നടി മോഹിനി ഇനി കരിസ്മാറ്റിക് ഹീലിംഗ് മിനിസ്റ്റര്‍!

കണ്ണടച്ച് തുറക്കും മുന്പ്  ജീവിതത്തില്‍ സംഭവിക്കുന്ന ദൈവികമായ ഇടപെടലുകളെക്കുറിച്ചുള്ള ഓര്‍മ്മ തന്നെ ആരിലും അത്ഭുതമുളവാക്കുന്നതാണ്. അത്തരമൊരു അത്ഭുതത്തിന്റെ കഥയാണ്  ചലച്ചിത്രതാരം മോഹിനിയുടെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്. ഒരു ബ്രാഹ്മിണ കുടുംബത്തിൽ പിറന്ന്, ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയത്തികവ് കൊണ്ട് നിറഞ്ഞുനിന്നിരുന്ന മോഹിനിയുടെ പരിവർത്തനകഥ ദൈവീക ഇടപെടലിന്റെ ഉത്തമ ഉദാഹരണം.

കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലൂടെ കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്ന മോഹിനി പിന്നീട് വചനപ്രഘോഷണ വേദികളിലെ സാന്നിധ്യമായി. ഒടുവിൽ ഇതാ, അമേരിക്കയിലെ വെസ്റ്റേണ്‍ വാഷിംഗ്ടണ്‍ കരിസ്മാറ്റിക് മൂവ്‌മെന്റ് ഹീലിംങ് മിനിസ്റ്ററായി അംഗീകരിച്ചുകൊണ്ട്   ഔദ്യോഗികാനുമതി നല്കിയിരിക്കുന്നു.
രോഗശാന്തി ശുശ്രൂഷകർക്കായി മൂന്നു തലങ്ങളിലായി  നടന്ന പരിശീലനം മികച്ച രീതിയില്‍ പാസായതിന്റെ അടിസ്ഥാനത്തിലാണ് മോഹിനിക്ക് സര്‍ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നത്. ഇതനുസരിച്ച് പ്രസംഗത്തിന് പുറമെ സൗഖ്യശുശ്രൂഷകളും നയിക്കുവാന്‍ മോഹിനിക്ക്  ഔദ്യോഗികമായ അനുവാദംലഭിച്ചിരിക്കുകയാണ്. ലോകത്തെ സന്തോഷിപ്പിക്കുവാന്‍ വിനിയോഗിച്ച അതേ കരങ്ങളിലൂടെ ഇനിമുതല്‍ ദൈവത്തിന്റെ സൗഖ്യശുശ്രൂഷയും അനേകര്‍ക്ക് അനുഭവിക്കാനാവും. ദൈവരാജ്യത്തിലെ ഔദ്യോഗിക പ്രെയര്‍ മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഹിനി ലോകത്തെ അറിയിച്ചത്.

ഈശോയ്ക്കും മാതാവിനും യൗസേപ്പിതാവിനും പ്രിയ കാവല്‍മാലാഖക്കും  നന്ദിപറഞ്ഞുകൊണ്ട് എഴുതിയ കുറിപ്പില്‍ ഭര്‍ത്താവ് ഭരതിനും നന്ദിപറയുന്നുണ്ട്. വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിക്കുകയും ഭര്‍ത്താവുമൊത്ത് അമേരിക്കയില്‍ താമസമാരംഭിക്കുകയും ചെയ്തിരുന്ന ബ്രാഹ്മണസമുദായാംഗമായ മോഹിനിയുടെ ജീവിതത്തിലേക്ക് ക്രിസ്തുവിന്റെ കടന്നുവരവ് അപ്രതീക്ഷിതമായിട്ടായിരുന്നു.

രോഗങ്ങളില്‍ തുടങ്ങിയ തകര്‍ച്ച ദാന്പത്യജീവിതത്തിന്റെ വഴിപിരിയലിൽ വരെ എത്തിനിന്നപ്പോൾ  അവിചാരിതമായി  ഒരു സ്വപ്‌നദര്‍ശനത്തിലൂടെ ക്രിസ്തു മോഹിനിയുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. രോഗസൗഖ്യവും ദാമ്പത്യത്തിലെ വിള്ളലുകള്‍ പരിഹരിക്കപ്പെട്ടതും ക്രിസ്തുവിശ്വാസത്തിലേക്ക് മോഹിനിയെ നയിക്കുകയായിരുന്നു.

You must be logged in to post a comment Login