ദൈവസ്വരം കേള്‍ക്കാനുള്ള മലതുരക്കലാണ് പ്രാര്‍ത്ഥന – ഡോ. ജോര്‍ജ് ഇരുമ്പയം

ദൈവസ്വരം കേള്‍ക്കാനുള്ള മലതുരക്കലാണ് പ്രാര്‍ത്ഥന – ഡോ. ജോര്‍ജ് ഇരുമ്പയം

വൈലോപ്പിള്ളിയുടെ മലതുരക്കല്‍ എന്ന കവിതയാണ് ഓര്‍മ്മയിലേക്ക് വരുന്നത്. ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് തുരങ്കം ഉണ്ടാക്കാന്‍ മല തുരക്കുകയാണ് ഒരു അച്ഛനും മകനും. രണ്ടറ്റത്തുനിന്ന് ഇങ്ങനെ മല തുരന്ന് വരുമ്പോള്‍ അച്ഛന്‍ മകനോട് ചോദിക്കുന്നു, നിനക്ക് എന്റെ സ്വരം കേള്‍ക്കാമോ എന്ന്..

സത്യത്തില്‍ പ്രാര്‍ത്ഥനയും ഇതുതന്നെയാണ്. ദൈവത്തിന്റെ സ്വരം കേള്‍ക്കാനുള്ള ശ്രമമാണ് ഓരോ പ്രാര്‍ത്ഥനയും. ദൈവത്തിന്റെ സ്വരം ഞാന്‍ കേട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ആ സ്വരം കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ശ്രമത്തിലാണ് എന്റെ ജീവിതം.അതിന് വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

പല തരത്തിലുളള പ്രാര്‍ത്ഥനകള്‍ ഞാന്‍ അര്‍പ്പിക്കാറുണ്ട്. ദിവസവും നാലു മുതല്‍ ആറു വരെ മണിക്കൂറുകള്‍ സാധാരണയായി ഞാന്‍ പ്രാര്‍ത്ഥനയ്ക്കായി നീക്കിവയ്ക്കുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നവയില്‍ പലതും ദൈവം വിശുദ്ധജീവിതങ്ങള്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തവയാണ്.

പരിശുദ്ധ മറിയത്തിലൂടെയാണ് ഈശോ ലോകത്തിലേക്ക് വന്നത്. അതുകൊണ്ട് പരിശുദ്ധ അമ്മയിലൂടെ എല്ലാവരും തന്റെ അടുക്കല്‍ എത്തണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്. മറിയത്തിലൂടെ എല്ലാവരും തന്റെ അടുക്കല്‍ വരുന്നതാണ് ഈശോയ്ക്ക് ഇഷ്ടം. പാപികളെ രക്ഷിക്കാനുള്ള വാഗ്ദാനപേടകമാണ് മറിയം.

അതുകൊണ്ട് ഞാന്‍ എല്ലാദിവസവും സമ്പൂര്‍ണ്ണ ജപമാല ചൊല്ലും. മാതാവിന്റെ വിമലഹൃദയത്തോടുള്ള പ്രാര്‍ത്ഥന, തിരുമുറിവുകളുടെ പ്രാര്‍ത്ഥന, രക്തക്കണ്ണീരിന്റെ ജപമാല, തിരുരക്തജപമാല, പീഡാനുഭവപ്രാര്‍ത്ഥന,കുരിശുയുദ്ധ പ്രാര്‍ത്ഥന ഇതെല്ലാം ഞാന്‍ ചൊല്ലുന്നു.

ഈശോയുടെ രണ്ടാം വരവിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനയാണ് കുരിശുയുദ്ധ പ്രാര്‍ത്ഥനകള്‍. ഇതിലെ 160 പ്രാര്‍ത്ഥനകള്‍ ഞാന്‍ സ്ഥിരമായി ചൊല്ലാറുണ്ട്.യുഗാന്ത്യപീഡനങ്ങളുടെ കാലമാണ് ഇതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ദൈവത്തിലേക്ക് എത്താനും ദൈവത്തിന്റെ സ്വരം കേള്‍ക്കാനുമുള്ള എന്റെ ശ്രമത്തിന്റെ , ആഗ്രഹത്തിന്റെ ഭാഗമാണ് പ്രാര്‍ത്ഥനകള്‍ .കറയുളള വസ്ത്രം നമ്മള്‍ കഴുകി വെടിപ്പാക്കുന്നതുപോലെ ആത്മാവിന്റെ കറകള്‍ അനുതാപം കൊണ്ടും പശ്ചാത്താപം കൊണ്ടും മാപ്പപേക്ഷ കൊണ്ടും കഴുകി ശുദ്ധീകരിക്കാനുള്ള പ്രക്രിയയാണ് എനിക്ക് പ്രാര്‍ത്ഥന.

You must be logged in to post a comment Login