നരകത്തിലെ മാലാഖ

1941-44 കാലഘട്ടം. ജര്‍മ്മന്‍ അധിനിവേശ പാരീസ് പ്രവിശ്യയിലൂടെ ഒരു സൈക്കിള്‍യാത്രക്കാരന്‍ കടന്നുപോവുകയാണ്. അയാളുടെ സൈക്കിളിന്റെ കാരിയറിലെ സഞ്ചി നിറയെ എന്തൊക്കെയോ സാധനങ്ങളുണ്ട്. അതിന്റെ ഭാരം കൊണ്ട് സൈക്കിള്‍ ചവിട്ടാന്‍ ആ യാത്രക്കാരന്‍ ആയാസപ്പെടുന്നുണ്ട്.

ളോഹയാണ് അദ്ദേഹത്തിന്റെ വേഷം.ഓ! അദ്ദേഹം ഒരു പുരോഹിതനാണല്ലേ.. അദ്ദേഹം എങ്ങോട്ടാണ് ഇത്ര തിടുക്കത്തില്‍ സൈക്കിള്‍ ചവിട്ടുന്നത്? അദ്ദേഹം ആരാണ്?എവിടേയ്ക്കാണ് പോകുന്നത്? എന്തൊക്കെയാണ് സഞ്ചിയിലുള്ളത്?

അത് ഫാ. ഫ്രാന്‍സെ സ്‌റ്റോക്ക് ആണ്. നാസികളുടെ പാരീസ് തടവുകാര്‍ക്കായുള്ള ജര്‍മ്മന്‍ ചാപ്ലയിന്‍. പാരീസ് പ്രവിശ്യയില്‍പെട്ട ഫ്രെസ് നെസ് ജയിലിലേക്കാണ് അദ്ദേഹത്തിന്റെ ആ യാത്ര. പതിനഞ്ചോളം കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി അദ്ദേഹം എത്തിച്ചേരുന്നത് ആ ജയിലിലിണ്.

അവിടെ 1500 സെല്ലുകളിലായി അയ്യായിരത്തോളം തടവുകാര്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ളോഹയുടെയും ഓവര്‍ക്കോട്ടിന്റെയും രഹസ്യപ്പോക്കറ്റുകളില്‍ ആ തടവുകാര്‍ക്കുള്ള വിവിധ സാധനങ്ങളുണ്ട്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന് പറയാവുന്ന വിധത്തിലുള്ള വിവിധ സാധനങ്ങള്‍..

പേന, പേപ്പര്‍, ചോക്ലേറ്റ്.. അതിനെല്ലാം അപ്പുറം വീട്ടുകാര്‍ എഴുതി കൊടുത്തുവിട്ട കത്തുകള്‍.. എല്ലാം എത്തിക്കുന്നത് അച്ചന്‍ വഴിയാണ്.

നാസികളുടെ പീഡനങ്ങള്‍ക്ക് വിധേയരായി ഒടുവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോള്‍ ആ തടവുകാരെ നല്ല മരണത്തിനൊരുക്കിയതും അനേകരുടെ ജീവിതത്തിന്റെ അന്ത്യനിമിഷങ്ങള്‍ക്ക് കാവലാളായതും ഈ വൈദികനായിരുന്നു. അദ്ദേഹം ആ തടവുകാര്‍ക്ക് ആശ്വാസമായിരുന്നു..സാന്ത്വനമായിരുന്നു..സ്‌നേഹമായിരുന്നു. അദ്ദേഹം കൂടി ഇല്ലായിരുന്നുവെങ്കില്‍ ആ തടവുകാരുടെ ജീവിതം ഇനിയും എത്രയോ ഇരുള്‍നിറഞ്ഞതാകുമായിരുന്നു. അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ അവസാനത്തെ മനുഷ്യമുഖം എന്ന് വിശേഷിപ്പിച്ചത്. അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ നരകത്തിലെ കാവല്‍മാലാഖ എന്ന് വിളിച്ചത്.

