ദൈവവിളി പ്രോത്സാഹനം സഭയുടെ കൂട്ടുത്തരവാദിത്വം: മാര്‍ ആലഞ്ചേരി

ദൈവവിളി പ്രോത്സാഹനം സഭയുടെ കൂട്ടുത്തരവാദിത്വം: മാര്‍ ആലഞ്ചേരി

3കൊച്ചി: ദൈവവിളി പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാ സഭാംഗങ്ങളുടെയും കൂട്ടുത്തരവാദിത്വമാണെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവവിളി ദിനാചരണത്തിന്റെ ഉദ്ഘാടനം പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയില്‍ ദൈവവിളിയെക്കുറിച്ചുള്ള ചിന്തകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ വൈദികരും സന്യസ്തരും മതാധ്യാപകരുമെല്ലാം പരിശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം മാതാപിതാക്കളും വിശ്വാസിസമൂഹവും തങ്ങളുടെ കടമകള്‍ നിറവേറ്റണം. കുടുംബമാണു ദൈവവിളിയുടെ ആദ്യത്തെ പരിശീലനവേദി. കുടുംബങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രോത്സാഹനം ദൈവവിളി സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്കും സമര്‍പ്പിത ജീവിതത്തിന് ആഗ്രഹമുള്ളവര്‍ക്കും വലിയ പ്രചോദനമാകും. വിശ്വാസതീക്ഷ്ണതയുള്ള കുടുംബങ്ങളില്‍ നിന്നാണു നല്ല ദൈവവിളികള്‍ ഉണ്ടാവുക. സഭയില്‍ കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാവാന്‍ സഭാംഗങ്ങളുടെ മുഴുവന്‍ തീക്ഷ്ണമായ പ്രാര്‍ഥന ആവശ്യമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയില്‍ തൃക്കാക്കര മൈനര്‍ സെമിനാരി റെക്ടര്‍ റവ.ഡോ. ജോസഫ് കണിയാംപറമ്പില്‍, അതിരൂപത വൊക്കേഷന്‍ പ്രൊമോഷന്‍ വിഭാഗം ഡയറക്ടര്‍ ഫാ. ജോയ്‌സണ്‍ പുതുശേരി, വികാരി ഫാ. പോള്‍ മനയമ്പിള്ളി, സഹവികാരി ഫാ. ടോമി ആപ്പാഞ്ചിറ, ഫാ. ജെയിംസ് തുരുത്തിക്കര, ഫാ.ആന്റണി പാറവേലി, ഫാ. ജേക്കബ് കൊഴുവള്ളി, ഫാ. ജസ്റ്റിന്‍ കൈപ്രമ്പാടന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. അതിരൂപതയിലെ സെമിനാരി വിദ്യാര്‍ഥികള്‍, വിവിധ സന്യസ്ത സഭകളിലെ സന്യാസര്‍ഥിനികള്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു. വിശ്വാസികളുമായി കര്‍ദിനാള്‍ ആശയവിനിമയം നടത്തി. ഇടവകയി. നിന്നുള്ള വൈദികവിദ്യാര്‍ഥികളെയും സന്യാസാര്‍ഥിനികളെയും ചടങ്ങില്‍ ആദരിച്ചു.

You must be logged in to post a comment Login