നമ്മുടെ വീടുകളിലെ ധൂര്‍ത്തപുത്രന്മാരും മൂത്തപുത്രന്മാരും

നമ്മുടെ വീടുകളിലെ ധൂര്‍ത്തപുത്രന്മാരും മൂത്തപുത്രന്മാരും

എല്ലാ വീടുകളിലും അവരുണ്ട്, ധൂര്‍ത്തപുത്രനും മൂത്തപുത്രനും. ഓരോരുത്തരുടെയും ഉള്ളിലുള്ള സാധ്യതകള്‍ എന്നതിന് പുറമെ വീടുകളുടെ സൃഷ്ടി കൂടീയാണവ. എങ്ങനെയാണ് മൂത്തപുത്രനുണ്ടാകുന്നത്? എങ്ങനെയാണ് ധൂര്‍ത്തപുത്രനുണ്ടാകുന്നത്? രണ്ടുപേരെയും സൃഷ്ടിക്കുന്നത് വീടുകളാണ്. നമ്മള്‍ തന്നെയാണ്.

വീടുകളില്‍ ആദ്യം പിറന്നുവീഴുന്ന കുഞ്ഞുങ്ങളെല്ലാം മൂത്തപുത്രന്മാരാണ്. ഒരുപാട് ലാളനകളും വാത്സല്യവും സ്‌നേഹവും അവര്‍ക്ക് കിട്ടുന്നുണ്ട്, ഒരുപക്ഷേ രണ്ടാമതൊരു കുഞ്ഞ് ആ വീട്ടില്‍ പിറക്കും വരെ.

രണ്ടാമതൊരു കുഞ്ഞിനെ ലഭിക്കുന്നതോടെ വീട്ടുകാരുടെ മുഴുവന്‍ ശ്രദ്ധയും അതിന്മേലാകുന്നു. സ്വഭാവികമായും അപ്പോള്‍ മൂത്തപുത്രന്‍ രണ്ടാം നിരയിലേക്കാക്കപ്പെടുന്നു. ആരും മനപ്പൂര്‍വ്വം ചെയ്യുന്നതല്ല അത്, അങ്ങനെ സംഭവിച്ചുപോകുന്നതാണ്. പറയാന്‍ അതിന് ന്യായീകരണവുമുണ്ട്. മൂത്തകുട്ടിയെക്കാള്‍ പരിഗണനയും പരിചരണവും കൂടുതല്‍ വേണ്ടത് രണ്ടാമത്തെ കുട്ടിക്കാണല്ലോ. അത് ശരിയുമാണ്.

പക്ഷേ നമ്മള്‍ രണ്ടാമത്തെ കുഞ്ഞിന് കൊടുക്കുന്നതായ അവശ്യ പരിഗണനകളും സ്‌നേഹലാളനകളും മൂത്തപുത്രന്റെ ഉള്ളില്‍ മുറിവുകള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതവന്‍ ചിലപ്പോള്‍ പുറമെ കാണിക്കുന്നില്ലായിരിക്കാം. എന്നാല്‍ ഒരവസരം വന്നുകഴിയുമ്പോള്‍ അവരത് പുറമേയ്ക്ക് കാണിക്കാതിരിക്കില്ല.

നീ മൂത്തവനല്ലേ, നീ വലിയ ആളല്ലേ, ഇത് കുഞ്ഞുവാവയല്ലേ ഇതാണ് മൂത്ത ആളോടുള്ള നമ്മുടെ മട്ട്. രണ്ടാമത്തെ കുഞ്ഞിനെ തന്റേതായി സ്വീകരിക്കാന്‍ കഴിയത്തക്കവിധത്തില്‍ മൂത്ത കുഞ്ഞിനെ ഒരുക്കിയെടുക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയാറില്ല.

ചിലപ്പോഴതിന് കാരണം അധികം പ്രായവ്യത്യാസമില്ലാതെയാണ് രണ്ടാമതൊരു കുഞ്ഞ് ജനിച്ചുവീഴുന്നത് എന്നതാവാം. ഒന്നും ഒന്നരയും വയസിന്റെ പ്രായവ്യത്യാസത്തില്‍ കുഞ്ഞുങ്ങള്‍ പിറന്നുവീഴുമ്പോള്‍ തിരിച്ചറിവില്ലാത്ത മൂത്തകുട്ടിയോട് എന്തുപറഞ്ഞുകൊടുക്കാനാണ്? ഇങ്ങനെ സംഭവിക്കുമ്പോള്‍ നമ്മുടെ മുഴുവന്‍ ശ്രദ്ധയും തിരിയുന്നത് രണ്ടാമത്തെ കുഞ്ഞിന് നേര്‍ക്കായിരിക്കും.

തല്‍ഫലമായി കിട്ടേണ്ടതൊന്നും കിട്ടേണ്ടവിധത്തില്‍ കിട്ടാതെ മൂത്തകുഞ്ഞുങ്ങള്‍ വളര്‍ന്നുവരുന്നു. അവര്‍ നമ്മുടെ വളരെയടുത്തായിരിക്കും..എന്നാല്‍ മനസ്സുകൊണ്ട് അവര്‍ നമ്മില്‍ നിന്ന് വളരെ അകലെയായിരിക്കും… ഇന്നലെവരെ ലോകം കറങ്ങിയിരുന്നത് തനിക്ക് ചുറ്റിനും മാത്രമായിരുന്നു. ഇന്നാവട്ടെ എല്ലാ ശ്രദ്ധയും മറ്റൊരാളിലേക്ക്..അതെങ്ങനെ സഹിക്കാനാവും? മൂത്തപുത്രന്റെ ധര്‍മ്മസങ്കടം ഇങ്ങനെയാണ് ആരംഭിക്കുന്നത്.