ഫാ. സ്‌റ്റോക്കിന്റെ കുറിപ്പുകളില്‍ നിന്ന് നാം അക്കാര്യം ഇങ്ങനെ മനസ്സിലാക്കുന്നു, 1942 ജനുവരി 28 വരെ 863 വധശിക്ഷകള്‍. അതില്‍ 701 എണ്ണം വരെ ഫാ. സ്റ്റോക്ക് പങ്കെടുത്തു. 1300 മുതല്‍ 1500 വരെ പേരുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയായിരുന്നു. 1941 ഡിസംബറില്‍ ഫാ.സ്റ്റോക്കിന്റെ കുറിപ്പില്‍ നാം ഇങ്ങനെ വായിക്കുന്നു ഈ ആഴ്ചയില്‍ മാത്രമായി 72 പേരെ ഞാന്‍ നല്ല മരണത്തിനൊരുക്കുകയും അവരുടെ അവസാനനിമിഷങ്ങളില്‍ സഹായിയാവുകയും അവരെ സംസ്‌കരിക്കുകയും ചെയ്തു.

മരണം ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ നിന്ന് ഒരാള്‍ക്കും രക്ഷപ്പെടാനാവില്ല. പക്ഷേ അത് മുന്‍കൂട്ടി അറിഞ്ഞ് ഇന്ന ദിവസം ഇന്ന നിമിഷം താന്‍ വധിക്കപ്പെടുമെന്ന് തിരിച്ചറിയപ്പെടുന്ന ഒരാളുടെ അവസ്ഥ എത്ര ഭീകരമായിരിക്കും? അതിലേറെ കഷ്ടമല്ലേ ആ നിമിഷങ്ങള്‍ക്ക് ഇനിയും ആയുസിന്റെ പുസ്തകത്തില്‍ ജീവിതം ബാക്കിയായിരിക്കുന്ന ഒരാള്‍ സാക്ഷ്യംവഹിക്കുന്നത്? മരിക്കുന്ന ആളുടെ അത്രയുംതീ വ്രവേദന അയാളും അനുഭവിക്കുന്നുണ്ട്. ആ നിമിഷങ്ങള്‍ അയാളെ അത്രമാത്രം സ്വാധീനിക്കുന്നുമുണ്ട്. അതുകൊണ്ടാണ്‌
മരണം പെയ്തിറങ്ങുന്ന അത്തരം ചുറ്റുപാടുകളില്‍  ഫാ. സ്‌റ്റോക്ക് ഇങ്ങനെ വിലപിച്ചത്.” ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ എനിക്കെങ്ങനെ ശക്തികിട്ടുന്നുവെന്ന് ഞാന്‍ ചില നേരങ്ങളില്‍ അത്ഭുതപ്പെടുന്നു. “

അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിച്ച കവി റെയ്ന്‍ഹോര്‍ഡ് ഷിന്‍ഡിയര്‍ അതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ദിവ്യകാരുണ്യത്തില്‍ നിന്ന് ശക്തിസ്വീകരിക്കുന്നതുകൊണ്ടാണ് എല്ലാ സഹനങ്ങളെയും സ്വീകരിക്കാന്‍ അദ്ദേഹത്തിന് കരുത്ത് ലഭിക്കുന്നത്.

1904 സെപ്റ്റംബര്‍ 21 ന് വെസ്റ്റ് സെന്‍ട്രല്‍ ജര്‍മ്മനിയിലാണ് ഫാ. സ്റ്റോക്ക് ജനിച്ചത്. ഒമ്പതുമക്കളില്‍ മൂത്ത ആളായിരുന്നു അദ്ദേഹം. ഒന്നാം ലോകമഹായുദ്ധത്തിന്റെ ദുരന്തവും കാത്തലിക് അസോസിയേഷന്റെ സ്വാധീനവും വളരെ ചെറുപ്പത്തിലേ സമാധാനത്തിന്റെ മഹാസ്‌നേഹിയാക്കി അദ്ദേഹത്തെ മാറ്റിയിരുന്നു.

