നന്നേ ചെറിയൊരു വിമാനത്താവളമുണ്ട്

മക് അലെനിൽ. ടെക്സസ് സംസ്ഥാനത്തിന്റെ തെക്കേയറ്റത്താണ് ഈ സ്ഥലം. മെക്സിക്കോ വളരെ അടുത്താണ്.
മാക് അലെൻ എയർപോർട്ടിൽ നിന്നാണ് എനിക്ക് ഈ യാത്ര തുടങ്ങേണ്ടത്. അവിടെനിന്നു ഹൂസ്റ്റനിലേക്കും ഹൂസ്റ്റനിൽ നിന്ന് ലണ്ടനിലേക്കും. മാക് അലെൻ എയർപോർട്ടിൽ ഞങ്ങൾ എത്തുമ്പോൾ അവിടം പ്രായേണ വിജനം. ഹൂസ്റ്റൻ ഫ്ലൈറ്റ് ഒരു മണിക്കൂർ ലേറ്റ്. അവിടെനിന്നുള്ള ലണ്ടൻ ഫ്ലൈറ്റ് കിട്ടില്ലെന്ന് ഉറപ്പ്.
എന്നോടൊപ്പം ജോജോ പുതുമനയും ജാക്സണും ഉണ്ട്. ‘അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥൻ’ എന്ന് ജോജോയെ വിളിക്കാം എന്ന് തോന്നുന്നു. അസാധ്യം എന്നൊരു വാക്ക് ജോജോയുടെ നിഘണ്ടുവിലും ഇല്ല. ഓരോ കൌണ്ടറിലും കയറി ഇറങ്ങുകയാണ് ജോജോ. ഹൂസ്ടനിൽ ഉടൻ എത്താൻ എന്താണ് മാർഗം എന്ന് തിരയുകയാണ് ആ നല്ല സമരായൻ.
ഒരു മരപ്പാവ പോലെ ഞാൻ അവിടെ ഇരുന്നു. മനസ് ശൂന്യമായിരുന്നു. കണ്ണുനീർ എപ്പോഴോ തീർന്നു പോയിരുന്നു. ആരോ എടുത്തുതന്ന ഹാൻഡ്‌ ലഗേജ് മാത്രമാണ് കയ്യിൽ. പാസ്പോർട്ട് പോക്കറ്റിൽ ഉണ്ട്. ഈ യാത്ര എങ്ങനെ തുടരണം എന്ന് നിശ്ചയം പോരാ. ഞാൻ ഒന്നും ആലോചിച്ചതേയില്ല.
ജോജോ ഓടിക്കിതച്ചു വന്നു പറഞ്ഞു: “നമുക്ക് കോർപ്പസ് ക്രിസ്റ്റി എയർപോർട്ടിൽ ഉടൻ എത്തണം. അവിടെനിന്നു ഹൂസ്റ്റനിൽ എത്താൻ ഉടൻ ഒരു ഫ്ലൈറ്റ് ഉണ്ട്. ഞാൻ വണ്ടിഎടുക്കാം.”
ജാക്സണ്‍ എന്നെ താങ്ങി എഴുന്നേൽപ്പിച്ചു. പുലർച്ചെ കുടിച്ച ഒരു ഗ്ലാസ് കടുംകാപ്പിയാണ് ഇന്നത്തെ ആഹാരം. വിശപ്പ്‌ തോന്നുന്നേയില്ല, ദാഹവുമില്ല. കോർപ്പസ് ക്രിസ്റ്റിയിലേക്കുള്ള ഹൈവേയിൽ സ്പീഡ് ലിമിറ്റ് പോലും നോക്കാതെ പറക്കുകയാണ് ജോജോയുടെ കാർ. ജാക്സണ്‍ എന്റെ നേരെ ഒരു പഴം നീട്ടി. അല്പം ജ്യൂസും. അത് രണ്ടും കഴിക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. നിരസിക്കും തോറും അവർ എന്നെ നിർബന്ധിച്ചു തുടങ്ങി. ഈ ചെറുപ്പക്കാരോട് എനിക്ക് വല്ലാത്ത ആദരവ് തോന്നി. അത്രയൊന്നും പരിചയമില്ലാത്ത ഒരാൾക്കു വേണ്ടി ഇത്രമേൽ കരുതൽ കാണിക്കുന്ന ഇവരാണ് ക്രിസ്തുവിനെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുതുന്നത്.
