ദൈവമേ,വലിയ തുക ദശാംശം കൊടുക്കാന്‍ “എന്നെ” വലിയൊരു ലോട്ടറി അടിക്കണമേ!

ദൈവമേ,വലിയ തുക ദശാംശം കൊടുക്കാന്‍ “എന്നെ” വലിയൊരു ലോട്ടറി അടിക്കണമേ!

Currency_1728545gഏതാനും ആഴ്ച്ചകളായി യൂറ്റൂബില്‍ പ്രചരിക്കുന്ന ഒരു മലയാളം വീഡിയോ കാണുവാനിടയായി മലയാളി വൈദികര്‍ നടത്തുന്ന ഒരു ധ്യാനകേന്ദ്രം ഒരിടവകയില്‍ നടത്തിയ കണ്‍വന്‍ഷനിലെ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും വീഡിയോയാണത്.

വിശ്വാസികളുടെ വരുമാനത്തിന്റെ പത്തിലൊന്ന് വചന ശുശ്രൂഷയ്ക്കും മറ്റും കൊടുക്കണമെന്നും ധ്യാനകേന്ദ്രം പുറത്തിറക്കുന്ന പുസ്തകങ്ങളും മാസികകളും വാങ്ങി വിതരണം ചെയ്യണമെന്നും സ്‌തോത്രകാഴ്ച്ചയിടണമെന്നുമൊക്കെ ധ്യാനഗുരു ആരാധനാ സമയത്ത് വിളിച്ചു പറയുകയാണ്. അങ്ങനെയൊക്കെ ചെയ്താല്‍ ഒരു വര്‍ഷം കൊണ്ട് നിങ്ങളുടെ പ്രശ്‌നങ്ങള്‍ മാറി സമ്പന്നരാകുമെന്നു പറഞ്ഞ് പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്യുന്നു. ദശാംശം കൊടുത്ത് അങ്ങയെ ആരാധിക്കേണ്ടതിന് എന്നെ സമ്പന്നനാക്കണമെ എന്ന പ്രാര്‍ത്ഥന അച്ചന്‍ ചൊല്ലിക്കൊടുക്കുന്നു വിശ്വാസികള്‍ ഏറ്റുചൊല്ലുന്നു.

 

