‘നീതിയും കരുണയും വിരുദ്ധാശയങ്ങളല്ല’

‘നീതിയും കരുണയും വിരുദ്ധാശയങ്ങളല്ല’

വത്തിക്കാന്‍ : ദൈവം കരുണയുള്ളവനാണെന്നും നീതിമാനാണെന്നുമാണ് ബൈബിളില്‍ പറയുന്നത്. ഇത് പരസ്പരവിരുദ്ധമായ ആശയങ്ങളാണെന്ന് തോന്നിയേക്കാമെങ്കിലും ഇവ ചേര്‍ന്നുപോകുന്ന ആശയങ്ങള്‍ തന്നെയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇത് ഒരു തരം സ്വത്വ പ്രതിസന്ധിയാണെന്ന് തോന്നിയേക്കാം. നീതിമാനായ ഒരാള്‍ക്ക് എങ്ങനെയാണ് കരുണയുള്ളവനാകാന്‍ കഴിയുക  എന്നും നാം ചിന്തിച്ചേക്കാം. എന്നാല്‍ മറിച്ചാണ് കാര്യങ്ങള്‍. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ വിശ്വാസിസമൂഹത്തോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ദൈവത്തിന്റെ അനന്തമായ ഈ കരുണയാണ് നമുക്ക് നീതി നടപ്പിലാക്കിത്തരുന്നത്. നീതി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കു വരുന്നത് ഒരു നീതി ന്യായ സംവിധാനവും നീതി ലഭിക്കാന്‍ കാത്തിരിക്കുന്നവരും കോടതിയും ജഡ്ജിയുമൊക്കെയാണ്. ഇവിടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാം. ചില തെറ്റുകള്‍ ശരികളായും വ്യാഖ്യാനിക്കപ്പെടും. ഇവിടെ എല്ലായ്‌പ്പോഴും നീതി നടപ്പിലാക്കപ്പെടണമെന്നില്ല.

തെറ്റു ചെയ്തവന് അതിന്റെ ഗൗരവം ബോധ്യപ്പെടണം. എന്നാല്‍ ആ തെറ്റിന് ഇരയായവന്‍ ഒരു പരിവര്‍ത്തനത്തിന് അവനെ ക്ഷണിക്കുകയാണ് വേണ്ടത്. താന്‍ ചെയ്ത തെറ്റ് ബോധ്യപ്പെടുന്നതോടൊപ്പം മന:സാക്ഷിയെ വിചിന്തനം ചെയ്യാനും തെറ്റു ചെയ്തവന് സാധിക്കണം. ആ തെറ്റിന്റെ ഇരകള്‍ അവനോട് ക്ഷമിക്കുമ്പോള്‍ അവിടെ കരുണയുണ്ടാകുന്നു. നീതി വിജയിക്കുന്നു. ഇപ്രകാരമാണ് നീതിയും കരുണയും പരസ്പരം ചേര്‍ന്നുപോകുന്നത്. ദൈവത്തിന്റെ നീതിയുടെ ശരിയായ അര്‍ത്ഥം ഇതാണ്.

ദൈവത്തിന്റെ നീതി അവിടുത്തെ കരുണയാണ്. ദൈവമക്കളായ നമ്മള്‍ ദൈവികമായ കരുണയോട് തുറവിയുള്ളവരായിരിക്കണം. നമ്മുടെ സഹോദരങ്ങളോട് ഈ കരുണ പ്രഘോഷിക്കുകയും വേണം. ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login