ദൈവസ്‌നേഹം പ്രളയകാലത്തെ പുഴപോലെ സമൃദ്ധമെന്ന് പാപ്പ

ദൈവസ്‌നേഹം പ്രളയകാലത്തെ പുഴപോലെ സമൃദ്ധമെന്ന് പാപ്പ

വത്തിക്കാന്‍ സിറ്റി: ‘നമ്മെ തേടിയെത്തുകയാണ് ദൈവത്തിന്റെ സ്‌നേഹം; പ്രളയകാലത്തെ പുഴപോലെയാണ് അത്. മെല്ലെമെല്ലെ അതുനമ്മെ പൊതിഞ്ഞുകവിയുന്നു’: സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്നില്‍ സമ്മേളിച്ച മുപ്പത്തയ്യായിരത്തോളം കാരുണ്യപ്രേക്ഷിതരോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. കാരുണ്യവര്‍ഷത്തിന്റെ ഭാഗമായി വിവിധ രൂപതകളിലും സന്യാസസഭകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചവരുടെ പ്രതിനിധികളാണ് ഇന്നലെ റോമില്‍ എത്തിയത്. വൈദീകരും സന്യസ്തരും അതിലേറെ അല്മായരും ഉണ്ടായിരുന്നു ഈ കൂട്ടത്തില്‍; കൂടുതലും ചെറുപ്പക്കാര്‍.

‘വിശുദ്ധ പൗലോസ് പറയുന്നതുപോലെ പ്രത്യാശയും വിശ്വാസവും നശിച്ചുപോയാലും സ്‌നേഹം നിലനില്‍ക്കും. അത് നിത്യമാണ്. ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ജീവിതത്തില്‍ നിന്ന് ഒരിക്കലും അകന്നുപോകുന്നില്ല; ലോകത്തിന്റെ ചരിത്രത്തില്‍ നിന്നും അത് വഴിമാറുന്നില്ല. പ്രായം കൂടാത്തതും അത്യതം പ്രവര്‍ത്തനനിരതവും ഊര്‍ജ്ജസ്വലവുമാണ് സ്‌നേഹം. മറ്റൊന്നിനോടും അതിനെ താരതമ്യം ചെയ്യാനാവില്ല. വിശ്വസ്തതയോടെ പ്രണയിക്കുന്ന ഒരാള്‍ക്ക് വഞ്ചിക്കാനാവില്ല. എന്തൊക്കെ പ്രതികൂലമായി സംഭവിച്ചാലും ഉപേക്ഷിക്കാനുമാവില്ല. ‘മാര്‍പാപ്പ പറഞ്ഞു.

‘കൂടുതല്‍ സ്‌നേഹിച്ചുതുടങ്ങുന്‌പോള്‍ പുനഃനിര്‍മിക്കപ്പെടുകയാണ് നമ്മുടെ ജീവിതങ്ങള്‍. ഞാന്‍ സ്‌നേഹിക്കപ്പെടുന്നു; അതിനാലാണ് ഞാന്‍ നിലനില്‍ക്കുന്നത്. കണ്ടും സ്പര്‍ശിച്ചും അനുഭവിച്ചും അറിയേണ്ടുന്നതാണ് സ്‌നേഹം. അതാണ് ദൈവസ്‌നേഹം.’ പാപ്പ പറഞ്ഞു.

‘നമ്മുടെ ചുറ്റും ഒരുപാട് സങ്കടങ്ങളുണ്ട്; ഇല്ലായ്മകളുണ്ട്. അതൊക്കെ കണ്ട് നല്ല സമരായക്കാരന്റെ ഉപമയിലെ പുരോഹിതനെപ്പോലെ മുഖം തിരിച്ചുപോകരുത്. ഉള്ളില്‍ സ്‌നേഹം നിറയുന്‌പോള്‍ അത് സഹജീവികളിലേക്ക് ഒഴുകിത്തുടങ്ങും. മദര്‍ തേരേസയെപോലുള്ളവരുടെ മാതൃകയാണ് ദൈവസ്‌നേഹത്തിന്റെ അടയാളങ്ങള്‍.’

പ്രസംഗത്തിനിടയില്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജെനറല്‍ സിസ്റ്റര്‍ പ്രേമയെ പേരെടുത്തുപറഞ്ഞു അഭിനന്ദിക്കാനും ഫ്രാന്‍സിസ് പാപ്പ മടിച്ചില്ല: ‘സിസ്റ്റര്‍ പ്രേമ ചെയ്യുന്നതുപോലെ, ആവശ്യനേരങ്ങളില്‍ നാം സക്രാരിയുടെ വാതിലില്‍ മുട്ടണം. ദൈവം നമ്മുടെ സ്വരം കേള്‍ക്കും. അവിടുന്ന് ഉടനുടന്‍ ഉത്തരം നല്‍കും.’

പാപ്പാമൊബീലില്‍ പ്രേക്ഷിതരെകാണാന്‍ ഇറങ്ങിയ മാര്‍പാപ്പ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളെ കണ്ടപ്പോള്‍ താഴെയിറങ്ങി അവരുടെ കരം കവര്‍ന്നു.

ശാന്തിമോന്‍ ജേക്കബ്

 

You must be logged in to post a comment Login