നന്ദി+ പ്രാര്‍ത്ഥന= സന്തോഷം

നന്ദി+ പ്രാര്‍ത്ഥന= സന്തോഷം

o-HAPPINESS-facebook
ഒരു സന്തോഷവും തോന്നുന്നില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല.. ഇത്തരമൊരു അവസ്ഥയിലൂടെ ഒരിക്കലെങ്കിലും കടന്നുപോകാത്തവരുമായി ആരുമുണ്ടാവുകയുമില്ല.

ശരിയാണ് ചിലപ്പോള്‍  അകാരണമായ വിഷാദങ്ങള്‍ പോലും നമ്മുടെ സന്തോഷങ്ങളെ അപഹരിച്ചുകളയാറുണ്ട്. മറ്റ് ചിലപ്പോഴാവട്ടെ സന്തോഷങ്ങള്‍ ഇല്ലാതാകുന്നതിന് കാരണങ്ങള്‍ അനവധിയുണ്ടായിരിക്കുകയും ചെയ്യും..
രോഗങ്ങള്‍..സാമ്പത്തികപ്രതിസന്ധികള്‍..വേര്‍പാടുകള്‍.. ജോലിഭാരം.. അങ്ങനെ പലതും..
ഇതൊക്കെ ശരിയാണ്..ഇതില്‍ നിന്ന് മാറിനില്ക്കാന്‍ നമുക്ക് കഴിയുകയുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഈ അവസ്ഥയില്‍ നിന്ന് മാറിനിന്ന് നോക്കുമ്പോള്‍ നമുക്ക് സന്തോഷിക്കാനെത്രയോ കാരണങ്ങളാണുള്ളത്! ഒരാള്‍ തനിക്ക് സന്തോഷിക്കാനുള്ള കാരണങ്ങള്‍ ബാഹ്യമായി അന്വേഷിക്കുന്നതാണ് എല്ലാ സന്തോഷങ്ങളും നഷ്ടപ്പെടുന്നതിനും ഒരു കാരണം.

സത്യത്തില്‍ നമുക്ക് നമ്മില്‍ തന്നെ സന്തോഷിക്കാനെത്രയോ കാരണങ്ങളാണുളളത്.. ഇത് പലരും മനസ്സിലാക്കാറില്ല. തന്നിലുള്ള നിധി കണ്ടെത്താതെ മറ്റെവിടെയോ ആണ് നിധിയിരിക്കുന്നതെന്ന് അന്വേഷിച്ചുപോകുന്ന സാന്റിയാഗോ( പൗലോ കൊയ്‌ലോയുടെ കഥാപാത്രം) മാരാകുന്നു പലരും. ഫലമോ അവനവനില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാതെ നാം നിരാശരാകുന്നു.
എപ്പോഴും സന്തോഷിക്കുന്നവരാകുക എന്നതാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം. എപ്പോഴും സന്തോഷിക്കുന്നവരായിരിക്കാന്‍ വിശുദ്ധ ഗ്രന്ഥം നിര്‍ദ്ദേശിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. എല്ലാ കാര്യങ്ങളിലും കൃതജ്ഞത പ്രകാശിപ്പിക്കുക. ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുക.. നന്ദിയില്ലാത്ത ഒരു മനസ്സിന് ഒരിക്കലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല. അതുപോലെ പ്രാര്‍ത്ഥനയില്ലാത്ത ഒരു ജീവിതത്തിലും സന്തോഷമുണ്ടാവുകയില്ല..

അതുകൊണ്ട് നന്ദിയും പ്രാര്‍ത്ഥനയും ചേര്‍ത്ത് നമുക്ക് സന്തോഷങ്ങളെ വരവേല്ക്കാം..

You must be logged in to post a comment Login