ധ്യാനഗുരുക്കന്മാരേ ഇതിലേ ഇതിലേ…

ധ്യാനഗുരുക്കന്മാരേ ഇതിലേ ഇതിലേ…

കഴിഞ്ഞ ദിവസം വിദേശത്തുള്ള ഒരു സുഹൃത്ത് വിശേഷങ്ങള്‍ പങ്കുവച്ചകൂട്ടത്തില്‍ പറഞ്ഞതാണ് ഇക്കാര്യം. കേരളത്തില്‍ നിന്നുള്ള ഒരു പ്രഗത്ഭനായ ഒരു സുവിശേഷപ്രഘോഷകന്റെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ അവനും പോയിരുന്നു. ഓര്‍ലാന്‍ഡോ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ധ്യാനഗുരു പറഞ്ഞത് അത് ദൈവികശിക്ഷയുടെ ഫലം ആണെന്നായിരുന്നു.. കേട്ടപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെന്നാണ് സുഹൃത്ത് പറഞ്ഞത്.

കേട്ടപ്പോള്‍ എനിക്കും അസ്വസ്ഥതയാണ് തോന്നിയത്. ദുരന്തങ്ങളെയും അക്രമങ്ങളെയും നാം എങ്ങനെയെല്ലാമാണ് വ്യാഖ്യാനിക്കുന്നത് എന്നോര്‍ത്ത്..

ഒരു പ്രകൃതിക്ഷോഭമുണ്ടായാല്‍.. ഒരു കൂട്ടമരണം സംഭവിച്ചാല്‍ അവിടെയെല്ലാം ഗന്ധകവും തീയുമിറക്കി സോദോം ഗൊമോറ നശിപ്പിച്ച ദൈവത്തെ കൂട്ടുപിടിച്ച് അവിടെയുള്ളവരുടെ പാപങ്ങളുടെ ഫലമായിരുന്നു അതെന്ന് വാദിക്കുന്നത് തീര്‍ച്ചയായും ക്രൂരതയാണ്.
നമ്മുടെ നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തവും പെരുമണ്‍ദുരന്തവും പിന്നെ ലാത്തൂരും കച്ചും സുനാമിയുമെല്ലാം അപ്പോള്‍ ദൈവകോപത്തിന്റെ ഫലമാണെന്ന് വിധിയെഴുതേണ്ടിവരും. അതെത്രമേല്‍ വേദനയാണോ അതുപോലെ തന്നെയാണ് ഏതു ദുരന്തത്തെയും ദൈവകോപവുമായി നാം ബന്ധിപ്പിക്കുന്നതിലെ അര്‍ത്ഥശൂന്യതയും.

ക്രൈസ്തവരാണ് ശാപമെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അത് നമ്മെ എത്രത്തോളം അസ്വസ്ഥപ്പെടുത്തുന്നുണ്ടോ അത്തരം ഗണത്തിലാണ് ഇത്തരം ചില വ്യാഖ്യാനങ്ങളെയും പെടുത്തുന്നത്. മതതീവ്രവാദം പിടിച്ച ചിലരെപോലെ നമ്മുടെ ധ്യാനഗുരുക്കന്മാരും സംസാരിക്കുന്നത് തീര്‍ച്ചയായും സങ്കടപ്പെടുത്തുന്നുണ്ട്. മൗലികവാദം ഏതു മതത്തിന്റേതായാലും അപകടം പിടിച്ച ഒന്നാണ്.

ധ്യാനാവസരങ്ങള്‍ ദൈവത്തിന്റെ സ്‌നേഹവും കരുണയും തിരിച്ചറിയുന്ന മണിക്കൂറുകളാണ്. സ്വന്തം തെറ്റുകളെക്കുറിച്ചുള്ള ബോധ്യങ്ങള്‍ മനസ്സിലാക്കുന്ന നിമിഷങ്ങളാണ്. അനുതപിക്കാനുള്ള തിരുമണിക്കൂറുകളാണ്. അവിടെ മൂന്നാംകിട സിനിമകളിലെ കഥാപാത്രങ്ങളെ പോലെ ദൈവം പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്നതായി ചിത്രീകരിക്കുന്നത് അപലപനീയമാണ്.

വലിയ പാപബോധവുമായി ചിലരെങ്കിലും സമീപിക്കുന്ന ഒരവസരം കൂടിയാണ് ധ്യാനവേളകള്‍. എല്ലാവരും വിശുദ്ധരും നന്മനിറഞ്ഞവരും മാത്രമായിരുന്നുവെങ്കില്‍ കുമ്പസാരക്കൂടുകളോ ധ്യാനകേന്ദ്രങ്ങളോ ഇവിടെ ആവശ്യം വരില്ലായിരുന്നു. അപ്പോള്‍ എവിടെയെങ്കിലും എങ്ങനെയെങ്കിലും പതറിപ്പോയിട്ടുള്ളവരാണ് ചിലരെങ്കിലും.

