തലവേദന മാറുന്നതിന് ഇത്ര രൂപയെന്നും കാന്‍സര്‍ മാറുന്നതിന് ഇത്ര രൂപയെന്നും മട്ടിലുള്ള നിരക്കുകളും വചനപ്രഘോഷകരില്‍ ചിലരെങ്കിലും അനുവര്‍ത്തിക്കുന്നതായും പറഞ്ഞു കേള്‍ക്കുന്നു. ദൈവത്തെ വില്ക്കുന്നതിന് തുല്യമല്ലേ ഇത്?

ധനസമ്പാദനത്തിനായി ദൈവത്തെ വില്ക്കാന്‍ തയ്യാറാകുമ്പോള്‍ സംഭവിച്ചുപോകുന്ന ഒരു ദുരന്തമുണ്ട്. ദൈവം നല്കിയ അഭിഷേകം ചോര്‍ന്നുപോകും. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അഭിഷേകം ചോര്‍ന്നുപോയത് അഭിഷേകം ചെയ്യപ്പെട്ടവര്‍ അറിയാറുമില്ല. സാവൂളിന് സംഭവിച്ചത് അതാണല്ലോ.

ധനമോഹമാണ് പല തിന്മകളുടെയും അടിസ്ഥാനമെന്നും തിരുവചനം പറയുന്നുണ്ട്. അഭിഷേകമുള്ള പല ശുശ്രൂഷകരും ചാരം കെട്ട തീ പോലെ ഇന്ന് ആയിരിക്കുന്നതിന്റെ പിന്നിലെ കാരണവും അവര്‍ സമ്പത്തിന് അമിതമായ പ്രാധാന്യം നല്കിയതാണ്.

ധനം നമുക്കാവശ്യമാണ്. എന്നാല്‍ ധനം മാത്രമാകരുത് നമ്മുടെ ലക്ഷ്യം. നിര്‍വാജ്യമായ മനസ്സോടും നിഷ്‌ക്കളങ്കമായ ഹൃദയത്തോടും കൂടി നമുക്ക് ദൈവത്തെ അന്വേഷിക്കുന്നവരാകാം.അപ്പോള്‍ മാത്രമേ നമുക്ക് ഒന്നിനും കുറവുണ്ടാകാതിരിക്കുകയുള്ളൂ.

പണമോ പ്രശസ്തിയോ സുഖസൗകര്യങ്ങളോ മാത്രം പോരല്ലോ അഭിഷേകവും വേണമല്ലോ സുവിശേഷപ്രഘോഷകര്‍ക്ക്?

You must be logged in to post a comment Login