ഫ്രാന്‍സും ജര്‍മ്മനിയും തമ്മില്‍ പൊതുവായ ക്രൈസ്തവപാരമ്പര്യത്തിന്റെ പേരില്‍ അനുരഞ്ജനപ്പെടുന്നത് അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമായിരുന്നു.
1928 ല്‍ രണ്ടുവര്‍ഷത്തെ സെമിനാരി പഠനത്തിന് ശേഷം പാരീസിലെ കാത്തലിക് ഇന്‍സ്റ്റിറ്റിയട്ടില്‍ ദൈവശാസ്ത്രപഠനത്തിന് അദ്ദേഹത്തിന് അനുവാദം കിട്ടി. അതേക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് ജോസഫ് ഫോളിയറ്റ് പില്ക്കാലത്ത് എഴുതിയത് അന്നത്തെ മാനസികഭാവമനുസരിച്ച് ഒരു ജര്‍മ്മന്‍വിദ്യാര്‍ത്ഥിയെ പാരീസ് അത്രകണ്ട് സ്വാഗതം ചെയ്തിരുന്നില്ല എന്നാണ്. 1932 മാര്‍ച്ച് 12 ന് അദ്ദേഹം അഭിഷിക്തനായി.

ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതിന് ശേഷം കര്‍ദിനാള്‍ വെര്‍ദിയര്‍ ഫാ. സ്റ്റോക്കിനെ പാരീസിലെ ജര്‍മ്മന്‍ കാത്തലിക് ഇടവകയിലെ പാസ്റ്ററായി നിയോഗിച്ചു. വളരെ സന്തോഷത്തോടെയാണ് അച്ചന്‍ അത് സ്വീകരിച്ചത്.

1934 സെപ്റ്റംബറില്‍ അവിടെയെത്തിച്ചേര്‍ന്ന അച്ചന്‍ കുടുംബത്തിന് എഴുതിയ കത്തില്‍ ഇങ്ങനെ എഴുതി: ഇവിടെ കാര്യങ്ങള്‍ അത്ര എളുപ്പത്തിലല്ല. എങ്കിലും ഞങ്ങള്‍ ദൈവത്തില്‍ ശരണപ്പെടുന്നു. അങ്ങനെ ഞങ്ങള്‍ ലക്ഷ്യം പ്രാപിക്കുകയും ചെയ്യും..

സത്യത്തില്‍ ചെകുത്താനും കടലിനും നടുവില്‍ പെട്ട സാഹചര്യമായിരുന്നു പാരീസില്‍ അച്ചനുണ്ടായിരുന്നത്. നാസികളോടുള്ള അദ്ദേഹത്തിന്റെ താല്പര്യക്കുറവ് നിമിത്തം ജര്‍മ്മന്‍ അധികാരികള്‍ക്ക് അദ്ദേഹം പ്രീതിപാത്രമായിരുന്നില്ല. അതേ സമയം ഒരു ഫ്രഞ്ച് പ്രസിദ്ധീകരണം കുത്തുവാക്കുകളെഴുതിപ്പിടിപ്പിച്ച്അദ്ദേഹത്തിനെതിരെ അപവാദപ്രചരണം നടത്തുകയും ചെയ്തു. ഗസ്റ്റപ്പോയ്ക്കുവേണ്ടിയാണ് അച്ചന്‍ പ്രവര്‍ത്തിക്കുന്നതെന്ന്. സത്യം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു.