കുഞ്ഞുങ്ങളുടെ പിടിവാശികളെല്ലാം അംഗീകരിച്ചുകൊടുത്ത്, അവരെ കരയിപ്പിക്കരുതെന്ന് തീരുമാനിച്ച്, അവര്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുത്ത്, അവരുടെ ഇഷ്ടങ്ങളെ മാത്രം കണക്കിലെടുത്ത് വീടുകളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍.. അങ്ങനെയെല്ലാമാണ് വീടുകളില്‍ ധുര്‍ത്തപുത്രന്മാര്‍ സൃഷ്ടിക്കപ്പെടുന്നത്. മൂത്തപുത്രന്മാര്‍ക്ക് നിഷേധിക്കപ്പെടുന്നതെല്ലാം ഇളയകുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

അപ്രകാരം കിട്ടുന്ന സ്‌നേഹം പലപ്പോഴും അവരെ ധൂര്‍ത്തന്മാരാക്കി മാറ്റുകയും ചെയ്യുന്നു. തനിക്ക് ലഭിക്കാതെ പോകുന്നതും മറ്റെയാള്‍ക്ക് ലഭിക്കുന്നതും… ഇതാണ് മൂത്തപുത്രന്മാരുടെ മനസ്സിലെ വേദന.

ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, രണ്ടാമതൊരു കുഞ്ഞ് ഉണ്ടാകുന്നതുവരെ വളരെ ആക്ടീവായിരുന്ന ചില കുട്ടികളൊക്കെ നിശ്ശബ്ദതയിലേക്കും നിരുത്സാഹത്തിലേക്കും വഴിതിരിയുന്നത്. ഇളയ ആള്‍ക്ക് കിട്ടുന്ന പരിഗണനകള്‍ മൂത്ത ആളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന ചില ആഘാതങ്ങളാണ് അതിന് ചിലപ്പോഴെങ്കിലും കാരണം.

പഠിക്കാന്‍ മിടുക്കനായിരുന്നവന്‍ ഉഴപ്പിത്തുടങ്ങുന്നു.. അപ്പനെയും അമ്മയെയും വേര്‍പിരിഞ്ഞുനില്ക്കാത്തവന്‍ മറ്റ് ചില ബന്ധങ്ങളിലേക്ക് കൂടുതല്‍ ചാഞ്ഞുതുടങ്ങുന്നു..അനാവശ്യമായ പിടിവാശികളും വഴക്കുകളും.. നിര്‍ത്താത്ത കരച്ചില്‍…താന്‍ വീട്ടില്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല, വീട് തന്നെ കൈവിട്ടുതുടങ്ങി എന്ന ചിന്ത അവരില്‍ വളര്‍ന്നുവലുതാകാന്‍ തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണത്.

ചിലപ്പോള്‍ മക്കളുടെ ചില സ്വഭാവപ്രത്യേകതള്‍ അവരെ നമ്മുക്ക് ഹൃദയത്തിന് കൂടുതല്‍ ഇണങ്ങിയവരാക്കിമാറ്റിയേക്കും.
എന്നാല്‍ ആ സ്‌നേഹം മറ്റ് മക്കള്‍ക്ക് ആ കുഞ്ഞിനോടോ നിങ്ങളോടോ ഉള്ള ശത്രുതയ്ക്ക് വഴിതെളിക്കരുത്. സ്‌നേഹം പ്രകടിപ്പിക്കേണ്ടതുതന്നെ. എന്നാല്‍ അങ്ങനെ പ്രകടിപ്പിക്കുമ്പോള്‍ അത് ആര്‍ക്കെങ്കിലും ദോഷം ചെയ്യുന്നുവെങ്കില്‍ അത് വിവേകത്തോടെ വിനിമയം ചെയ്യണം. മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹത്തിന്റെ കാര്യത്തിലും ഈ നിയമം ബാധകമായിരിക്കണം.

മൂത്തകുട്ടിയെ അവഗണിക്കാതെ തന്നെ ഇളയകുഞ്ഞിനെ സ്‌നേഹിക്കാനും പരിഗണിക്കാനും നമുക്ക് സാധിക്കണം. രണ്ടാമതൊരു കുഞ്ഞിനെ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ മാത്രമല്ല അതിന് നേരത്തെതന്നെ പ്രാര്‍ത്ഥിച്ചൊരുങ്ങേണ്ടത്. നിങ്ങളുടെ മൂത്ത കുഞ്ഞിനെക്കൂടി അതിനായി ഒരുക്കിയെടുക്കേണ്ടതുണ്ട്.

അവന്റെ പ്രാര്‍ത്ഥനകളില്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയും പ്രാര്‍ത്ഥനകള്‍ കരുതിവയ്ക്കുക. അവന്റെ കുഞ്ഞായി രണ്ടാമത്തെ കുഞ്ഞ് മാറട്ടെ..അതിന് വേണ്ടി കാത്തിരിക്കുവാന്‍ അവനെ പഠിപ്പിക്കുക..പ്രചോദിപ്പിക്കുക.. അവന് നല്കാനുള്ളത് മൂത്തയാളെ ഏല്പിക്കുക..കൊടുക്കുന്നതിന്റെയും പങ്കുവയ്ക്കുന്നതിന്റെയും പാഠങ്ങള്‍ അവന്‍ അഭ്യസിക്കട്ടെ..

ഏറ്റവും പ്രയാസമേറിയ കലയായി പേരന്റിംങ് ഇന്ന് മാറിയിരിക്കുന്നു. കരുതലോടെ, വിവേകത്തോടെ, പ്രാര്‍ത്ഥനകളോടെ മക്കളെ വളര്‍ത്തുന്നവരായി നാം മാറേണ്ടിയിരിക്കുന്നു.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login