കോർപ്പസ് ക്രിസ്റ്റി എയർപോർട്ടിൽ എത്തുമ്പോൾ ഹൂസ്റ്റൻ വിമാനം പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കി. ചെക്ക്‌ ഇൻ കൌണ്ടറിലും ജോജോ തുണയായി. സെക്യൂരിറ്റി കൌണ്ടറിനു മുന്നിൽ വച്ച് ജോജോയും ജാക്സണും യാത്ര പറഞ്ഞു. ഇനി ഈ യാത്ര തനിച്ചാണ്.
കോർപസ് ക്രിസ്റ്റിയിൽ നിന്ന് ഹൂസ്റ്റനിലേക്ക്ക്ക് ഒരു മണിക്കൂർ ആണ് യാത്രാദൂരം. യുനൈറ്റെഡു എയർലൈൻസ് വക നന്നേ ചെറിയൊരു വിമാനം. നാൽപ്പതിൽ താഴെ മാത്രം ഇരിപ്പിടങ്ങൾ. ആഫ്രോ അമേരിക്കക്കാരിയായ ഒരേയൊരു എയർഹോസ്റ്റസ്. വിമാനം പറന്നുയർന്നതോടെ എന്റെ നിയന്ത്രണങ്ങൾ നഷ്ടമായി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാനിരുന്നു കരഞ്ഞു. ചില യാത്രക്കാർ സഹതാപത്തോടെ എന്നെയൊന്നു നോക്കി. പിന്നെ, അവരവരുടെ ലോകത്തേക്ക് മടങ്ങി.
എയർ ഹോസ്റ്റസ് എന്റെ അരുകിൽ വന്നിരുന്നു. അപ്പോൾ അവരുടെ കൈവശം ഒരു കുപ്പി വെള്ളവും ഒരു പ്ലാസ്റ്റിക് ഗ്ലാസും ഒരു പാക്കറ്റ് പേപ്പർ ടിഷ്യൂവും ഉണ്ടായിരുന്നു. അവർ എന്റെ പുറത്തുതട്ടി എന്നെ ആശ്വസിപ്പിച്ചു തുടങ്ങി. കുറച്ചു വെള്ളം പകർന്നു എനിക്ക് നൽകി; കണ്ണുകൾ തുടയ്ക്കാൻ ടിഷ്യൂവും. ഞാൻ ഓർത്തു, ദൈവം ഇങ്ങനേയും ഇടപെടാറുണ്ട്. അവിടുത്തെ കരുതലിനു നന്ദി.
ഹൂസ്റ്റൻ എയർപോർട്ടിൽ ആരോ പറഞ്ഞുവച്ചതുപോലെ ആയിരുന്നു കാര്യങ്ങൾ. സെക്യൂരിറ്റി ചെക്ക്‌ പോയിന്റ്‌ ഞാൻ കടന്നില്ല. ആരോ ഒരാൾ എന്നെ കണക്ഷൻ ഫ്ലൈറ്റ് പുറപ്പെടുന്ന ഗേറ്റിൽ എത്തിച്ചു.
പത്തര മണിക്കൂർ ആയിരുന്നു ഹൂസ്റ്റനിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രാദൂരം. ഇരുണ്ട ആകാശത്ത് അവിടവിടെ ചില വെളിച്ചത്തിന്റെ പൊട്ടുകൾ. അങ്ങുതാഴെയും ചില തിളക്കങ്ങളുടെ സുവർണനൂലുകൾ.
ഞാൻ നിശ്ചയിച്ചു: ഇതൊരു നീണ്ട സ്വപ്നത്തിന്റെ ബാക്കിയാണ്. ഉള്ളിൽ സങ്കടത്തിന്റെ വിളവെടുപ്പ് ഉത്സവം നടത്തുന്ന ഒരു ദീർഘസ്വപ്നം. മിനി, എന്റെ പെണ്ണ്. എന്റെ ഹൃദയത്തിന്റെ താളം. “ശാന്തിമോൻ, എനിക്ക് സ്നേഹിച്ചു കൊതിതീർന്നിട്ടില്ല”- പലകുറി പറഞ്ഞിട്ടുണ്ട് അവൾ. അവൾക്ക് അങ്ങനെയങ്ങ് പോകാനാവുമോ?
ഏയ്‌, ഇതൊരു സ്വപ്നം മാത്രം. ഞാൻ എപ്പോഴോ, ഉണരാൻ പോകുകയാണ്. കണ്ണുതിരുമ്മി ഉണരുമ്പോൾ എന്റെ പിൻകഴുത്തിൽ അവളുടെ പരിചിതമായ ശ്വാസത്തിന്റെ താളമറിയും ഞാൻ.