ജര്‍മ്മന്‍ അഭയാര്‍ത്ഥികളെ അച്ചന്‍ സാമ്പത്തികമായി സഹായിച്ചിരുന്നു, അക്കൂട്ടത്തില്‍ യഹൂദരും ഉള്‍പ്പെട്ടിരുന്നു. അപവാദങ്ങള്‍ നേരിടാനായി അദ്ദേഹം 1937 ല്‍ സമാധാനത്തിന് വേണ്ടി ഒരു ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. ലോകത്തിന് അനുരൂപപ്പെട്ട് ജീവിച്ച വ്യക്തിയായിരുന്നില്ല അദ്ദേഹം. ഫ്രാന്‍സിനെയും ജര്‍മ്മനിയെയും അദ്ദേഹം സ്‌നേഹിച്ചു. ആത്മാക്കളുടെ രക്ഷമാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇതേ തെറ്റിദ്ധാരണ ജയില്‍വാസികള്‍ക്കും അദ്ദേഹത്തോടുണ്ടായിരുന്നു. ശത്രുക്കളുടെ ഏജന്റായിട്ടാണ് അച്ചനെ അവര്‍ ആദ്യം കണ്ടത്. ഗസ്റ്റപ്പോയില്‍ നിന്ന് വൈദികവേഷം കെട്ടി കുമ്പസാരരഹസ്യം വരെ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടന്നിരുന്നതുകൊണ്ട് അക്കാര്യത്തില്‍ അവരയെയും കുറ്റം പറയാനാവില്ല. നാസികളെ പിന്തുണയ്ക്കുന്ന ആള്‍ എന്നായിരുന്നു മറ്റ് ചിലരുടെ ആരോപണം.

എന്നാല്‍ പ്രവൃത്തികള്‍കൊണ്ട് വിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ ഫാ. സ്റ്റോക്കിന് കഴിഞ്ഞു. കത്തോലിക്കാവിശ്വാസികളായ ജയില്‍വാസികളെ കത്തോലിക്കാവിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അച്ചന്‍ ശ്രമിച്ചു. വിചാരണയ്ക്ക് ശേഷം അനേകരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയച്ചിരുന്നു. തിരികെ വരുന്നവരാകട്ടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായിരുന്നു.ക്രിസ്തീയവിശ്വാസമനുസരിച്ച് മരിക്കാനുള്ള പ്രചോദനമാണ് തടവുകാര്‍ക്ക് അദ്ദേഹം നല്കിയിരുന്നത്. ആദ്യമായി ഇപ്രകാരം അദ്ദേഹം മരണത്തിനൊരുക്കിയത് ജാക്വസ് ബോണ്‍സെര്‍ഗെന്റ് എന്ന എന്‍ജീനീയറെയായിരുന്നു.

വെടിവച്ച് അയാള്‍ കൊല്ലപ്പെടുന്ന നിമിഷം വരെ അച്ചന്‍ അദ്ദേഹത്തിന്റെ ചാരത്തുണ്ടായിരുന്നു. ഒരോ ആഴ്ചയിലും അടുത്ത മൂന്നരവര്‍ഷത്തേയ്ക്ക് നിരന്തരം മരണനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ദൈവികമെന്നോണമുള്ള നിയോഗമായിരുന്നു അച്ചനുണ്ടായിരുന്നത്.
ഷിപ്പ് ക്യാപ്റ്റനും അഞ്ച് കുട്ടികളുടെ പിതാവുമായ ഹോണര്‍ ദ സ്റ്റീന്‍ ദ ഓര്‍വസ് ആയിരുന്നു മറ്റൊരാള്‍. റേഡിയോ ഓഫീസറാണ് അദ്ദേഹത്തെ ഒറ്റുകൊടുത്തത്. 1941 ജനുവരിയില്‍ അദ്ദേഹം ജയിലിലെത്തി. ദൈവത്തെക്കുറിച്ചും നിത്യതയെക്കുറിച്ചുമുള്ള ചിന്തകളില്‍ ജയിലില്‍വച്ച് അച്ചന്‍ അയാള്‍ക്ക് പകര്‍ന്നുനല്കി. ദിവ്യകാരുണ്യം നല്കി. കൊച്ചുത്രേസ്യായുടെ ആത്മാവിന്റെ കഥ വായിച്ചുകേള്‍പ്പിച്ചു.