മറ്റ് ചിലരാവട്ടെ ഇടയ്ക്കിടെ പതറിപ്പോകുന്നവരായിരിക്കാം. അതെന്തായാലും അത്തരക്കാര്‍ ധ്യാനത്തിനായി വരുന്നത് ഇത്തിരിയെങ്കിലും ആശ്വാസം തേടിയാണ്. അവരുടെ മനസ്സുകളിലേക്ക് , ആത്മാവിലേക്ക് എന്തിന്റെ പേരിലാണെങ്കിലും അമ്ലമഴ പെയ്യിക്കരുത്. അവര്‍ പാപികളാണെങ്കില്‍ തന്നെ…

കുറ്റബോധമല്ല പശ്ചാത്താപമാണ് നമുക്കുണ്ടാവേണ്ടത്. കുററബോധം വീണ്ടും തിന്മയിലേക്കാണ് വ്യക്തികളെ നയിക്കുന്നത്. പശ്ചാത്താപമാകട്ടെ നന്മയിലേക്കും. യൂദാസിന്റേത് കുറ്റബോധമായിരുന്നു. പത്രോസിന്റേത് പശ്ചാത്താപവും. കുറ്റബോധം കൊണ്ട് നീറിയവന്‍ കെട്ടിത്തൂങ്ങി ചത്തു. പശ്ചാത്തപിച്ചവന്‍ ഹൃദയം നുറുങ്ങുമാറ് കരഞ്ഞു. ഇത്തരമൊരു നീറുന്ന അനുഭവത്തിലേക്കാണ് ധ്യാനഗുരുക്കന്മാര്‍ നയിക്കേണ്ടത്.

ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കുന്നത് എത്രത്തോളം ക്രിസ്തീയമാണ്? ഓര്‍ലാന്‍ഡോ കൂട്ടക്കൊല ദൈവശിക്ഷയാകുന്നുവെങ്കില്‍ കൊലപാതകത്തെ അംഗീകരിക്കുന്നതിന് തുല്യമാവില്ലേ അത്? ദൈവം ഒരു തോക്കു കൊടുത്തുവിട്ടതാണെന്ന് ആ ഗേ ക്ലബിലേക്ക്..! നമ്മുടെ ദൈവം അത്രമേല്‍ അസഹിഷ്ണുവാണോ.. ക്ഷമിക്കാന്‍ കഴിയാത്തവനാണോ.. ഗേ ക്ലബിലെ ആ കൊലപാതകത്തെ ന്യായീകരിക്കുന്നതിന് തുല്യമല്ലേ അങ്ങനെ പറയുന്നത്?

സഹോദരനെ ഭോഷനെന്ന് വിളിക്കുന്നത് പോലും കൊലപാതകമാണെന്നാണ് ക്രിസ്തു പറഞ്ഞുവച്ചത്. വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ ഓരോരുത്തര്‍ നശിക്കുന്നത് ദൈവം അവരെ ശിക്ഷിക്കുന്നതുകൊണ്ടല്ല അവര്‍ അവരുടെ തന്നെ നാശത്തിന് വഴി തിരഞ്ഞെടുക്കുന്നതുകൊണ്ടാണ്. സ്വര്‍ഗ്ഗവും നരകവും മനുഷ്യന്റെ തന്നെ തിരഞ്ഞെടുപ്പാണ്. ജീവനും മരണവും നമ്മുടെ കണ്‍മുമ്പില്‍ വച്ചിട്ട് മാറിനില്ക്കുന്നവനാണ് നമ്മുടെ ദൈവം. ആരെങ്കിലും വാതില്‍ തുറന്നു തന്നാല്‍ മാത്രം അകത്തേക്ക് കയറുന്ന വിധത്തിലുള്ള മാന്യനും.

ഉള്ളിലെ ഫരിസേയ മനോഭാവമാണ് നാം ചിലപ്പോഴെങ്കിലും ചിലര്‍ക്കെതിരെ അന്ധമായി വിധിയെഴുതുന്നതിന് പിന്നിലെ ഒരു കാരണം. ഞാന്‍ ശരിയാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. ഞാന്‍ ശരിയായതുകൊണ്ട് മറ്റുള്ളവരും ശരിയാകണമെന്ന് ഞാന്‍ ശഠിക്കുന്നു. പക്ഷേ ഇതെത്രത്തോളം ശരിയാവും?

സ്വവര്‍ഗ്ഗവിവാഹത്തെ സഭ ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല..അത്തരം ബന്ധങ്ങളെ നിഷേധിക്കുകയാണ് സഭ ചെയ്യുന്നതും. പക്ഷേ വ്യത്യസ്തമായ ലൈംഗികാഭിമുഖ്യമുള്ളവരെ സഹതാപപൂര്‍വ്വം കാണുവാനും അവരിലുള്ള കഴിവുകളെ സഭയ്ക്കും സമൂഹത്തിനുമായി വിനിയോഗിക്കുവാനും സഭ ശ്രമിക്കുന്നുമുണ്ട്. ഇതൊരിക്കലും തെറ്റിനെ ശരിവയ്ക്കുകയല്ല തെറ്റുകാരെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്.

