“നിങ്ങള്‍ ഏകാകിയാണോ? മറിയത്തിന്റെ മാറില്‍ അഭയം തേടൂ!” ഫ്രാന്‍സിസ് പാപ്പാ

“നിങ്ങള്‍ ഏകാകിയാണോ? മറിയത്തിന്റെ മാറില്‍ അഭയം തേടൂ!” ഫ്രാന്‍സിസ് പാപ്പാ

ഏകാന്തത അനുഭവിക്കുന്നവര്‍ക്കും ആത്മീയ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്കും അഭയം പരിശുദ്ധ മാതാവാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വ്യാകുലമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കാസാ സാന്ത മര്‍ത്താ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു, പാപ്പാ.

കുരിശിന്റെ കീഴെ നിന്ന നേരം മാതാവിനെ നോക്കി മറ്റുള്ളവര്‍ പറഞ്ഞു: ‘അതാ കുറ്റവാളിയുടെ അമ്മ. അതാ വിധ്വംസകന്റെ അമ്മ.’

ഇതെല്ലാം കേട്ട് പര്യാകുലയായി, നിന്ദിതയായി അമ്മ നിന്നു. അതേ സമയം തന്നെ മറ്റൊരു കൂട്ടര്‍, പുരോഹിതര്‍ പറയുന്നതും അമ്മ കേട്ടു: ‘നീ നല്ലവനല്ലേ, താഴെ ഇറങ്ങി വരിക!’ കഠിനവേദനയാണ് ആ അമ്മ സഹിച്ചത്. തന്റെ മാംസത്തിന്റെ മാംസമാണ് ആ കുരിശില്‍ കിടക്കുന്നത്. അവനെ വിട്ട് എവിടെ പോകും, താന്‍? പാപ്പാ വിചിന്തനം ചെയ്തു.

ബുവനോസ് അയേഴ്‌സിലെ ജയിലുകളില്‍ തങ്ങളുടെ മക്കളെ ഒരു നോക്കു കാണാന്‍ കാത്തു നില്‍ക്കുന്ന അമ്മമാരെ പാപ്പാ ഓര്‍മിച്ചു. ഈ അമ്മമാര്‍ക്ക് ലജ്ജയില്ല, കാത്ത് നില്‍ക്കാന്‍. തങ്ങളുടെ മാംസത്തിന്റെ മാംസമല്ലേ, അകത്ത് കിടക്കുന്നത.് അവരെല്ലാവരും നിന്ദനങ്ങളും അപമാനവും സഹിക്കുന്നവരാണ്. ഓരങ്ങളിലേക്കു മാറ്റി നിര്‍ത്തപ്പെടുന്നവരാണ്.

നമ്മെ അനാഥരായി വിടുകയില്ലെന്ന് യേശു വാക്ക് പറഞ്ഞിട്ടുണ്ട്. കുരിശില്‍ കിടക്കുമ്പോള്‍ പോലും അവിടുന്ന് ഈ വാക്ക് പാലിക്കുന്നു. അമ്മയെ ശിഷ്യനെ ഏല്‍പിക്കുന്നു, യേശു.

ക്രിസ്ത്യാനികളായ നമ്മുടെ അമ്മയാണ് മേരി. ദൈവപിതാവാണ് നമ്മുടെ അപ്പന്‍. നാം അനാഥരല്ല. മേരി ശരിക്കും ഒരു രക്തസാക്ഷിയാണ്. മഹാദുഖത്താല്‍ ഹൃദയം പിളര്‍ന്ന രക്തസാക്ഷി. ആ നിമിഷം മുതല്‍ അവള്‍ നമ്മുടെ എല്ലാവരുടെയും അമ്മയാകുന്നു. നമ്മെ കുറിച്ച് ലജ്ജിക്കാത്ത അമ്മ. നമുക്കു വേണ്ടി വാദിക്കുന്ന അമ്മ. എല്ലാ സങ്കടങ്ങളും അനുഭവിച്ചറിഞ്ഞ അമ്മയുടെ മാറില്‍ സാന്ത്വനം തേടാന്‍ പാപ്പാ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.

 

ഫ്രേസര്‍

You must be logged in to post a comment Login