നരകത്തില്‍ നിന്ന് ഭൂമിയിലേക്ക്..

ജപ്പാനിലെ ഒരു പ്രഭുവിന് ആകെയൊരു മകളേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തെ തീരാദു:ഖത്തിലാഴ്ത്തി ഒരു ദിനം ആ മകള്‍ അപ്രതീക്ഷിതമായി മരണമടഞ്ഞു. പ്രഭുവിന്റെ ദു:ഖത്തില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം പങ്കുചേര്‍ന്നു.

അക്കൂട്ടത്തില്‍ അടുത്തയിടെ ക്രിസ്തുമതസ്വീകരിച്ച ചിലരും ഉണ്ടായിരുന്നു. ഫ്രാന്‍സിസ് സേവ്യര്‍ ആ നാളുകളില്‍ ജപ്പാനില്‍ സുവിശേഷപ്രഘോഷണവുമായി ബന്ധപ്പെട്ട് കഴിയുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ചെന്നുകണ്ട് സങ്കടം പറയാന്‍ അവര്‍ പ്രഭുവിനെ നിര്‍ബന്ധിച്ചു.

മകള്‍ മരിച്ചുപോയതിന്റെ സങ്കടത്തില്‍ കഴിയുന്ന പ്രഭുവിന് ആദ്യം അതനുസരിക്കാന്‍ തോന്നിയില്ല. ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. പ്രഭുവിന്റെ സങ്കടം കേട്ട ഫ്രാന്‍സിസ് സേവ്യര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും തുടര്‍ന്ന് വിശുദ്ധ ബലി അര്‍പ്പിക്കാനായി പോവുകയും ചെയ്തു. തിരികെ വന്ന സേവ്യര്‍ പ്രഭുവിനോട് പറഞ്ഞു നിങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. സന്തോഷത്തോടെ പൊയ്‌ക്കൊള്ളുക.

പ്രഭുവിന് അതുകേട്ടപ്പോള്‍ പ്രത്യേകമായി ഒന്നും തോന്നിയില്ല. മകള്‍ മരിച്ചുപോയിരിക്കുന്നുവല്ലോ. ഇനിയെന്ത് അത്ഭുതം സംഭവിക്കാന്‍? അതായിരുന്നു അയാളുടെ ചിന്ത. പക്ഷേ വീട്ടിലേക്കുള്ള പാതിവഴിയിലെത്തിയപ്പോഴേയക്കും പ്രഭൂവിന്റെ ദാസന്‍ ഓടിവന്ന് അറിയിച്ചു. അങ്ങയുടെ മകള്‍ ജീവിച്ചിരിക്കുന്നു.

പ്രഭുവിന് അത് വിശ്വസിക്കാനായില്ല. മരണമടഞ്ഞ മകള്‍ ജീവനോടെ യിരിക്കുന്നുവെന്നോ? മകളെ നേരില്‍ കണ്ടപ്പോഴാണ് ആ പിതാവിന് വിശ്വാസമായത്. സംഭവിച്ചതെല്ലാം മകള്‍ പിതാവിനോട് പറഞ്ഞു:

താന്‍ അവസാനശ്വാസം വലിച്ചതാണ്. അപ്പോഴേയ്ക്കും രണ്ട് ഭീകരരൂപികള്‍ തന്നെ നരകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. നരകത്തിലെ കാഴ്ചകള്‍ കണ്ട് നടുങ്ങിത്തരിച്ച് നില്ക്കുമ്പോള്‍ വിശുദ്ധരായ രണ്ട് വ്യക്തികള്‍ അവിടേയ്ക്ക് വന്നു. അവര്‍ തന്നെ ഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

അത്ഭുതപരതന്ത്രനായ പ്രഭു മകളെയും കൂട്ടി ഫ്രാന്‍സിസ് സേവ്യറിനെ അടുക്കലെത്തി. സേവ്യറിന്റെ ഒപ്പം സഹായി ജോം ഫെര്‍ണാണ്ടസുമുണ്ടായിരുന്നു. പെണ്‍കുട്ടി അവരെ തിരിച്ചറിഞ്ഞു.

ഇവരാണ് നരകത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിക്കൊണ്ടുവന്നവര്‍..

പെണ്‍കുട്ടി പറഞ്ഞു.

ആ നിമിഷം തന്നെ പ്രഭുവും മകളും ക്രിസ്തുമതം സ്വീകരിച്ചു.

You must be logged in to post a comment Login