നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണവലയത്തിലാണ്

നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണവലയത്തിലാണ്

ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചുവെന്നും എന്നാല്‍ അവന്റെ പ്രശ്‌നങ്ങള്‍ അവന്റ തന്നെ സൃഷ്ടിയാണെന്നുമാണ് വിശുദ്ധ ഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നത്. ആലോചിക്കുമ്പോള്‍ അത് വളരെ ശരിയാണെന്നും തോന്നും. കാരണം വളരെ ലളിതമായ കാര്യങ്ങളെയും വളരെ സങ്കീര്‍ണ്ണമായാണ് നമ്മള്‍ കൈകാര്യം ചെയ്യുന്നത്.

എഴുതുന്നതുപോലെയോ പ്രസംഗിക്കുന്നതുപോലെയോ അല്ല കാര്യങ്ങളെ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നത്. ഒരു കൈത്തോട് മുറിച്ചുകടക്കുന്നതുപോലെയല്ല ഒരു പുഴ മുറിച്ചുക
ടക്കുന്നത് എന്ന് തന്നെ അര്‍ത്ഥം.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല നാലാമത് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയെക്കുറിച്ചാണ്. 25 മുതല്‍ 28 വരെ കൊടകര സഹൃദയഎന്‍ജിനീയറിംങ് കോളജില്‍ നടന്ന സമ്മേളനം ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്താരോ പെനാച്ചിയോയാണ് ഉദ്ഘാടനം ചെയ്തത്.

ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്തത്. പ്രബന്ധാവതരണങ്ങള്‍ക്ക് പുറമെ ഈ വിഷയങ്ങളില്‍ നിന്ന് സമാഹരിച്ച നിര്‍ദ്ദേശങ്ങളുടെ അവതരണം, ഗ്രൂപ്പ് ചര്‍ച്ചകള്‍, പൊതുചര്‍ച്ചകള്‍ എന്നിവയും നടത്തി. ഇന്ത്യയ്ക്ക് പുറമെ 21 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം പേര്‍ത്തും പേര്‍ത്തും പറഞ്ഞത് ഒന്നുമാത്രം. സഭ കൂടുതല്‍ ലാളിത്യത്തിലേക്ക് കടന്നുവരണം. ലാളിത്യം എന്ന പൊതുവാക്കില്‍ കോര്‍ത്തെടുത്ത മനോഹരമായ മാലയായിരുന്നു ഈ സമ്മേളനമെന്ന് ചുരുക്കത്തില്‍ പറയാം. സഭയുടെ അജപാലന സേവന വഴികളില്‍ പുത്തന്‍ ഉണര്‍വിന് ഈ സമ്മേളനം കാരണമായിട്ടുണ്ടെന്ന കാര്യത്തിലും സംശയമില്ല. ഉറങ്ങിക്കിടന്നിരുന്ന പലതിനെയും അത് വിളിച്ചുണര്‍ത്തുകയുംവ്യക്തിതലങ്ങളില്‍ മുതല്‍ സഭാതലങ്ങളില്‍ വരെ അനുഷ്ഠിക്കേണ്ട ലാളിത്യത്തെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് ചൂടുപിടിപ്പിക്കുകയും ചെയ്തതായിരുന്നു ആ ദിവസങ്ങള്‍.

നയപ്രഖ്യാപനങ്ങളും എടുത്ത തീരുമാനങ്ങളും എല്ലാം നല്ലതുതന്നെ. പക്ഷേ അവ പ്രാവര്‍ത്തികമാക്കാന്‍ അത്ര എളുപ്പമാണോ എന്നതാണ് ചോദ്യം. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നോര്‍ക്കണം. സഭ കൂടുതലായി ലാളിത്യത്തെക്കുറിച്ച് പറഞ്ഞതുകൊണ്ടുതന്നെ സഭാമക്കള്‍ ആദ്യം അന്വേഷിക്കുന്നത് സഭയുടെ അധികാരശ്രേണിയിലുള്ളവരുടെ ജീവിതത്തെക്കുറിച്ചു തന്നെയായിരിക്കും.

അതുകൊണ്ട് അഴിച്ചുപണികള്‍ നടത്തേണ്ടതും തിരുത്തേണ്ടതും അവിടെ നിന്നായിരിക്കണം. അവിടം മുതലായിരിക്കണം. ക്രിസ്തു ലോകത്തിന് നല്കിയ മാതൃക എന്തായിരുന്നുവെന്ന് നമുക്കറിയാം. ക്രിസ്തു ശിഷ്യരുടെ പാദങ്ങള്‍ കഴുകാന്‍ വരെ തയ്യാറായി. ഞാന്‍ നിങ്ങളെ ഇനിമുതല്‍ സ്‌നേഹിതരെന്നായിരിക്കും വിളിക്കുക എന്നും പ്രഖ്യാപിച്ചു. ഇതാണ് ക്രിസ്തു കാണിച്ചുതന്ന മാതൃക.

