നിത്യസഹായിനി- മരിയഭക്തിഗാനശാഖയിലെ പുതിയ തിളക്കം

ഓരോ മനുഷ്യന്റെയും ജീവിതത്തിലെ സങ്കടങ്ങളില്‍ ചുണ്ടുകളില്‍ ആദ്യമെത്തുന്ന നിസ്സഹായതയുടെ വിളി അമ്മേ യെന്നാണ്. കാരണം ആ വിളിക്ക് മുമ്പില്‍ അലിവൂറുന്ന സ്‌നേഹമായി അമ്മ അരികില്‍ എത്തുമെന്നും തനിക്കാശ്വാസം നല്കുമെന്നും അവനറിയാം. ഭൗതികലോകത്തെ അമ്മ പോലും മനുഷ്യര്‍ക്ക് ഇത്രമേല്‍ സ്‌നേഹവും സാന്ത്വനവും നല്കുമെങ്കില്‍ സ്വര്‍ഗ്ഗത്തിലെ അമ്മയ്ക്ക് നല്കാന്‍കഴിയുന്ന സ്‌നേഹവും സാന്ത്വനവും എത്രയധികമായിരിക്കും!

ഏതൊരു ക്രൈസ്തവന്റെയും ആധ്യാത്മികജീവിതത്തില്‍ മറിയത്തിനുള്ള പ്രാധാന്യം വിലമതിക്കാനാവാത്തതാണ്. പ്രത്യേകിച്ച് മരിയഭക്തി മലയാളികളുടെ ഹൃദയത്തിന്റെ അള്‍ത്താരയില്‍ എരിഞ്ഞുതീരാതെ കത്തുന്ന മെഴുകുതിരിയാണ്. വിവിധ പേരുകളില്‍ വിവിധയിടങ്ങളില്‍ പരിശുദ്ധ കന്യാമറിയം അറിയപ്പെടുമ്പോഴും മറിയത്തിന്റെ അപദാനങ്ങങ്ങളില്‍ നിത്യസഹായ മാതാവ് ഏറെ അറിയപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ലിഗോരി കമ്മ്യൂണിക്കേഷന്‍സ് പുറത്തിറക്കിയ “നിത്യസഹായിനി” എന്ന ഭക്തിഗാന സിഡി ശ്രദ്ധേയമാകുന്നത്. നിത്യസഹായമാതാവിന്റെ അത്ഭുതചിത്രം ഒമ്പതാം പിയൂസ് മാര്‍പാപ്പ റിഡംപ്റ്ററിസ്റ്റ് സഭയ്ക്ക് നല്കിയതിന്റെ നൂറ്റിയമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദിവ്യരക്ഷകസഭാവൈദികര്‍ അണിയിച്ചൊരുക്കിയിരിക്കുന്ന സിഡിയാണിത്. പതിനഞ്ച് ഗാനങ്ങളാണ് ഇതിലുള്ളത്.

ഭക്തിഗാനരചനാരംഗത്ത് താരതമ്യേന തുടക്കക്കാരായ ഫാ. ബിജു മഠത്തിക്കുന്നേല്‍, ഫാ. സിജോ തളിയത്ത്, ഫാ. മനോജ് കുന്നത്ത്, ഫാ.സ്റ്റീഫന്‍ ഓണിശ്ശേരില്‍, ഫാ. അനൂപ് മുണ്ടയ്ക്കല്‍, സിസ്റ്റര്‍ ശോഭ സിഎസ് എന്‍ എന്നിവര്‍ക്കൊപ്പം ഫാ.ജോയി ചെഞ്ചേരില്‍, ഫാ. വില്യം നെല്ലിയ്ക്കല്‍ തുടങ്ങിയവരുടെയും കവിത്വവും ഭക്തിയുമുള്ള വരികള്‍ ഈ ഗാനോപഹാരത്തെ ഉദാത്തമായ സംഗീതാനുഭവമാക്കുന്നു. ജേക്കബ് കൊരട്ടി, സാബു ആരക്കുഴ, ഫാ. അഗസ്റ്റ്യന്‍ പുത്തന്‍പുര വി.സി എന്നിവരുടേതാണ് ഈണം. നിത്യമെന്നെ കാത്തിടുന്ന എന്നത് പരമ്പരാഗത ക്രൈസ്തവഈണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനമാണ്.

മരിയസ്‌നേഹത്തിന്റെ തീരങ്ങളിലേക്ക് നമ്മെ കൈപിടിച്ചു നടത്താന്‍ സഹായിക്കുന്ന ഗാനങ്ങളാണിതിലുള്ളത്. നമ്മുടെ മരിയഭക്തി കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ കഴിവുള്ള ഈ ഗാനോപഹാരം ഓരോ ക്രൈസ്തവകുടുംബങ്ങളിലും അവശ്യം ഉണ്ടായിരിക്കേണ്ട ഒന്നാണ്.

വില:100 രൂപ.

You must be logged in to post a comment Login