നീല സൈക്കിള്‍ ചവിട്ടി ഒരു കന്യാസ്ത്രീ…

നീല സൈക്കിള്‍ ചവിട്ടി ഒരു കന്യാസ്ത്രീ…

സിസ്റ്റര്‍ ആഞ്ചെലിക് നമൈക്കയെ അറിയുമോ? അങ്ങനെയൊരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? 2013 ലെ നാന്‍സെന്‍ അഭയാര്‍ത്ഥി പുരസ്‌ക്കാര ജേതാവാണ് സിസ്റ്റര്‍ ആഞ്ചെലിക് നമൈക്ക. ഇരുള്‍ വിഴുങ്ങിയ ആയിരക്കണക്കിന് സ്ത്രീ ജീവിതങ്ങള്‍ക്ക് വെളിച്ചത്തിന്റെ ഒരുതുണ്ട് നല്കിയ സിസ്റ്ററുടെ സേവനങ്ങള്‍ക്ക് ലഭിച്ച ആദരവായിരുന്നു ഈ പുരസ്‌ക്കാരം.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ് സിസ്റ്ററുടെ പ്രവര്‍ത്തനമണ്ഡലം. ലോര്‍ഡ്‌സ് റസിസ്റ്റന്‍സ് ആര്‍മിയും മറ്റ് ചില വിഭാഗങ്ങളും സ്ത്രീവര്‍ഗ്ഗത്തിന് നേരെ അഴിച്ചുവിട്ട കൊടുംഭീകരതകള്‍ക്ക് നടുവിലേക്കാണ് 2003 ല്‍ ആദ്യമായി സിസ്റ്റര്‍ ഡംങ്കുവിലെത്തിയത്.
അവിടെ കണ്ട കാഴ്ചകളും നേരിട്ട് മനസ്സിലാക്കിയ ജീവിതാനുഭവങ്ങളും സിസ്റ്ററിന് ഞെട്ടലുളവാക്കുന്നവയായിരുന്നു.

ചിതറിക്കപ്പെട്ടുപോയ യുവജനങ്ങള്‍, തട്ടിക്കൊണ്ടുപോകപ്പെടുന്ന സ്ത്രീകള്‍, അടിമകളായും ലൈംഗികാടിമത്തത്തിന് വിധേയരായും ജീവിക്കേണ്ടിവരുന്നവര്‍..കൂട്ടബലാത്സംഗത്തിന് വിധേയരാകുന്നവര്‍.. മുമ്പോട്ടുള്ള ജീവിതത്തിന് ഒരു വഴിയും തെളിഞ്ഞുകാണാനില്ലാതെ വിഷമവൃത്തത്തിലായിരിക്കുന്നവര്‍.. ഇവര്‍ക്കിടയിലേക്കാണ് സിസ്റ്റര്‍ കടന്നുവന്നത്.

ഇതിന് പുറമെ മറ്റൊരു സാഹചര്യവും അവിടെ നിലവിലുണ്ടായിരുന്നു .ക്ലാസ് മുറികളില്‍ നിന്ന് പോലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു. ഒന്നുകില്‍ അവരുടെ ജീവിതം കുട്ടിപോരാളികളോ ലൈംഗികാടിമകളായോ രൂപാന്തരപ്പെടുന്നു.

മക്കളെ കൊല്ലുന്ന മാതാപിതാക്കള്‍.. അക്രമികളുടെ തീ വയ്പ്പില്‍ ആളിപ്പടരുന്ന വീടുകള്‍… പണമില്ലാത്തതിന്റെ പേരില്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍..നിര്‍ദ്ധനരായ അമ്മമാര്‍…

ഈ ജീവിതങ്ങളെ പുനരധിവസിപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് സിസ്റ്റര്‍ മനസ്സിലാക്കി. തന്റെ സഹായം അര്‍ഹിക്കുന്നവരുടെ എണ്ണവും അവരെ പിന്തിരിപ്പിച്ചില്ല. രണ്ടായിരത്തിലധികം സ്ത്രീകളായിരുന്നു മേല്പ്പറഞ്ഞ അവസ്ഥയിലൂടെ കടന്നുപോയി ജീവിതം വഴിമുട്ടിനില്ക്കുന്നവരായി ഉണ്ടായിരുന്നത്.