ഈ  പ്രാര്‍ത്ഥന മനുഷ്യാവതാരത്തെയും ദൈവത്തിന്റെ പദ്ധതിയെയും തെറ്റായി വ്യഖ്യാനിക്കലായിട്ടേ കാണാനാകു. വിധവ നേര്‍ച്ചയിട്ട കുഞ്ഞുകാശ്, സമ്പത്ത് എവിടെയോ നിങ്ങളുടെ ഹൃദയവും അവിടെയായിരിക്കും എന്നു പറഞ്ഞ് പഠിപ്പിച്ച യേശു, ദൈവത്തേയും പണത്തേയും ഒരുപോലെ ആരാധിക്കാനാവില്ല എന്നു പറഞ്ഞ യേശുവിന്റെ വാക്കുകള്‍, ഇതൊക്കെ നിലനില്‍ക്കുമ്പോള്‍, ഈ കര്‍ത്താവിനെയാണോ ഇത്തരം വൈദികര്‍ വിശ്വാസികള്‍ക്കു ഈ വിധം പരിചയപ്പെടുത്തുന്നത്?!
ധ്യാനങ്ങള്‍ നടത്തി അലഞ്ഞു നടന്നിരുന്ന സന്യാസ വൈദികരാണ് ഒരു കാലത്തുണ്ടായിരുന്നത്. ധ്യാനകേന്ദ്രങ്ങള്‍ വലിയ വരുമാനത്തിനിട നല്‍കും എന്നു കണ്ടെത്തുകയും അതുവഴി സമ്പന്നരായി മാറിയതും വീണ്ടും സമ്പത്തിനായി ദാഹിക്കുന്നതും പുതിയ തലമുറയിലെ വൈദികരാണ്. ഇതു വലിയ എതിര്‍സാക്ഷ്യമാണ് നല്‍കുന്നത്. ധ്യാനകേന്ദ്രങ്ങളിലൂടെ മാത്രമല്ല പുതിയ പുതിയ നൊവേന പ്രസ്ഥാനങ്ങള്‍ ആരംഭിച്ചുകൊണ്ടും സമ്പത്ത് വാരിക്കൂട്ടുന്ന വൈദികരുണ്ട്. ഇവിടെയെല്ലാം പ്രഘോഷിക്കുന്നത്, നിങ്ങള്‍ കൊടുത്താല്‍ നിങ്ങള്‍ക്ക് എന്നെങ്കിലും കിട്ടും എന്നാണ്. ലോട്ടറി കച്ചവടക്കാരന്‍ പറയുന്നത് ഇന്ന് എടുത്താല്‍ നാളെകിട്ടും എന്നാണ്. ധ്യാനഗുരു പറയുന്നു ഒരു വര്‍ഷം ദശാംശം കൊടുത്താല്‍ നിങ്ങള്‍ സമ്പന്നരാകും എന്ന്. നൊവേനക്കാരന്‍ പറയുന്നത് ഒമ്പത് ആഴ്ച്ചവന്ന് നേര്‍ച്ചയിട്ടു പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ്. ഈ രീതിയില്‍ പ്രാര്‍ത്ഥിക്കാനും സമ്പന്നരാകാനും ഇന്നത്തെ ചെറുപ്പക്കാരെ കിട്ടില്ല ചിന്തിക്കുന്ന അവരില്‍ നിന്നും വിശ്വാസംതന്നെ ഒഴിഞ്ഞുപോകാനും ഈ പ്രവര്‍ത്തികള്‍മൂലം ഇടയാകും.
മാര്‍പാപ്പ പറഞ്ഞതുപോലെ ഇത്തരക്കാര്‍ ദൈവത്തെ മാജിക്കുകാരനാക്കുകയാണ്. പണത്തിന്റെ ഈ “വിശേഷം” പ്രചരിപ്പിക്കുന്ന വൈദികരെ നിലയ്ക്കുനിര്‍ത്താന്‍ മെത്രാന്മാര്‍ പോലും അശക്തരായിരിക്കുന്നു എന്നുതോന്നുന്നു. സമ്പത്തിട്ടു കളിക്കുന്ന വൈദികരെ ആര്‍ക്കും നിയന്ത്രിക്കാനാവാതെ വന്നിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കി സമ്പന്നരായ സന്യാസ സന്യാസിനീ സഭകള്‍ ഇവിടെ ഏറെയുണ്ട്. സഭയുടെ പേരില്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കാപ്പിറ്റേഷന്‍ ഫീസ് വാങ്ങരുതെന്ന് വലിയ മെത്രാപോലീത്ത മാര്‍ വര്‍ക്കിവിതയത്തില്‍ ആവശ്യപ്പെട്ടിട്ട് കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന സന്യാസ സന്യാസിനികള്‍ അത് കേട്ടതായി പോലും ഭാവിച്ചില്ല എന്ന ചരിത്രം ഇവിടെയുണ്ട്.
