നാല് അന്ത്യകൂദാശയ്‌ക്കൊടുവില്‍ അറുപത്തൊന്നാം പിറന്നാള്‍

നാല് അന്ത്യകൂദാശയ്‌ക്കൊടുവില്‍ അറുപത്തൊന്നാം പിറന്നാള്‍

 

‘മോന് മരിക്കാന്‍ പേടിയുണ്ടോ’ ആശുപത്രിയില്‍ കിടക്കുന്ന പത്ത് വയസ്സുകാരന്‍ ജോസിനോട് വൈദികിന്റെ ചോദ്യം.

‘ഈശോയുടെ പക്കലേക്ക് പോകുമ്പോള്‍ ആരെങ്കിലും പേടിക്കുമോ, അച്ചോ ഞാന്‍ മരിക്കാന്‍ തയ്യാറാണ്’

ഇതായിരുന്നു ഹീമോഫീലിയ രോഗം ബാധിച്ച ആ കുട്ടി തനിക്ക് അന്ത്യകൂദാശ നല്കാന്‍ എത്തിയ വൈദികന് നല്‍കിയ മറുപടി. പല തവണ മരണം ജോസിന്റെ ജീവിതത്തിന്റെ വാതില്‍ക്കല്‍ മുട്ടിവിളിച്ചിട്ടുണ്ട്. അന്ത്യകൂദാശ സ്വീകരിച്ചത് നാലു തവണ. ഇതിനോടകം 52 കുപ്പിയിലധികം രക്തം ശരീരത്തില്‍ കയറ്റി, ഓപ്പറേഷനുകള്‍, ഇഞ്ചക്ഷനുകള്‍, ദിവസങ്ങള്‍ നീണ്ടു നിന്ന ആശുപത്രിവാസങ്ങള്‍, എന്നിട്ടും ജോസ് ഇന്നും മുന്നേറുകയാണ് ജീവിതത്തിലെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഡോക്ടര്‍ ജോസ് എന്ന ക്രിസ്തുസാക്ഷ്യമായ്….

ശരീരത്തില്‍ രക്തം കട്ടപിടിക്കാത്ത മാരകമായ രോഗാവസ്ഥയാണ് ഹീമോഫീലിയ. മുറുക്കെയുള്ള ഒരു ഷെയ്ക്ക് ഹാന്‍ഡ് പോലും മരണത്തിനു കാരണമാകുന്ന അവസ്ഥ. ചെറിയ ഒരു വീഴ്ചയോ മുറിവോ നയിക്കുന്നത് മരണത്തിലേക്ക്. പലപ്പോഴും നേരിടേണ്ടിവരുന്നത് സഹിക്കാനാവാത്ത വേദന.

മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയാണ് ഡോക്ടര്‍ ജോസ്. കൊറ്റാംചേരി വര്‍ക്കിയുടെയും ഏലിക്കുട്ടിയുടെയും പതിനൊന്ന് മക്കളില്‍ ഒമ്പതാമത്തെ മകന്‍. സാധാരണ പാരമ്പര്യമായിട്ടാണ് ഹീമോഫീലിയ എന്ന രോഗം ഉണ്ടാകുന്നത്. എന്നാല്‍ ജോസിന്റെ കുടുംബത്തില്‍ അങ്ങനെയായിരുന്നില്ല. മാതാപിതാക്കള്‍ക്ക് രോഗം ഇല്ലാതിരുന്നിട്ടും 11 മക്കളില്‍ 8 ആണ്‍മക്കളും ജനിച്ചത് ഹീമോഫീലിയ എന്ന രോഗവുമായി…. ജോസിന്റെ ആറു സഹേദരന്മാര്‍ ഒന്നരയും രണ്ടും വയസ്സുള്ളപ്പോള്‍ മരണപ്പെട്ടു. ഒരു സഹോദരന്‍ 45-ാമത്തെ വയസ്സിലും.

