നാണത്തെ അതിജീവിച്ച് നല്ലകുമ്പസാരം നടത്താന്‍ എന്തുചെയ്യണം?

നാണത്തെ അതിജീവിച്ച് നല്ലകുമ്പസാരം നടത്താന്‍ എന്തുചെയ്യണം?

ചെയ്തുപോയ പാപങ്ങള്‍ കുമ്പസാരത്തില്‍ ഏറ്റു പറയുന്നതിന് നാണം തടസ്സമാണോ? നാണം മൂലം പലരും കുമ്പസാരിക്കുവാന്‍ തന്നെ വിസമ്മതിക്കുന്നു. നാണത്തെ മറികടക്കുന്നതിനായി പ്രസിദ്ധ സ്പാനിഷ് ദൈവശാസ്ത്രജ്ഞനായ ഫാദര്‍ ജോസ് അന്റോണിയോ ഫോര്‍ട്ടിയ
ചില കാര്യങ്ങള്‍ തന്റെ ബ്ലോഗ് പോസ്റ്റിലൂടെ നിര്‍ദ്ദേശിച്ചു:

ചിലര്‍ക്ക് 100 മൈല്‍ തീര്‍ത്ഥാടനം നടത്താന്‍ സമ്മതമാണ്. എന്നാല്‍ മുഖത്തോട്ടു മുഖം നോക്കി കുമ്പസാരിക്കുന്നതിനുള്ള ധൈര്യമില്ല. കുമ്പസാരിക്കുന്നതിനു മുന്‍പ്, കുമ്പസാരക്കൂട്ടിലെ വൈദികന്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നും ദൈവത്തിന്റെ കരുണയാണ് കുമ്പസാരത്തിലൂടെ ഒരാളിലേയ്‌ക്കെത്തുന്നതെന്നും ആദ്യം മനസ്സില്‍ വയ്ക്കണം. ഫാദര്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

രണ്ടാമതായി, ഇന്ന് എല്ലാ കുമ്പസാരക്കൂടും നെറ്റു കൊണ്ട് മറച്ചതാണ്. അതിനാല്‍ തന്നെ ആരാണ് കുമ്പസാരിക്കുവാന്‍ എത്തിയിരിക്കുന്നതെന്ന് വൈദികന് കാണാന്‍ സാധിക്കില്ല. ഇക്കാര്യങ്ങള്‍ മനസ്സില്‍ വച്ചാല്‍ ചമ്മലില്ലാതെ എല്ലാപാപങ്ങളും വൈദികനോട് തുറന്നു പറയാന്‍ സാധിക്കും.

ഇവരണ്ടും കൂടാതെ അദ്ദേഹം മറ്റൊരു കാര്യവും പങ്കുവച്ചു. കുമ്പസാരിക്കുവാന്‍ അങ്ങേയറ്റം നാണമാണെങ്കില്‍ വൈദികന്റെ അറിവിലില്ലാത്ത ഏതെങ്കിലുമൊരു ഫോണ്‍നമ്പറുപയോഗിച്ച് അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുക. നിങ്ങളുടെ കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്നു പറയുക. പാപമോചനം ഫോണില്‍ക്കൂടി സാധ്യമല്ലാത്തതിനാല്‍ ശേഷം വൈദികന്റെയടുക്കല്‍ കുമ്പസാരിക്കുന്നതിനായി ചെല്ലുക.

അതുമല്ലെങ്കില്‍ കുമ്പസാരത്തില്‍ ഏറ്റു പറയേണ്ടതായ പാപങ്ങള്‍ ഒരു പേപ്പറില്‍ എഴുതി വൈദികനുമായി എഴുത്തു കുമ്പസാരം നടത്താം. അതില്‍ പാലിക്കേണ്ടതായ കാര്യങ്ങള്‍ ഇവയാണ്: പാപങ്ങള്‍ എഴുതിയത് ഒരുപേജില്‍ കവിയാന്‍ പാടില്ല. പാപങ്ങള്‍ വ്യക്തമായും സ്വബോധത്തോടും കൂടി എഴുതിയിരിക്കണം. ടൈപ്പ് ചെയ്തതെങ്കില്‍ കൂടുതല്‍ ഉത്തമം. തിരിച്ച് ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ പാപങ്ങള്‍ വായിച്ചതിനു ശേഷം വൈദികന്‍ പാപമോചനവും സന്മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കും.

പാപങ്ങള്‍ കുമ്പസാരത്തില്‍ ഏറ്റുപറയുകയെന്നാണ് പൊതുനിയമം. എന്നാല്‍ ബധിരരും മൂകരുമായവര്‍ക്ക് ഇത്തരത്തില്‍ കടലാസില്‍ പാപങ്ങളെഴുതി കുമ്പസാരിക്കാവുന്നതാണ്.

ഇത്തരം കാര്യങ്ങള്‍ മനസ്സില്‍വച്ചാല്‍ നാണംകൂടാതെ ഉള്ളുതുറന്ന് നല്ലൊരു കുമ്പസാരം നടത്താം.

 

നീതു മെറിന്‍

You must be logged in to post a comment Login