നടപ്പാതയില്‍ വെളിച്ചം…

നടപ്പാതയില്‍ വെളിച്ചം…

ഓരോ വ്രതാനുഷ്ഠാനവും ഓരോ നടപ്പാതയാണ്. വെളിച്ചത്തിലേക്കുള്ള നടപ്പാത.പ്രാര്‍ത്ഥനയും ഉപവാസവും ദാനധര്‍മ്മവും ജീവകാരുണ്യ പ്രവര്‍ത്തികളുമാണ് ഈ നടപ്പാതയില്‍ നമ്മെ അനുഗമിക്കുന്നത്. നോമ്പുകാലം ബന്ധങ്ങള്‍ നേരെയാക്കാന്‍ വേണ്ടിയുള്ള ഒരു കാലഘട്ടം കൂടിയാണ്. ബന്ധങ്ങള്‍ സ്ഥാപിക്കുവാനും പുനഃസ്ഥാപിക്കുവാനും ഈ കാലയളവില്‍ നമുക്കാവണം. നമ്മുടെ ആത്മാവിന്റെയും ശരീരത്തിന്റെയും വിമലീകരണത്തിന് ഇത്തരമൊരു നടപ്പാത കൂടിയേ തീരൂ.

ഇന്ന് നോമ്പിനെ കേവലം ഒരു ആചാരമായി മാത്രം കാണുന്നു.ആത്മനിയന്ത്രണവും നോനിയന്ത്രണവും കൈമുതലാക്കി നോമ്പിനെ ആത്മീയമാക്കേണ്ടിയിരിക്കുന്നു. ഈ നോമ്പിന്റെ കാലയളവില്‍ ജന്മത്തെ സത്കര്‍മ്മങ്ങള്‍ കൊണ്ട് പുണ്യപ്പെടുത്തി ജീവിക്കാന്‍ നമുക്കാവണം. നോമ്പില്‍ നമ്മുടെ സുവിശേഷം കരുണയുടെ സുവിശേഷം ആകണം.

ജനിമൃതികള്‍ അരങ്ങേറുന്ന ഈ ലോകത്തില്‍ നിത്യതയ്ക്കുവേണ്ടി ജീവിക്കുന്നവരാകാന്‍ നമുക്ക്ശ്രമിക്കാം. നോമ്പിലെ യാത്രയില്‍ നമുക്ക് യാത്രയുടെ വേഗതയും സുഗമവും നടപ്പിലാകാന്‍

പ്രാര്‍ത്ഥനയില്‍ ശരണപ്പെടാം.സ്‌നേഹം കൊടുക്കാന്‍ വേണ്ടി മാത്രമായിരിക്കട്ടെ കരുണാവത്‌സരത്തിലെ ഈ നോമ്പ്. ഓരോ നിമിഷവും, ഉപാധികളില്ലാതെ അത് നമുക്ക് പകര്‍ന്ന് കൊടുക്കാനാവണം.

സ്‌നേഹമുള്ളിടത്ത് ക്ഷീണമില്ല. അധികം സ്‌നേഹിക്കുന്നവര്‍ അധികം പ്രവര്‍ത്തിക്കുന്നു എന്ന് ക്രിസ്താനുകരണത്തില്‍പറയുന്ന ആത്മീയതയിലേക്ക് നമുക്ക് യാത്രയാകാം.അപരന്റെ വേദന എന്റെ വേദനയാക്കാനും അപരനെ സഹായിക്കുന്നത് എന്നെ സഹായിക്കുന്നതിന് തുല്യമാണെന്നും നമുക്ക് മനസ്സിലാക്കാം. അങ്ങനെ,ഈ നോമ്പുകാലം അനുഗ്രഹദായകമാകട്ടെ.

നോമ്പിന്റെ നൊമ്പരങ്ങളെ ആത്മീയതയുടെ ഭാവങ്ങളായി കാണാന്‍  കണ്ണുകള്‍ തുറക്കാം. നമുക്ക് യാത്രയാകാം! നടപ്പാതയില്‍ അതാ വെളിച്ചം വീശി തുടങ്ങിയിരിക്കുന്നു …

ലിബിന്‍ ഒഐസി

You must be logged in to post a comment Login