എന്നാല്‍ ചില്ലുമേടയിലിരുന്നുകൊണ്ടുള്ള സുവിശേഷപ്രഘോഷണമാണ് നമുക്ക് കൂടുതല്‍ പഥ്യം. അവിടെയിരുന്നുകൊണ്ട് കല്ലെറിയുന്നതാണ് നമുക്ക് ഹരം. പക്ഷേ അതിന് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. എവിടെയും നല്ല മാതൃകകളാണ് നമുക്കാവശ്യം. പ്രസംഗമല്ല പ്രസംഗിക്കുന്നത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ട് എന്നതാണ് നമ്മള്‍ നേരിടുന്ന വെല്ലുവിളി.

ഇന്ന് ഏതൊരു സ്ഥാപനത്തില്‍ ചെന്നാലും അവിടെയൊരു പരസ്യപ്പെടുത്തലുണ്ട്. നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ്. അതെ അതാണ് കാര്യം. നമ്മെ ചുറ്റും വീക്ഷിക്കുന്ന ഒരു പാട് ക്യാമറക്കണ്ണുകള്‍ നമ്മുക്ക് പിന്നാലെയുണ്ട്. നമ്മെ അവ വിധിക്കുന്നത് നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കും. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തക്കേടുണ്ടാകരുത് എന്നും ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയെടുത്ത തീരുമാനങ്ങള്‍ ഒറ്റദിവസം കൊണ്ടോ വളരെ പെട്ടെന്നോ നടപ്പില്‍ വരുത്താന്‍ കഴിയുന്നവയാകണമെന്നില്ല. പക്ഷേ അതിനുള്ള തയ്യാറെടുപ്പുകളും ശ്രമങ്ങളും ഇന്നുമുതല്‍ ആരംഭിക്കണം.

വെടിക്കെട്ടുകള്‍ക്കും പെരുനാളുകള്‍ക്കും ആഡംബരദേവാലയങ്ങള്‍ക്കും എതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഒരു സഭാ നേതാവിനെ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണത്. എത്രയോ ശക്തമായ ഇടപെടലുകള്‍ ഇതിനെതിരെ അദ്ദേഹം ഇതിനകം നടത്തിയിരിക്കുന്നു. അങ്ങ് വത്തിക്കാനിലും തദൃശ്യമായ മാറ്റത്തിന്റെ ആഹ്വാനം ഫ്രാന്‍സിസ് മാര്‍പാപ്പയും മുഴക്കുന്നുണ്ട്.

ഈ ആത്മീയനേതൃത്വങ്ങളെ നാം ചെവിക്കൊള്ളാതെ പോകരുത്. ഇവര്‍ക്ക് പിന്നില്‍ നമുക്ക്അണിനിരക്കാം. കൂടുതല്‍ ലളിതമാകട്ടെ കാര്യങ്ങള്‍. കൂടുതല്‍ ലാളിത്യത്തിലേക്ക് നമുക്ക് കടന്നുവരികയുമാകാം. കുടുംബങ്ങളിലും ഇടവകകളിലും വ്യക്തിതലങ്ങളിലും എല്ലാം പുതിയൊരു ലാളിത്യചിന്ത നമുക്ക് കൊണ്ടുവരാം.

ലാളിത്യം ജീവിതത്തില്‍ കൊണ്ടുവരുമ്പോള്‍ മാത്രമേ നമുക്ക് മറ്റുള്ളവരെ പരിഗണിക്കാനും സഹായിക്കാനും കഴിയുകയുളളൂ എന്ന കാര്യം മറക്കരുത്. നമുക്ക് ഇനിയും ഒരാളെ സഹായിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന് കാരണം നമ്മുടെ ആഡംബരജീവിതം തന്നെയാണ്. നമുക്ക് നമ്മെക്കുറിച്ച് തന്നെ ചിന്തിച്ചും നമ്മെ തന്നെ സന്തോഷിപ്പിച്ചും മതിയാവാത്തതാണ്.

സഭയിലും വ്യക്തിതലങ്ങളിലും വലിയൊരു അഴിച്ചുപണിക്ക് നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി കാരണമായതില്‍ നമുക്ക് സന്തോഷിക്കാം. അഭിമാനിക്കാം. സഭാപിതാക്കന്മാരുടെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ നമുക്ക് അണിനിരക്കാം.

സ്‌നേഹത്തോടെ

ശാന്തിമോന്‍ ജേക്കബ്

ചീഫ് എഡിറ്റര്‍

You must be logged in to post a comment Login