ദൈവദാസന്‍ മാര്‍ കാവുകാട്ടിന്റെ നാമകരണനടപടികള്‍ അതിരൂപതാതലത്തില്‍ സമാപിച്ചു

ദൈവദാസന്‍ മാര്‍ കാവുകാട്ടിന്റെ നാമകരണനടപടികള്‍ അതിരൂപതാതലത്തില്‍ സമാപിച്ചു

ചങ്ങനാശേരി: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ നാമകരണനടപടികളുടെ ചങ്ങനാശേരി അതിരൂപതാതല സമാപനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്നു. കൃതജ്ഞതാബലിയിലും സമ്മേളത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

ദൈവദാസന്‍ മാര്‍ കാവുകാട്ട് വൈകാതെ ധന്യപദവിയിലും വാഴ്ത്തപ്പെട്ടവരുടെ നിരയിലും തുടര്‍ന്ന് വിശുദ്ധ പദവിയിലും എത്തിച്ചേരുമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അതിരൂപതാ നാമകരണ നടപടികള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. മാര്‍ കാവുകാട്ടിന്റെ നാമകരണ നടപടികളുടെ അതിരൂപതാതല ജോലികളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണെ്ടന്ന് പോസ്റ്റുലേറ്റര്‍ റവ.ഡോ.മാത്യു മഠത്തിക്കുന്നേല്‍ പറഞ്ഞു.

നാമകരണ നടപടികളുടെ പ്രത്യേക ചുമതലകള്‍ നിര്‍വഹിച്ച ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പോസ്റ്റുലേറ്റര്‍ റവ.ഡോ. മാത്യു മഠത്തിക്കുന്നേല്‍, വൈസ് പോസ്റ്റുലേറ്റര്‍മാരായ ഫാ. മാത്യു മറ്റം, സിസ്റ്റര്‍ ജയിന്‍ കൊട്ടാരം, എപ്പിസ്‌കോപ്പല്‍ ഡെലഗേറ്റ് റവ.ഡോ ജോസഫ് നടുവിലേഴം, പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ് മോണ്‍.ജോസഫ് മുണ്ടകത്തില്‍ തുടങ്ങിയവര്‍ പ്രതിജ്ഞ ചൊല്ലി ദൗത്യം സത്യസന്ധമായി പൂര്‍ത്തിയാക്കിയെന്നും പ്രഖ്യാപിച്ചു.

ഇവിടെ തയാറാക്കിയ ഡോക്കുമെന്റുകള്‍ വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുള്ള കാര്യാലയത്തിലെത്തിച്ച് അവിടെ പഠനം നടത്തിയാണ് ധന്യപദവി പ്രഖ്യാപനം നടത്തുന്നത്.

You must be logged in to post a comment Login