നമുക്ക് അവനോടൊപ്പം ആ കാല്‍വരി മല കയറാം

നമുക്ക് അവനോടൊപ്പം ആ കാല്‍വരി മല കയറാം

പലപ്പോഴും പറയുന്നതും അല്ലെങ്കില്‍ കേള്‍ക്കുന്നതുമാണ് ‘ഇതെന്തൊരു കുരിശാണ്, ഇതെന്തൊരു ശിക്ഷയാണ് എന്നൊക്കെ. കുരിശ് ഒരു ശിക്ഷ ആണോ? കുരിശ് ഒരുവന് അനുവദനീയമാണോ? ഈ കുരിശ് നമുക്ക് നല്‍കപ്പെട്ടതാണോ?

തിരുവചനം പറയുന്നു ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. ‘(മത്തായി 16.24) എന്നാല്‍ എന്തുകൊണ്ടാണ് നമ്മുടെ കുരിശിന് ഭാരം തോന്നുന്നത്? നമ്മള്‍ ചുമക്കുന്ന അല്ലെങ്കില്‍ ചുമക്കേണ്ടിവരുന്ന കുരിശ് നമുക്ക് അര്‍ഹതപ്പെട്ടതല്ലെന്നും ശിക്ഷ ആയിരിയ്ക്കുമെന്നും ഇത് ചുമക്കാന്‍ വയ്യാതായിരിയ്ക്കുന്നു എന്നുമൊക്കെ കരുതുമ്പോഴാണ് കുരിശിന് ഭാരം തോന്നുന്നതും ചുമക്കാന്‍ പറ്റാതെ ഇടറി വീഴുകയും ചെയ്യുന്നത്.

ഈശോ കുരിശ് ചുമന്നത് ഒരു അര്‍ഹതയും ഉണ്ടായിട്ടല്ല. എന്നിട്ടും ഈശോ പറയുന്നു കുഞ്ഞേ എന്റെ ഈ തോളില്ലേ നിന്റെ ഭാരം ചുമക്കാന്‍. ഞാന്‍ കാല്‍വരിയില്‍ ചിന്തിയ രക്തമില്ലേ നിന്റെ പാപങ്ങള്‍ കഴുകാന്‍. എന്റെ ഹൃദയം ഇതാ നിനക്കായി തുടിയ്ക്കുന്നത് നീ കാണുന്നില്ലേ?

നമ്മുടെ വിഗ്രഹങ്ങളുടെ കനം കൂടുമ്പോള്‍ ഈശോയുടെ കുരിശിന്റെ ഭാരവും കൂടുന്നു. ഈശോ വീണ്ടുംം നമ്മെ നോക്കി പറയുന്നു ഞാന്‍ ഇടത്തേയ്ക്കും വലത്തേയ്ക്കും തിരിഞ്ഞുനോക്കി എന്നെ അനുഗമിക്കുവാനും ആശ്വസിപ്പിക്കാനും ആരേയും ഞാന്‍ കണ്ടില്ല.

സഹോദരങ്ങളെ നമുക്കും ഈശോയെ ഒന്ന് ആശ്വസിപ്പിക്കാം. ആ കുരിശിന്റെ ഭാരം കുറയ്ക്കാം. പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ഭാരമുള്ള ആ കുരിശ് ശിമയോനെപ്പോലെ നമുക്കും ഒന്ന് താങ്ങിക്കൊടുക്കാം.

കുരിശ് അനുഗ്രഹീതമാണെന്നു തിരിച്ചറിഞ്ഞ് നമ്മുടെ ജീവിതമാകുന്ന കുരിശുമേന്തി നമുക്ക് ഈശോയോടൊപ്പം ആ കാല്‍വരി മല കയറി സ്വര്‍ഗം ലക്ഷ്യമാക്കാം. കൂടെ നടക്കാന്‍ ഈശോ ഉണ്ടെങ്കില്‍ നമ്മുടെ കുരിശിന് ഒരു ഭാരവുമില്ല.

കര്‍ത്താവേ എന്റെ ജീവിതമാകുന്ന കുരിശ് ഈശോയുടെ കുരിശിനോട് ചേര്‍ത്തുവച്ച് ഈശോയുടെ കൂടെ നടക്കുവാനുള്ള ധൈര്യവും ബലവും തരണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ നോമ്പുകാലം ഫലപ്രദമാക്കാന്‍ നമുക്ക് ശ്രമിക്കാം.

സുമോള്‍ സണ്ണി

You must be logged in to post a comment Login