വലിയ വരുമാനം ഉള്ളവര്‍ക്ക് രണ്ട് അക്കൗണ്ട് വേണമെന്നാണ് ധ്യാനഗുരു നിര്‍ദ്ദേശിക്കുന്നത് ഒന്ന് നിങ്ങളുടെ ആവശ്യത്തിനുള്ളതും മറ്റേത് ശതമാനം നിക്ഷേപിക്കാനുള്ളതും. ശതമാനത്തിന്റെ അകൗണ്ട് ധ്യാനഗുരു ഓപ്പറേറ്റ് ചെയ്തുകൊള്ളാം എന്ന് അടുത്ത കണ്‍വന്‍ഷനില്‍ പറയാതിരിക്കില്ല.
വചന പ്രഘോഷണത്തിന് പണം ആവശ്യമാണെന്നും അത് നിര്‍വ്വഹിക്കേണ്ടത് വചനം ശ്രവിക്കുന്നവരായിരിക്കണമെന്നും അറിയാത്തവരല്ല ഇവിടുത്തെ ക്രിസ്ത്യാനികള്‍ അവര്‍ നന്നായി പണം കൊടുക്കുന്നുമുണ്ട്. പിന്നെ എന്തിന് നനയുന്നിടം കുഴിക്കുന്ന പണി ഈ ഗുരുക്കന്മാര്‍ നടത്തുന്നു? ജനങ്ങള്‍ക്ക് തെറ്റായ മോഹങ്ങള്‍ കൊടുത്ത് അവരുടെ പോക്കറ്റടിക്കുന്നു? ഇതാണ് ചോദ്യം.
ശാസ്ത്രീയമായും അല്ലാതെയും ദൈവത്തിന്റെ ആസ്തിത്വം വിശകലനം ചെയ്തു പഠിച്ചിട്ടു വരുന്ന വൈദികര്‍ സത്യത്തിനു നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് വിശ്വാസികളെ പറ്റിക്കുന്നത് അവസാനിപ്പിക്കണം. നിങ്ങള്‍ ഞങ്ങള്‍ക്കു പണം തന്നാല്‍ അതിന്റെ പതിന്മടങ്ങ് വേറൊരാള്‍ നിങ്ങള്‍ക്കുതരും എന്നു പറയുന്ന വൈദികന്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടെന്നതാണ് വസ്തുത. മാജിക്കുകാരന്‍പോലും അപ്പോള്‍തന്നെ കാണികളെ തൃപ്തിപ്പെടുത്തുന്നുണ്ട്. കൊടുത്താല്‍ എവിടെനിന്നു കിട്ടും എന്ന ഒരു സ്ഥലം കൃത്യമായി പറയാതെ ദൈവം തരുമെന്ന് പറഞ്ഞിട്ട്, കിട്ടിയില്ലന്നു ആരെങ്കിലും പരാതി പറഞ്ഞാല്‍, അത് നീ കൊടുത്തത് പോരാഞ്ഞിട്ടാണെന്ന് പറഞ്ഞ് അച്ചന് രക്ഷ പെടുകയും ചെയ്യാം.
എന്തെന്നാല്‍ അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനം കഴിക്കുവാന്‍ അത് അവന് പ്രോത്സാഹനമാകുകയില്ലേ? അങ്ങനെ നിന്റെ അറിവ് ക്രിസ്തുവിന്റെ മരണത്തിന്റേതായ ഫലം ലഭിക്കേണ്ട ആ ബലഹീനസഹോദരനു നാശകാരണമായിത്തീരുന്നു. (1കൊറിന്തോസ് 8/10-11)
അറിവുള്ളവനായ ധ്യാനഗുരു പണത്തോടു ഇത്ര ആക്രാന്തംകാണിച്ചാല്‍ മറ്റുമനുഷ്യരും അങ്ങനെകാണിക്കുമെന്നും, ദൈവം മനുഷ്യനാകുകയും പീഡസഹിക്കുകയും മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്തത് ആര്‍ക്കു വേണ്ടിയാണോ ആ സഹോദരങ്ങള്‍ക്കു നാശകാരണമാകും എന്ന് ധ്യാന ഗുരുക്കന്മാരെ പൗലോസ് ശ്ലീഹാ ഓര്‍മ്മപ്പെടുത്തുകയാണിവിടെ.