ചെറുപ്പം മുതല്‍ക്കെ തന്റെ രോഗത്തിന്റെ ഗൗരവ്വം നന്നായി അറിയാമായിരുന്നു ജോസിന്. ഒരു തവണ പോലും പതറിയില്ല; മരണം മുന്നില്‍ കണ്ടപ്പോള്‍ പോലും. കുറെ അറിവുകള്‍ സമ്പാദിക്കണമെന്നാതായിരുന്നു ചെറുപ്പം മുതല്‍ക്കെയുള്ള ആഗ്രഹം. കുട്ടിക്കാലത്ത് പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും ദൈവസ്‌നേഹത്തിലും അധിഷ്ഠിതമായ ജീവിതം. രോഗാവസ്ഥയെ മറന്നുകൊണ്ട് വിദ്യാഭ്യാസം. ഒടുവില്‍ അറിയപ്പെടുന്ന ഹോമിയോഡോക്ടറായി.

പുത്തന്‍ കണ്ടെത്തലുകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കി ജോസ്. ഹോമിയോ ഡോക്ടര്‍ ആയതിനുശേഷവും ഹോമിയോപ്പതിയിലും ആയുര്‍വ്വേദത്തിലും പച്ചമരുന്നിലുംമൊക്കെ പുത്തന്‍ മരുന്നുകള്‍ കണ്ടെത്തുന്നതിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു. മിക്കവയും ഹീമോഫീലിയ എന്ന രോഗത്തിനുവേണ്ടിയുള്ളത്. ഡോക്ടര്‍ ജോസിന്റെ കണ്ടെത്തലുകളില്‍ ഡയോഫിറ്റ് എന്ന മരുന്ന് ഏറെ പ്രശസ്തം.

പാമ്പുജോസ് എന്നൊരു വിളിപ്പേരും ജോസിനുണ്ട്. വിവിധയിനം പാമ്പുകളെകുറിച്ചുള്ള അറിവും വിഷചികിത്സയുമാണ് ഡോക്ടര്‍ ജോസിനെ അത്തരമൊരു പേരിനുടമയാക്കിയത്. വടക്കേ ഇന്ത്യയിലെ 22 ഓളം പ്രദേശങ്ങളില്‍ ജോസിന്റെ മരുന്നുകള്‍ സൗജന്യമായി നല്കാറുണ്ട്. താന്‍ നിര്‍മ്മിച്ച മരുന്നിലൂടെ ഈശോ രോഗിയെ സൗഖ്യപ്പെടുത്തും എന്ന വിശ്വാസവും പ്രാര്‍ത്ഥനയുമാണ് ഇദ്ദേഹത്തിനുള്ളത്. ഈ സേവനത്തിലൂടെ ശ്രമിക്കുന്നത് അനേകായിരങ്ങള്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കാന്‍.

മരണം പലതവണ മുന്നില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ജോസ് ഭയപ്പെട്ടില്ല. മരണം മുന്നിലുണ്ടെന്ന് അറിഞ്ഞിട്ടും മരണത്തെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് വാസ്തവം. ഒരിക്കല്‍ ഇന്റേണല്‍ ബ്ലീഡിങ്ങ് സംഭവിച്ച് ആശുപത്രിയില്‍ കിടക്കുന്ന സമയം. അന്ന് പ്രായം പത്ത് വയസ്സ്. ഏതുസമയവും മരണം സംഭവിക്കാവുന്ന അവസ്ഥ. തൊട്ടടുത്ത് കൊച്ചി രാജവംശത്തില്‍പെട്ട് ഒരാള്‍. അസുഖം ഒന്നുതന്നെ. ജോസിന്റെ കണ്‍മുന്നില്‍വച്ചായിരുന്നു അയാള്‍ മരണപ്പെട്ടത്. ഒരുദിവസം കഴിഞ്ഞപ്പോള്‍ ജോസിനു ആകെ ഒരുമാറ്റം. പതിവില്ലാത്ത ചില കാട്ടിക്കൂട്ടലുകള്‍, വലിയ ആലോചനകള്‍…. ഡോക്ടര്‍മാര്‍ പറഞ്ഞു മരണം അടുത്തു, മരണഭയമാണ് ഈ കാട്ടിക്കൂട്ടലുകള്‍ എന്ന്. ഒരു ഡോക്ടര്‍ ജോസിന്റെ അടുക്കലെത്തി സ്‌നേഹത്തോടെ പറഞ്ഞു; മോന്‍ അയാളുടെ മരണത്തെക്കുറിച്ചാണോ ആലോചിക്കുന്നത്? മോന്‍ അതൊന്നും ആലോചിക്കേണ്ട… ഡോക്ടറെ അമ്പരപ്പിച്ചു ആ പത്തുവയസ്സുകാരന്റെ മറുപടി. ‘എന്റെ ഡോക്ടറെ ഞാന്‍ മരണമല്ല ആലോചിക്കുന്നത്… ഇന്ന് ഇന്ദിരാഗാന്ധി എന്ന ഒരു സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും ഇത്രയും ആണുങ്ങള്‍ ഉള്ള ഒരു രാജ്യത്ത് ഒരു സ്ത്രീ പ്രധാനമന്ത്രിയാകാന്‍ പോകുന്നു. അതിനെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത് ഗൗരവ്വമുള്ള ഇക്കാര്യത്തെക്കുറിച്ച് നിങ്ങളാരുമെന്താ ചിന്തിക്കാത്തത്?’ മറുപടിയൊന്നും നല്‍കാതെ ചിരിച്ചുകൊണ്ട് ഡോക്ടര്‍ അവിടംവിട്ടിറങ്ങി.

