ദ ഡിവൈന്‍ വോയ്‌സ്‌

ദ ഡിവൈന്‍ വോയ്‌സ്‌

damienദ വോയ്‌സ് റിയാലിറ്റി ഷോയുടെ ഓഡിഷന്‍…
മത്സരിക്കാനെത്തുന്നവര്‍ക്ക് പുറംതിരിഞ്ഞാണ് വിധികര്‍ത്താക്കളിരിക്കുന്നത്. പെട്ടെന്ന് തിളങ്ങുന്ന കൂളിങ്ങ് ഗ്ലാസും വെച്ച്, മൃദുലമായ മുടിയിഴകളിലൂടെ വിരലോടിച്ച് ഒരു മത്സരാര്‍ത്ഥി കാണികളുടെ മുന്നിലെത്തി പാടിത്തുടങ്ങി. കാണികളും വിധികര്‍ത്താക്കളും ഒരുപോലെ ആസ്വദിച്ച പ്രകടനം. റിയാലിറ്റി ഷോയുടെ നിയമമനുസരിച്ച് മത്സരാര്‍ത്ഥികളുടെ പ്രകടനം ഇഷ്ടപ്പെട്ടാല്‍ വിധികര്‍ത്താക്കള്‍ അവര്‍ക്കഭിമുഖമായി തിരിഞ്ഞിരിക്കും. അങ്ങനെ തിരിഞ്ഞിരുന്ന വിധികര്‍ത്താക്കള്‍ മത്സരാര്‍ത്ഥിയെക്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയാണുണ്ടായത്.

വശ്യമനോഹരമായ ആ ശബ്ദത്തിനുടമ ഒരു വൈദികനായിരുന്നു. ലോകപ്രശസ്തമായ ദ വോയ്‌സ് റിയാലിറ്റി ഷോയുടെ മത്സരാര്‍ത്ഥികളിലൊരാളായ ഫാദര്‍ ഡാമിയന്‍ മരിയയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സംഗീതലോകത്തെ പുത്തന്‍ സെന്‍സേഷനാണ് ഇദ്ദേഹം. ജാതിമതേേഭദമന്യേ ട്വിറ്ററിലും ഫേസ്ബുക്കിലും ഇതിനോടകം നിരവധി ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു 28-കാരനായ ഫാദര്‍ ഡാമിയന്‍. ടെലിവിഷനിലൂടെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് നേരിട്ടു വിളിച്ച് അഭിനന്ദിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇറ്റലിയില്‍ വെച്ചുനടന്ന ദ വോയ്‌സ് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനത്തെത്തിയ സിസ്റ്റര്‍ ക്രിസ്റ്റീന സ്‌കൂസിയയെ ആരും മറന്നുകാണില്ല. ആ വഴിയേ തന്നെയാണ് 28കാരനായ ഫാദര്‍ ഡാമിയന്റേയും യാത്ര. റിയാലിറ്റി ഷോയുടെ മൂന്നാം ഭാഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായതും സിസ്റ്റര്‍ ക്രിസ്റ്റീന തന്നെ.

സംഗീതത്തോടായിരുന്നു ആദ്യപ്രണയം. ഗ്രാനഡയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് സ്വന്തം മുത്തശ്ശിയില്‍ നിന്നാണ്. ഒരു നടനോ ഗായകനോ ആകണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. എന്നാല്‍ ദൈവഹിതം മറ്റൊന്നായിരുന്നു ആ വിളി സ്വീകരിച്ച് വൈദികനായപ്പോഴും സംഗീതത്തെ കൈയൊഴിയാന്‍ ഫാദര്‍ ഡാമിയന്‍ ഒരുക്കമായിരുന്നില്ല. ആദ്യപ്രണയത്തോടുള്ള ആ അടങ്ങാത്ത അഭിനിവേശം തന്നെയാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. ‘ഈ ശബ്ദവും പാടാനുള്ള കഴിവും ദൈവം തന്ന വരദാനമാണ്. ആദ്യസീരീസില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യമില്ലായിരുന്നു. സിസ്റ്റര്‍ ക്രിസ്റ്റീനയുടെ വിജയം കൂടുതല്‍ ആത്മവിശ്വാസം നല്‍കി’, ഫാദര്‍ ഡാമിയന്‍ പറയുന്നു.

പരമ്പരാഗത വിശ്വാസങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത രാഷ്ട്രമാണ് സ്‌പെയിന്‍. എന്നാല്‍ ഫാദര്‍ ഡാമിയന്റെ സംഗീതത്തോയുള്ള അഭിനിവേശംമനസ്സിലാക്കിയ സഭാധികാരികള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള അനുമതി അദ്ദേഹത്തിനു നല്‍കുകയായിരുന്നു. ഒരു വൈദികന്‍ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കണോ എന്നതിനെക്കുറിച്ച് വിശ്വാസികളുടെ ഇടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം ആളുകളും തനിക്കു പ്രോത്സാഹനം നല്‍കിയെന്ന് ഫാദര്‍ ഡാമിയന്‍ പറയുന്നു. ഏറ്റവുമധികം നന്ദി പറയുനത് ഫ്രാന്‍സിസ് പാപ്പയോടാണ്. ‘അദ്ദേഹമെടുക്കുന്ന പുരോഗമനപരമായ പല നിലപാടുകളും ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രേരണ നല്‍കുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹമല്ലായിരുന്നു മാര്‍പാപ്പയെങ്കില്‍ ഇതിനു സാധിക്കുമായിരുന്നോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്’.

സംഗീതലോകത്തെ ഈ പുത്തന്‍ താരോദയത്തിന് ഒരു ഇന്ത്യന്‍ ബന്ധവുമുണ്ട്. ഇന്ത്യയില്‍ മിഷനറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. തന്റെ പുതിയ സംഗീത ആല്‍ബത്തിന്റെ പണിപ്പുരയിലാണ് ഫാദര്‍ ഡാമിയന്‍ ഇപ്പോള്‍.

അനൂപ.

You must be logged in to post a comment Login