പാപിയെ സ്‌നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം. എല്ലാ വിധത്തിലും എല്ലാ തെറ്റുകളില്‍ നിന്നും അകന്നു ജീവിച്ച ഒരേ ഒരാളേ ഈ ഭൂമിയിലുണ്ടായിരുന്നുള്ളൂ. അത് ക്രിസ്തുമാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഏതു തെറ്റിനോടും അവന് വേണമെങ്കില്‍ കലഹിക്കാമായിരുന്നു. ഏതു തെറ്റുകാരെയും നിന്ദിക്കാമായിരുന്നു.. ഏതൊന്നിനോടും അസഹിഷ്ണുത പുലര്‍ത്താമായിരുന്നു.

പക്ഷേ അവന്‍ ചെയ്തത് എന്താണ്.. ജീവിതത്തിന്റെ വിവിധ വഴികളില്‍ ഇടറിപോയവരുടെ നേര്‍ക്കെല്ലാം അവന്‍ കരുണയൊഴുക്കി. അവരോടെല്ലാം അവന്‍ പറഞ്ഞത് സാരമില്ല ഇനി പഴയത് ആവര്‍ത്തിക്കരുത് എന്നാണ്..

വേശ്യകള്‍..വട്ടപ്പലിശക്കാര്‍.. രോഗം ശാപമാണെന്ന് കരുതിയവരുടെ ധാരണകളെ പോലും അവന്‍ തിരുത്തി.എന്നിട്ട് അവന്‍ അവരെയെല്ലാം കൂടെ കൂട്ടി..
ഇടറിപോകുമായിരുന്ന പലരും അവന്റെ സഹവാസം കൊണ്ട് ഇന്ന് അള്‍ത്താരകളില്‍ വണങ്ങപ്പെടുന്ന വിധത്തിലുള്ള പുണ്യജീവിതങ്ങളായി. ഇതാണ് ക്രിസ്തുവിന്റെ അഭിഷിക്തര്‍ ചെയ്യേണ്ടതും.

ഒരാള്‍ക്കെതിരെയും അന്ധമായി വിധിയെഴുതാതെ അവരെ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുക. അവരുടെ തെറ്റുകള്‍ നമുക്ക് ദഹിക്കുന്ന കാര്യമായിരിക്കില്ല.. അവരുടെ തെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നുമില്ല. പക്ഷേ അവരെ സ്വന്തം പുണ്യത്തിന്റെ മേനിനടിക്കല്‍ കൊണ്ട് വിധിയെഴുതാതിരിക്കാനെങ്കിലും നമുക്ക് കഴിഞ്ഞുകൂടെ?

കരുണയില്ലാതെ മറ്റുള്ളവര്‍ക്കെതിരെ നാം വിധിയെഴുതരുത്. ദെവശിക്ഷയുടെയും കോപത്തിന്റെയും വ്യാഖ്യാനങ്ങളില്‍ നിന്ന് നമ്മുടെ തിരുവചനങ്ങളെ ഇനിയെങ്കിലും മോചിപ്പിക്കണം. കരുണയുടെ വര്‍ഷം അന്ധമായ വിധിയെഴുത്തലുകള്‍ക്കുള്ളതല്ല വിധികളെ പൊളിച്ചെഴുതാനുള്ള വേളയായി മാറണം.

നമ്മുടെ ആത്മീയനേതാക്കന്മാര്‍ക്ക് ബൈബിള്‍ പഴയ നിയമത്തിലെ യോനായുടെ മനസ്സല്ല ഉണ്ടാവേണ്ടത്. സ്വന്തം ജനത്തിന് വേണ്ടി വാദിക്കാന്‍ തയ്യാറാകുന്ന അബ്രഹാമിനെ
പോലെയുള്ളവരുടെ മനസ്സാണ് ഉണ്ടാവേണ്ടത്.

വളര്‍ച്ചയ്ക്കുവേണ്ടി അദ്ധ്വാനിക്കാത്ത ഒരു രാത്രികൊണ്ട് വളരുകയും അടുത്തരാത്രിയില്‍ നശിക്കുകയും ചെയ്ത ഒരു ചെടിയുടെ നാശത്തില്‍ പോലും ദൈവത്തിനോട് കുപിതനാകുന്ന യോനായോട് ദൈവം ചോദിക്കുന്നുണ്ട് ഇടംവലം തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരു ലക്ഷത്തിയിരുപതിനായിരത്തില്‍പരം ആളുകളും അസംഖ്യം മൃഗങ്ങളും വസിക്കുന്ന മഹാനഗരമായ നിനവെയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?

അതെ, നമ്മുടെ ദൈവം പാപിയുടെ നാശത്തില്‍ സന്തോഷിക്കുന്ന ദൈവമല്ല. കൂട്ടം തെറ്റി മേഞ്ഞ കുഞ്ഞാടിനെ തേടിപോകുകയും അതിനെ കണ്ടുപിടിച്ച് തോളിലേറ്റി മടങ്ങുകയും ചെയ്യുന്ന നല്ല ഇടയനാണ്.. ഇതാണ് ഇടയദൗത്യം..ഇതുതന്നെയാണ് ഇടയമുദ്രയും. കാരുണ്യം.

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login