വിമാനത്തിൽ എല്ലാവരും ഉറക്കത്തിലാണ്. എയർഹോസ്റെസ് ഇടക്കിടെ അന്വേഷിക്കുന്നു: “സംതിങ്ങ് ടു ഡ്രിങ്ക്?”
ഞാൻ ആലോചിച്ചു. ഒരൽപ്പം മദ്യം വാങ്ങിക്കുടിച്ച് ഉറങ്ങാൻ ശ്രമിച്ചാലോ? പത്തുകൊല്ലം മുൻപാണ് അവസാനമായി മദ്യപിച്ചത്. അതിനുമുന്പ് വല്ലപ്പോഴും സുഹൃത്തുക്കൾക്കൊപ്പം. ക്രിസ്തുവിനെ അറിഞ്ഞുകഴിഞ്ഞപ്പോൾ അവൻ മാത്രമായി ലഹരി.
ഇല്ല, ഒരു ലഹരിക്കും ഇന്ന് എന്നെ ഉറക്കാനാവില്ല.
പക്ഷേ, ആകാശം കറുത്ത് കിടക്കുന്ന ഈ രാത്രിയിൽ ക്രിസ്തു പോലും എന്നെ കൈവിട്ടുകഴിഞ്ഞു. അല്ലെങ്കിലും ദൈവം അങ്ങനെയാണ്! കാൽവരിയിൽ പുത്രൻ തൂങ്ങിയാടുമ്പോൾ നിലവിളിച്ചു കരഞ്ഞതാണ്; അന്നേരവും ബാധിര്യം നടിച്ചു അപ്പൻ.
ഒരു ജപമാല ചൊല്ലിയാലോ? കൊന്ത കയ്യിലെടുത്തു. ഇല്ല, ഒരു ദശകം പോലും മുന്നോട്ട് നീങ്ങുന്നില്ല. ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ് സമയം.
എന്റെ ജീവന്റെ പാതി, ഇപ്പോൾ തണുത്തുറഞ്ഞ ഒരു മോർച്ചറിയിൽ! ആ ഓർമയിൽ ഒരു കൊള്ളിയാൻ പ്രഹരത്തിൽ എന്നപോലെ ഞടുങ്ങിക്കരഞ്ഞു ഞാൻ. ഈ ഉറക്കമില്ലാത്ത രാത്രിയാണ് എന്റെ ജീവിതത്തിലെ ‘പർഗേറ്ററി’; ശുദ്ധീകരണസ്ഥലം. മരണമേ, വരിക, എന്നെയും കൂടി കൊണ്ടുപോവുക. ഉൾപിടയലോടെ ഞാൻ കരഞ്ഞുകൊണ്ടിരുന്നു.
ഒടുക്കം, ആകാശത്ത് വെളിച്ചം നിറഞ്ഞുതുടങ്ങി. അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിൽ എവിടെയോ ആകണം വിമാനം. ഉച്ചയോടെ ലണ്ടൻ ഹീത്രൂവിൽ എത്തുമെന്ന് പൈലറ്റിന്റെ അറിയിപ്പ്. കണ്‍പോള പോലും ചിമ്മാതെ ഒരു രാത്രി കടന്നുപോയിരിക്കുന്നു. പ്രഭാതഭക്ഷണം നിറച്ച ട്രേകളുമായി വ്യോമപരിചാരകർ. ഒന്നും വേണ്ടെന്നു പറഞ്ഞു ഞാൻ. “അറ്റ്‌ലീസ്റ്റ് എ കോഫി?” ചെറുപ്പക്കാരനായ ഒരാൾ തിരക്കി.
അതും എനിക്ക് ആവശ്യമില്ല. വല്ലാതൊന്നു നോക്കി അവർ എന്നെ കടന്നുപോയി.
ഇനിയുമുണ്ട് ഏതാനും മണിക്കൂറുകൾ. ദൈവമേ, അതൊന്നു കടന്നുപോകാൻ നീയെന്നെ അനുഗ്രഹിക്കുക. ഞാൻ മക്കളെ ഓർമിച്ചു. പിതാവേ, ഈ രാത്രി അവർ എങ്ങനെ കടന്നുപോയിക്കാണും? അമ്മയില്ലെന്ന സത്യം അവർ എങ്ങനെ ഉൾക്കൊണ്ടുകാണും? ഹൃദയം പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി എനിക്ക്.
അറ്റ്‌ലാന്റിക്കിനു മുകളിൽ യുണൈറ്റെഡു എയർലൈൻസ്‌ വിമാനം അപ്പോഴും ഉലയാതെ പറന്നുകൊണ്ടിരുന്നു..

You must be logged in to post a comment Login