നാമൊന്ന്, നമുക്കിനി രണ്ട്

ചൈന: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരട്ടക്കുട്ടിനയം ജനുവരി ഒന്നു മുതല്‍ ചൈനയില്‍ പ്രാബല്യത്തില്‍ വന്നു. ഇതനുരിച്ച് ഇനി മുതല്‍ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാകാം. ചൈനയില്‍ നിലവിലുണ്ടായിരുന്ന ഒറ്റക്കുട്ടിനയം നിരവധി വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തുകയും രാജ്യത്തെ ജനസംഖ്യയില്‍ വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ചെയ്തതിനെത്തുടര്‍ന്നാണ് ഇരട്ടക്കുട്ടിനയത്തിന് ചൈനീസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇനി മുതല്‍ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാകാം എന്ന ഉത്തരവ് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

1970 ലാണ് ചൈനയില്‍ ഒറ്റക്കുട്ടിനയം നിലവില്‍ വരുന്നത്. നിയമം ലംഘിക്കുന്നവരെ നിര്‍ബന്ധിത അബോര്‍ഷനു വിധേയരാക്കുന്നതുള്‍പ്പെടെ കടുത്ത ശിക്ഷാരീതികളും രാജ്യത്ത് നിലനിന്നിരുന്നു. ചൈനയിലെ സാമ്പത്തിക വളര്‍ച്ചക്കു പ്രധാനകാരണം ഒറ്റക്കുട്ടിനയമാണെന്നു വാദിച്ചിരുന്നവരുമുണ്ടായിരുന്നു. ഇത്തരത്തില്‍ 400 മില്യന്‍ ജനനങ്ങള്‍ തടഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍.

ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കു മാത്രം ആദ്യത്തെ കുട്ടി പെണ്ണാണെങ്കില്‍ രണ്ടാമതൊരു കുട്ടി കൂടി ഉണ്ടാകാനുള്ള അനുവാദമുണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ ലിംഗനിര്‍ണ്ണയം നടത്തി കുട്ടി പെണ്ണാണെങ്കില്‍ ഭ്രൂണഹത്യ ചെയ്യുന്ന പതിവുമുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളും നിയന്ത്രിക്കപ്പെടുമെന്നാണ് ഒരു വിഭാഗമാളുകളുടെ പ്രതീക്ഷ. അതേസമയം പുതിയ നിയമത്തെ എതിര്‍ക്കുന്നവും രാജ്യത്തുണ്ട്.

You must be logged in to post a comment Login