1941 മെയ് മാസത്തില്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. ഓഗസ്റ്റ് 28 നായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. മറ്റ് രണ്ടുപേര്‍ക്കൊപ്പം താന്‍ വധിക്കപ്പെടുമെന്ന് സ്റ്റീന്‍ അറിഞ്ഞു. മരണത്തിന്റെ അവസാനനിമിഷങ്ങള്‍ക്ക് മുമ്പ് സ്റ്റീന്‍ തന്റെ സ്‌നേഹവും കടപ്പാടും വിശദമാക്കുന്ന ഒരു കത്ത് അച്ചന് നല്കി. ഫ്രാന്‍സിനും ജര്‍മ്മനിക്കും സമാധാനം നല്കണമെന്ന് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്ന് അയാള്‍ ആകത്തില്‍ എഴുതിയ അവസാനത്തെ വിശുദ്ധകുര്‍ബാനയിലും പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ച് കൊലയാളികള്‍ക്ക് മാപ്പ് നല്കി ശുഭ്രമനസ്സ്‌ക്കരായാണ് ആ മൂന്നുപേരും മരണത്തിലേക്ക് കടന്നുപോയത്.

എറിക് എന്ന പതിനെട്ടുവയസുകാരന്‍ അവന്റെ അമ്മയ്ക്ക് ജയിലില്‍ നിന്ന് എഴുതിയ കത്തിലെവരികള്‍: ഞാനൊരു വൈദികനെ കണ്ടു. എന്റെ മരണത്തിന് ശേഷം അമ്മ അദ്ദേഹത്തെ കാണണം. അദ്ദേഹം എന്നെക്കുറിച്ചും എന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ചും പറയും…. ദൈവം നീട്ടിപ്പിടിച്ച കൈകളുമായി എന്നെ കാത്തിരിക്കുന്നു.. ഞാന്‍ നിത്യതയിലേക്കും ദൈവത്തിന്റെ അനന്തസ്‌നേഹത്തിലേക്കും പ്രവേശിക്കും. എന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരോടും മുഴുവന്‍ മനസ്സോടുംകൂടി ക്ഷമിക്കുക.. ദൈവം വിധിക്കട്ടെ.. ഞാന്‍ ഇപ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചതേയുള്ളൂ. ഗുഡ് ബൈ..

റോജര്‍ എന്ന ഇരുപത്തിയെട്ടുകാരനാണ് മറ്റൊരാള്‍. അതേക്കുറിച്ച് ഫാ. സ്റ്റോക്കിന്റെ എഴുത്ത്: അവന് എല്ലാ ധൈര്യവും നഷ്ടമായി. എന്റെ സഹായത്താല്‍ ആത്മവിശ്വാസം കുറച്ചെങ്കിലും അവന്‍ വീണ്ടെടുത്തു. ആര്‍ത്തിയോടെ അവന്‍ ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചു. കര്‍ത്താവേ എന്നോട് കരുണയായിരിക്കണമേ എന്നതായിരുന്നു അവന്റെ അവസാനവാക്കുകള്‍…
നിങ്ങള്‍ മുതിര്‍ന്നുകഴിയുമ്പോള്‍ ആരോടും മനസ്സില്‍ വിദ്വേഷംവച്ചുപുലര്‍ത്തരുത് എന്നായിരുന്നു മറ്റൊരുതടവുകാരന്‍ മക്കള്‍ക്ക് അയച്ചകത്തില്‍ അപേക്ഷിച്ചിരുന്നത്.
ഇങ്ങനെ എത്രയോ അനുഭവങ്ങള്‍..വ്യക്തികള്‍..