റോസമ്മയാണ് ഡോക്ടര്‍ ജോസിന്റെ ഭാര്യ. സ്‌നേഹവും കരുതലും ആവോളം നല്കി ജോസിനെ പരിപാലിക്കുന്നു റോസമ്മ. വിവാഹാലോചനയുടെ സമയത്ത് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്റെ രോഗാവസ്ഥയും അതിന്റെ ഗൗരവവും മനസിലാക്കിയിട്ടും റോസമ്മ നിറഞ്ഞ മനസ്സോടെയാണ് ജോസിനെ തന്റെ ഭര്‍ത്താവായി സ്വീകരിച്ചത്.

മരണം എന്നത് സ്വര്‍ഗരാജ്യത്തേക്കുള്ള യാത്രയാണെന്നും ആ യാത്ര തനിക്കേറ്റവും പ്രീയപ്പെട്ടതുമാണെന്നുമാണ് ജോസ് പറയുന്നത്. മരണത്തെയും അന്ത്യവിധിയെക്കുറിച്ചുമുള്ള 300-ഓളം പാട്ടുകളും എഴുതിയിട്ടുണ്ട. ഒപ്പം 300 ലധികം ചിന്താവിഷയങ്ങളും.

നാലുവര്‍ഷമായി ജോസ് എണീറ്റുനടന്നിട്ട്. കട്ടിലില്‍ കിടന്നു സംസാരിക്കുമ്പോഴും കത്തിജ്വലിക്കുന്ന സൂര്യനേക്കാള്‍ തീവ്രതയുണ്ട് ആ വാക്കുകള്‍ക്ക്. മാസത്തിലൊരിക്കല്‍ വീട്ടില്‍ വിശുദ്ധ കുര്‍ബാനയും സഭ അനുവദിച്ചു കൊടുത്തിട്ടുണ്ട. പ്രാര്‍ത്ഥനാകൂട്ടായ്കളില്‍ സജീവമായിരുന്ന ജോസ് കഠിനമായ രോഗാവസ്ഥയിലും ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ കൂട്ടായ്മകളും നടത്തുന്നു, അതും എണീറ്റുനടക്കാതെ.

ദൈവം ദാനമായി തന്ന ഈ ജിവിതത്തില്‍ എല്ലാത്തിനെയും കുറിച്ച് അറിവ് നേടണമെന്ന് ആഗ്രഹിച്ച തനിക്ക് ഒരു ഉറുമ്പിനെക്കുറിച്ച് പോലും ഒന്നും അറിയാന്‍ സാധിച്ചിട്ടില്ല എന്ന തിരിച്ചറിവാണ് 60 വയസ്സു പൂര്‍ത്തിയാകുമ്പോള്‍ ലഭിച്ചത് എന്നാണ് ജോസിന്റെ വാദം. അസഹനീയമായ വേദനയുണ്ടാകുമ്പോഴും ദൈവം തനിക്കായ് കരുതിവച്ചിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തെ പ്രതി സഹനങ്ങളും വേദനകളും സന്തോഷത്തോടെ ഏറ്റെടുത്ത് മുമ്പോട്ട് പോവുകയാണ് ഡോക്ടര്‍ ജോസ് ജോര്‍ജ്.

ലെമി തോമസ്

You must be logged in to post a comment Login