നൊവേനകള്‍ പോലുള്ള ഭക്ത അഭ്യാസങ്ങളും ധ്യാനങ്ങളും ഒക്കെ വിശ്വാസജീവിതയാത്രയില്‍ സഹായകരമാണ്. അതൊക്കെ ദുര്‍ബലരെ ചൂഷണം ചെയ്യുന്ന മാധ്യമമാകുമ്പോള്‍ വിമര്‍ശന വിധേയമാകും. മാത്രമല്ല ക്രൈസ്തവ ജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്ക് പ്രവേശിക്കാന്‍ ഭക്തപ്രസ്ഥാനങ്ങളുടെ അമിതമായ ആരവം തടസ്സമാകുകയും ചെയ്യും. വി: അമ്മത്യേസ്യായേപോലെയും കുരിശിലെ യോഹന്നാനെപ്പോലെയും അല്‍ഫോന്‍സാമ്മയെപോലെയുമൊക്കെ ജീവിച്ചുതീരേണ്ട മനുഷ്യരെയാണ് നൊവേന പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും സൗജന്യശുശ്രൂഷകരാക്കിയും ആശ്രിതരാക്കിയും തളച്ചിടുന്നത്. കാലത്തിന്റെ പൂര്‍ണ്ണതയില്‍ യഥാര്‍ത്ഥ വിശ്വാസത്തിലെത്തി ഇവിടം കടന്നു പോകേണ്ടവരാണ് വിശ്വാസികള്‍. ക്രിസ്തുവിന്റെ വചനത്തിന്റെ ബാല പാഠങ്ങള്‍ വിട്ട് എന്നാണിനി ഇവരെ പക്വതയിലേക്കു വളര്‍ത്തുക! (ഹെബ്രായര്‍- 6:1) ഗുരുവായ ഭക്ഷണം ആര് ഇവര്‍ക്കു കൊടുത്തുതുടങ്ങും?(കൊറി 3.2)
ഞാന്‍ പ്രാര്‍ത്ഥിച്ചിട്ട് ഒത്തിരി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട് മരിച്ച ആള്‍മാത്രം ജീവിച്ചിട്ടില്ല മൃതശരീരംവെച്ച് ഞാന്‍ ഇതുവരെ പ്രാര്‍ത്ഥിച്ചിട്ടില്ല, അതാണതിനു കാരണം. ഇത് കേരളത്തിലെ പ്രശസ്തമായ ധ്യാനകേന്ദ്രത്തിലെ വൈദികന്‍ ഒരു കണ്‍വന്‍ഷനില്‍ പറഞ്ഞത് ഈയുള്ളോന്‍ കേട്ടതാണ്. ഇത്തരം വര്‍ത്തമാനം പറയാനുള്ള ചങ്കൂറ്റം സ്വാര്‍ത്ഥതയില്‍ നിന്നും ലഭിക്കുന്ന അമിത സമ്പത്തും അഹങ്കാരവും മൂലമാണ്.
കരിസ്മാറ്റിക്ക് ധ്യാനങ്ങളുടെ തുടക്കത്തില്‍, സ്‌നേഹവാനായ ദൈവത്തിന്റെ സ്‌നേഹം ആര്‍ജിച്ച് എല്ലാവരെയും സ്‌നേഹിക്കാനായിരുന്നു ഞങ്ങളെ പരിശീലിപ്പിച്ചിരുന്നത്. ഉള്ളിലുള്ള ആത്മാവിനെ പ്രജ്ജ്വലിപ്പിക്കലായിരുന്നു അവിടെ നടന്നിരുന്നത്. പണം ആരും ആവശ്യപ്പെട്ടിരുന്നില്ല. കരിസ്മാറ്റിക്കിന്റെ ചിറക് വെച്ചുകെട്ടിവന്ന ന്യൂജനറേഷന്‍ വൈദീകര്‍ സമ്പത്തിന്റെ ധ്യാന പ്രചാരകരായി മാറി.സമ്പന്നരും ശക്തരുമായി തീരുന്ന ഇവര്‍ സഭയെ ഭിന്നിപ്പിക്കുകയില്ലന്ന് ആരറിഞ്ഞു.