ഒരു ആത്മസമര്‍പ്പണത്തിന്റെ കഥ ഇവിടെ ആരംഭിക്കുകയായിരുന്നു. ലോകമെങ്ങും അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ ആരംഭം കുറിക്കല്‍ കൂടിയായിരുന്നു അത്.

പുനരധിവാസം കൊണ്ട് മാത്രം ഈ ജീവിതങ്ങള്‍ക്ക് മുമ്പോട്ടുപോകാനാവില്ല എന്ന് സിസ്റ്റര്‍ക്ക് മനസ്സിലായി. തിന്മകള്‍ക്കെതിരെ പോരാടാനും അനീതികള്‍ക്കെതിരെ പ്രതികരിക്കാനും ഇവരെ പ്രാപ്തരാക്കേണ്ടത് അത്യാവശ്യമാണെന്നും. വിദ്യാഭ്യാസത്തിന്റെ കുറവാണ് സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും ഇവിടെ കാരണമായിത്തീര്‍ന്നിരിക്കുന്നതെന്നും തിരിച്ചറിഞ്ഞ സിസ്റ്റര്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കാനുള്ള പരിശ്രമങ്ങളിലേര്‍പ്പെട്ടു.

അതോടൊപ്പം കൊടും പീഡനങ്ങളിലൂടെ കടന്നുപോയ ഇവര്‍ക്ക് സ്വന്തം കാലില്‍ നില്ക്കാനുള്ള മാര്‍ഗ്ഗങ്ങളും. അങ്ങനെ സാക്ഷരതാ ക്ലാസുകള്‍ക്ക് പുറമെ തൊഴില്‍പരിശീലന കോഴ്‌സുകളും ആരംഭിച്ചു. ബേക്കറി, പാചകം, കൃഷി എന്നിങ്ങനെയായിരുന്നു ഈ തൊഴില്‍ മേഖലകള്‍. ഈ ജീവിതങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടി സിസ്റ്റര്‍ സ്ഥാപിച്ചതാണ് സെന്‍ട്രല്‍ ഫോര്‍ റീഇന്റിഗ്രേഷന്‍ ആന്റ് ഡവലപ്‌മെന്റ്..

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള നാന്‍സെന്‍ പുരസ്‌ക്കാരം. യൂണൈറ്റഡ് നേഷന്‍സ് ഹൈ കമ്മീഷനര്‍ ഫോര്‍ റിഫ്യൂജീസ് നല്കുന്ന ഈ സമ്മാനം 1954 മുതല്ക്കാണ് ഏര്‍പ്പെടുത്തിത്തുടങ്ങിയത്. നോബൈല്‍ സമ്മാന ജേതാവായ നാന്‍സെന്റെ പേരിലുള്ളതാണ് അവാര്‍ഡ്. അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ഗ്രൂപ്പുകള്‍, സംഘടനകള്‍ എന്നിവര്‍ക്കാണ് ഇത് നല്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2008 മുതല്‍ കോംഗോയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് 2008 മുതല്‍ ഓടിപ്പോകാന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മേലെയാണ്.

1967 ലാണ് സിസ്റ്ററുടെ ജനനം. ഡംങ്കുവിന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള ലീഗായിരുന്നു ജന്മസ്ഥലം. അസുഖക്കാരിയായിട്ടായിരുന്നു ബാല്യം. പക്ഷേ മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സ്‌നേഹവും പരിഗണനയും കിട്ടി വളര്‍ന്നുവന്ന ജീവിതം കൂടിയായിരുന്നു അവളുടേത്. ഒമ്പതാം വയസില്‍ കണ്ട കാഴ്ച അവളുടെ ജീവിതത്തെ ആഴമായി സ്പര്‍ശിച്ചു. ദരിദ്രര്‍ക്ക് സൗജന്യമായി മരുന്നുവിതരണം ചെയ്യുന്ന ഒരു ജര്‍മ്മന്‍ മിഷനറി കന്യാസ്ത്രീയായിരുന്നു അതിന് കാരണം.