മോണ്ട് വലേറിയനിലായിരുന്നു മിക്കപ്പോഴും വധശിക്ഷ നടപ്പിലാക്കിയിരുന്നത്. തലേ രാത്രിമുഴുവന്‍ അവര്‍ക്കൊപ്പം ഫാ. സ്റ്റോക്കുമുണ്ടാകും. സഹോദരനായി..സുഹൃത്തായി.. ക്രിസ്തീയസ്‌നേഹമായി.. മരണത്തിന് മുമ്പില്‍ പതറിപ്പോകുന്നവരുടെമാനസികാവസ്ഥകള്‍.. ഭൂമി വിട്ടൊഴിയുന്നവരുടെ നഷ്ടബോധങ്ങള്‍.. പ്രിയപ്പെട്ടവരെ തനിച്ചാക്കിപ്പോകുന്നവരുടെ ആത്മസംഘര്‍ഷങ്ങള്‍… എല്ലാറ്റിനും ഫാ.സ്റ്റോക്ക് സാക്ഷിയായി.. ശാന്തപൂര്‍ണ്ണമായ മരണത്തിന് അവരെ ഒരുക്കി എന്നത് നിസ്സാരകാര്യമല്ല.. നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കൈമാറിയെന്നത് തീര്‍ത്തും ചെറിയ കാര്യവുമല്ല.

1941 ജൂണ്‍ 10 നാണ് മിലിട്ടറി ചാപ്ലയിനായി അദ്ദേഹത്തെ ഔദ്യോഗികമായി നിയമിക്കുന്നത്.1944 ഓഗസ്റ്റ് 25 ന് പാരീസിന്റെ ലിബറേഷന്‍ സംഭവിക്കുമ്പോള്‍ മുറിവേറ്റ അറുനൂറോളം ജര്‍മ്മന്‍ പട്ടാളക്കാരോടും ഇരുനൂറോളം ഇംഗ്ലീഷ്- അമേരിക്കന്‍ പട്ടാളക്കാരോടും ഒപ്പം ഒരു ആശുപത്രിയിലായിരുന്നു. ആ നിമിഷമാണ് അമേരിക്ക ആശുപത്രി വളഞ്ഞതും സ്റ്റോക്ക് അമേരിക്കയുടെ യുദ്ധതടവുകാരനായി മാറിയതും.

ക്യാമ്പിലേക്കാണ് അദ്ദേഹം അയ്ക്കപ്പെട്ടത്. തന്റെ സേവനം ജയിലില്‍ യുദ്ധതടവുകാരനായും തുടരാമല്ലോ എന്ന ചിന്ത അദ്ദേഹത്തെ സന്തോഷിപ്പിച്ചു. പിന്നീട് അദ്ദേഹം മോചിതനായി.
1948 ഫെബ്രുവരി 24 ന് അപ്രതീക്ഷിതമായിട്ടായിരുന്നു അച്ചന്റെ മരണം.

പാരീസിലെ സെന്റ് ജാക്വസ് പള്ളിയില്‍ അടക്കിയ മൃതദേഹം 1963 ല്‍ പുതുതായി പണിത സെന്റ് ജീന്‍ ബാപ്റ്റിസ്‌ററ് ദേവാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. 1981 ലെ ജര്‍മ്മന്‍ സന്ദര്‍ശനവേളയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാ.ഫ്രാന്‍സെ സ്റ്റോക്കിനെ വിശേഷിപ്പിച്ചത് ജര്‍മ്മനിയുടെ ചരിത്രത്തിലെ വിശുദ്ധരില്‍ ഒരാളായാണ്. ഇന്ന് കത്തോലിക്കാതിരുസഭയിലെ ദൈവദാസരുടെ ഗണത്തിലാണ് ഫാ. ഫ്രാന്‍സെ സ്റ്റോക്ക്.

You must be logged in to post a comment Login