ധൂര്‍ത്തപുത്രന്റെ ഭാഗ്യം

ധൂര്‍ത്തപുത്രന്റെ ഭാഗ്യം

കരുണയുടെ വഴിയേ-8

‘പുത്ര സ്വീകാര്യത തേടിത്തിരിച്ചെത്തും ധൂര്‍ത്തന്റെ
ഭാഗ്യമെന്തേ?’

പിതാവിനെ തള്ളിപ്പറഞ്ഞ്, പിതാവ് നല്‍കിയതെല്ലാം നശിപ്പിച്ച്‌,  ആ കുടുംബമഹത്വം പോലും മറന്ന് എല്ലും തോലുമായി പന്നിക്കൂട്ടില്‍ നിന്നു വീട്ടിലേക്കു തിരിച്ചുവരുന്ന ധൂര്‍ത്തനു സ്വയം നീതീകരിക്കാന്‍ വ്യഗ്രതയില്ലെന്നു മാത്രമല്ല, സ്വയം കുറ്റപ്പെടുത്താനുള്ള തയാറെടുപ്പിലുമാണ് അയാള്‍. നിനക്കെതിരെയും സ്വര്‍ഗത്തിനെതിരെയും തെറ്റു ചെയ്തവനാണെന്നു തുറന്നു സമ്മതിച്ചുകൊണ്ട് ഉരുവിടാനുള്ള വാചകം പോലും നാവില്‍ സൂക്ഷിച്ചുകൊണ്ടണ് ആ വരവ്.
ഈ ധൈര്യത്തിനും അതു വഴി ലഭിക്കുന്ന ഭാഗ്യത്തിനും കാരണം തള്ളിക്കളയില്ലെന്നും സ്വീകരിക്കുക തന്നെ ചെയ്യുമെന്നുള്ള ഉറച്ച വിശ്വാസമാണ്.

ആദത്തിനു ദൈവം സ്വീകരിക്കുമെന്ന വിശ്വാസം ഇല്ലാതെ പോയി. ശിക്ഷിച്ചു കളയുമെന്ന ഭയവുമുണ്ടായി. അതുകൊണ്ട് ആദം മുഖം കൊടുക്കാതെ ഓടിക്കളഞ്ഞു. ആദത്തനിന്റെ പിന്മുറക്കാരും ആ അറിവിലും ഭയത്തിലും പങ്കുപറ്റിയവരാണ്. അതുതന്നെ ജന്മപാപത്തിന്റെ ഒരു വശം.

ധൂര്‍ത്ത പുത്രന്റെ ഭാഗ്യം എന്നു പറയുന്നതു തനിക്കു സ്വീകാര്യത ലഭിക്കും എന്ന വിശ്വാസമാണ്. അതുകൊണ്ടാണ് അവിശ്വാസം വഴി വന്ന ശിക്ഷ വിശ്വാസം വഴി വരുന്ന രക്ഷയാല്‍ ഇല്ലാതാകും എന്നു പറയുന്നത്.

ധൂര്‍ത്തപുത്രന്‍ എപ്പിസോഡ് യേശുക്രിസ്തു പറഞ്ഞ ഒരു കഥയാണെന്നോര്‍ക്കണം. ആ കഥയിലെ പിതാവ് ഇത്രയക്ക് ക്ഷമിച്ചു സ്വീകരിക്കുന്നവനെങ്കില്‍ സ്വര്‍ഗത്തിലെ പിതാവ് എത്രയോ അധികം ക്ഷമിക്കുന്നവനും പൊറുക്കുന്നവനും ആയിരിക്കും എന്നാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്.

 

ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍

You must be logged in to post a comment Login