കന്യാസ്ത്രീയുടെ ദീനാനുകമ്പയും നിസ്വാര്‍ത്ഥതയും സ്‌നേഹവും ആഴത്തില്‍ സ്പര്‍ശിച്ച ദിവസം ആഞ്ചെലിക്ക മനസ്സില്‍ ഇങ്ങനെ ദൃഢപ്രതിജ്ഞയെടുത്തു. അവര്‍ തനിച്ചാണെങ്കിലും എത്രയോ കഷ്ടപ്പെടുന്നു. ഞാനും ഒരു കന്യാസ്ത്രീയയായ ദരിദ്രരെ സഹായിക്കും..സേവിക്കും.. ഇരുപത്തിയഞ്ച് വയസ് വരെ തന്റെ ആഗ്രഹം അവള്‍ സ്വകാര്യമായി സൂക്ഷിച്ചു.

പിന്നെ അവള്‍ കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്നു. ആഫ്രിക്കന്‍ സ്പിരിച്വാലിറ്റിയില്‍ പഠനം നടത്തിയ സിസ്റ്റര്‍ രണ്ടായിരത്തിലാണ് കത്തോലിക്കാ കന്യാസ്ത്രീയായുള്ള വ്രതവാഗ്ദാനം നടത്തിയത് അതിന് ശേഷമാണ് ഡംങ്കുവില്‍ സ്‌നേഹത്തിന്റെ കൈവിളക്കുമായി എത്തിയത്. രാത്രിയില്‍ മൂന്നു തവണയെങ്കിലും അനാഥക്കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനായി സിസ്റ്റര്‍ ഉറക്കമുണരുന്നു. രാവിലെ ആറരയ്ക്കുള്ള ദിവ്യബലി ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമാണ്.

ഞാന്‍ ദൈവത്തില്‍ ശരണംവയ്ക്കുന്നു. സഹായം ചോദിച്ചു ഒരു വ്യക്തി മുമ്പില്‍ വരുമ്പോള്‍ അത് ദൈവമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.. ദൈവമാണ് പ്രവര്‍ത്തിക്കാനുള്ള ശക്തിയും ധൈര്യവും എനിക്ക് തരുന്നത്. സിസ്റ്റര്‍ പറയുന്നു.

നീല സൈക്കിളിലാണ് സിസ്റ്ററുടെ യാത്രകള്‍. ചെളിയും മണ്ണും നിറഞ്ഞ ഇടവഴികളിലൂടെയും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെയും സേവനത്തിന്റെ സന്ദേശവുമായി സിസ്റ്റര്‍ സഞ്ചരിക്കുന്നു.

ആവശ്യത്തിന് ഫണ്ടില്ലാത്തതാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേരിടുന്ന ഏറ്റവുംവലിയ ബുദ്ധിമുട്ട് എന്ന് സിസ്റ്റര്‍ പറയുന്നു. പണത്തിന്റെ ബുദ്ധിമുട്ട്‌നേരിടുമ്പോള്‍ സഹായം ചോദിച്ച് മനുഷ്യസ്‌നേഹികള്‍ക്ക് എഴുതും, സഹായം ചോദിച്ച് വാതിലില്‍ മുട്ടും..

തന്റെ രാജ്യത്ത് സമാധാനം ഒരുനാള്‍ ശാശ്വതമാകുമെന്നും യുദ്ധങ്ങള്‍ അവസാനിക്കുമെന്നുമാണ് സിസ്റ്റററുടെ പ്രതീക്ഷയും പ്രാര്‍ത്ഥനയും. ദൈവത്തിലും നാം ചെയ്യുന്ന കാര്യത്തിലും നമുക്ക് വിശ്വാസമുണ്ടെങ്കില്‍ നാം ധീരതയോടെ മുമ്പോട്ട് പോകേണ്ടിയിരിക്കുന്നു.. ചെയ്യുന്ന നല്ലകാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവുകയും വേണം. സിസ്റ്ററെ മുമ്പോട്ട് നയിക്കുന്നത് ഈ വിശ്വാസപ്രമാണമാണ്.

ബിജു

You must be logged in to post a comment Login