നവാസ് ഷെരീഫിന്റെ പ്രസ്താവനയെ സഭാനേതാക്കള്‍ സ്വാഗതം ചെയ്തു

നവാസ് ഷെരീഫിന്റെ പ്രസ്താവനയെ സഭാനേതാക്കള്‍ സ്വാഗതം ചെയ്തു

ലാഹോര്‍: ‘ഹോണര്‍ കില്ലിങ്’ അല്ലെങ്കില്‍ ‘കാരോ കാരി’ എന്ന പേരില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ കര്‍ശനനിയമങ്ങള്‍ കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയെ സഭാനേതാക്കളും രാജ്യത്തെ വിവിധ സ്ത്രീസംഘടനകളും  സ്വാഗതം ചെയ്തു. ഈ പാപക്കറ ഇല്ലാതാക്കാന്‍ തന്റെ സര്‍ക്കാര്‍ ആവുന്നതെല്ലാം ശ്രമിക്കുമെന്നും സര്‍ക്കാറും ജനങ്ങളും ഒറ്റക്കെട്ടായി നിന്നാല്‍ ഇത് സാധിക്കുമെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു.

പ്രേമബന്ധത്തിലൂടെയും കുടുംബാംഗങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കാത്തതിലൂടെയും കുടുംബത്തിന് നാണക്കേട് ഉണ്ടാക്കുന്ന സ്ത്രീകളെ കൊല്ലുന്ന നിയമമാണ് ‘കാരോ കാരി’ അഥവാ ‘ഹോണര്‍ കില്ലിങ്’. എല്ലാ വര്‍ഷവും നൂറുകണക്കിന് സ്ത്രീകളാണ് പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്.

‘പ്രാചീനമായ ഈ ആചാരത്തിനെതിരെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് നാളുകളായി ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. ഏതു തരത്തിലുള്ള കൊലപാതകമായാലും അതിനെ സഭ ന്യായീകരിക്കുന്നില്ല’, ഹൈദരാബാദ് ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ദിന്‍ പറഞ്ഞു. ചില സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രേമ ബന്ധത്തെ അംഗീകരിച്ചാലും പെണ്‍കുട്ടിയുടെ സഹോദരന്‍മാരാണ് ഈ ക്രൂരതക്ക് മുതിരുന്നതെന്ന് കാരിത്താസ് പാക്കിസ്ഥാന്‍ സെക്രട്ടറി ഫാദര്‍ ജോസഫ് ലൂയിസ് പറഞ്ഞു.

2014 ല്‍ മാത്രം 923 സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത 82 പെണ്‍കുട്ടികളും ഈ ക്രൂരതക്ക് ഇരകളായിട്ടുണ്ടെന്ന് പാക്കിസ്ഥാനിലെ സ്വതന്ത്ര മനുഷ്യാവകാശ സംഘടന നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. മിക്ക കൊലപാതകങ്ങള്‍ക്കും കാരണം പ്രേമബന്ധമായിരിക്കുമെന്നും സംഘടന പറയുന്നു. 2 വര്‍ഷം മുന്‍പ് ഗര്‍ഭിണിയായ യുവതിയെ കുടുംബത്തിന് നാണക്കേടുണ്ടാക്കിയതിന്റെ പേരില്‍ ലാഹോര്‍ ഹൈക്കോടതിക്കു പുറത്തുവെച്ച് അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കൊല്ലുകയും ഇത് ആഗോളവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login