ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ സ്മരണയില്‍ ‘ധന്യസ്മൃതി’

ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ സ്മരണയില്‍ ‘ധന്യസ്മൃതി’

വരാപ്പുഴ: ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോസഫ് വിതയത്തിലച്ചന്റെ ഓര്‍മ്മക്ക് പുത്തന്‍പള്ളി വിതയത്തില്‍ ചാരിറ്റീസിന്റെ നേതൃത്വത്തില്‍ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു. ‘ധന്യസ്മൃതി’ എന്നു പേരിട്ട സമ്മേളനം പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനസ്വപ്ങ്ങള്‍ക്കൊപ്പം നടന്ന കര്‍മ്മയോഗിയായാരുന്നു വിതയത്തിലച്ചനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു വൈദികന്‍ എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാടിന്റെ പുരോഗതി കൂടി മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു വിതയത്തിലച്ചന്‍. വനിതാശാക്തീകരണം എന്ന ആശയം ശക്തി പ്രാപിക്കുന്നതിനും വളരെ മുന്‍പു തന്നെ സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി വിദ്യാലയങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. അദ്ദേഹത്തിന്റെ ജന്‍മനാട്ടില്‍ താന്‍ ജനിച്ചത് ഏറെ അനുഗ്രഹദായകമാണെന്നും മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ദിവ്യകാരുണ്യഭക്തിയുടെ ഉപാസകനായിരുന്നു വിതയത്തിലച്ചനെന്ന് അദ്ദേഹം പറഞ്ഞു. മറിയം ത്രേസ്യയോടൊപ്പം അദ്ദേഹം സ്ഥാപിച്ച തിരുക്കുടുംബ സന്യാസിനി സഭക്ക് ദിവ്യകാരുണ്യ ഭക്തിയിലൂടെ ഇനിയും ധന്യരേയും വാഴ്ത്തപ്പെട്ടവരേയും ഉണ്ടാക്കാന്‍ കഴിഞ്ഞാലേ സ്ഥാപകരുടെ ധന്യജീവിതത്തിന് അര്‍ത്ഥമുണ്ടാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോക്ടര്‍ കുര്യാസ് കുമ്പളക്കുഴി ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇത്രയധികം ആദ്ധ്യാത്മിക ഉള്‍ക്കാഴ്ച ഉണ്ടായിരുന്ന ഗുരുശിഷ്യര്‍ അപൂര്‍വ്വമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login