മുന്‍പറഞ്ഞവീഡിയോയില്‍, കര്‍ത്താവേ ഞങ്ങളുടെ വായ്‌നാറ്റം മാറ്റിത്തരണമേ എന്നും അവിടെകൂടിയിരിക്കുന്നവരെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്നുണ്ട്. ചെറുപ്പക്കാരായ പലവൈദികരും പള്ളികളില്‍ പരസ്യമായി പറയുന്ന ഒരാവിശ്യമാണിത് കുമ്പസാരിക്കാന്‍ വരുമ്പോള്‍ വായ്ശുചിയാക്കിക്കൊണ്ടുവരണമെന്ന്. അറപ്പോടുകൂടി പറയുന്ന ഈ കാര്യം സ്‌നേഹത്തിനു ചേര്‍ന്നതല്ല എന്നു പറഞ്ഞു കൊള്ളട്ടെ. മുന്‍ കാലങ്ങളിലെ വൈദികന്മാരാരും പറയാത്ത ഇത്തരമൊരാവശ്യം പൂതിയ വൈദികരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമാണ്. പന്നിക്കൂട്ടില്‍ നിന്നും പിതാവിന്റെ അരികിലേക്കുവന്ന ധൂര്‍ത്ത പുത്രനെയാണ് സ്‌നേഹവാനായ പിതാവ് കെട്ടിപ്പിടിച്ച് സ്വീകരിച്ചത് കുളിച്ചിട്ടുവരാനല്ല അവനോടു പറഞ്ഞത്. കുമ്പസാരം ഒരു കൂദാശയാണെങ്കില്‍ ഒരു രോഗ കാരണത്തിന്റെ പേരില്‍ ആരെങ്കിലും കുമ്പസാരിക്കാതിരിക്കുന്നെങ്കില്‍ അതിന്റെ കുറ്റം ആ വൈദികനായിരിക്കും എന്ന് ഓര്‍മ്മിപ്പിക്കുന്നു.
മനുഷ്യന്‍, ആയിരിക്കുന്ന അവസ്ഥയില്‍ ഉള്‍ക്കൊള്ളുവാന്‍ വന്ന യേശുക്രിസ്തുവിനെ വൈദികര്‍ ഇനിയും ആവാഹിക്കേണ്ടിയിരിക്കുന്നു. പൗരോഹിത്യത്തിന്റെ മേന്മ പറയുകയും അതിന്റെ നന്മമാത്രം ആസ്വദിക്കുകയും അതിന്റെ ചൈതന്യം നിഷേധിക്കുകയും ചെയ്യുന്നവരെ മറ്റുവൈദികര്‍ തന്നെ തിരുത്തണം. വൈദികരെ വിശ്വാസികള്‍ ഒരുപോലെയാണ് കാണുന്നത്. അതിനാല്‍ വൈദികവിമര്‍ശനം എല്ലാവരെയുമാണ് ബാധിക്കുന്നത്. വൈദിക വിമര്‍ശനം മൂലം ദുരന്തമാണ് വരുന്നതെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുന്നത് നിങ്ങള്‍ ഒരുമിച്ചായിരിക്കും. ഒരു നാഴി മറ്റൊരു നാഴിയില്‍ ഇറങ്ങുകയില്ലെന്ന പഴഞ്ചൊല്ലുപോലെ വൈദികര്‍ പരസ്പരം തിരുത്തുന്നില്ലന്നാണ് അനുഭവം പഠിപ്പിക്കുന്നത്.

മാര്‍പാപ്പായുടെ വാക്കുകള്‍ ശ്രദ്ധിക്കൂ……!!

വൈദികരുടെ ബലഹീനതകള്‍ വിശ്വാസികള്‍ ക്ഷമിച്ചെന്നുവരും.എന്നാല്‍, പണത്തോടുള്ള അവരുടെ ആര്‍ത്തിയുംതങ്ങളോടുള്ള മര്യാെദ ഇല്ലാത്തപെരുമാറ്റവും അവര്‍ പൊറുക്കുകയില്ല. അത് വലിയ ഉതപ്പാണ്. ഫ്രാന്‍സീസ് മാര്‍പാപ്പ.

 

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ .

3 Responses to "ദൈവമേ,വലിയ തുക ദശാംശം കൊടുക്കാന്‍ “എന്നെ” വലിയൊരു ലോട്ടറി അടിക്കണമേ!"

  1. Saji Jacob   May 4, 2015 at 2:42 pm

    Congratulations

  2. james   May 5, 2015 at 5:02 am

    Well said.

  3. sijo   May 9, 2015 at 7:54 pm

    you said the truth what is going on now…Our poor Christ…

You must be logged in to post a comment Login