നീ മറഞ്ഞ നിമിഷം മുതല്‍….!

നീ മറഞ്ഞ നിമിഷം മുതല്‍….!

sandberg 2ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്. സോഷ്യല്‍ മീഡിയയുടെ തലവര മാറ്റിക്കുറിച്ച ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍. 2012 ല്‍ ടൈം വാരിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 പേരുടെ പട്ടികയില്‍ ഇടം നേടി. വാഷിംഗ്ടണിലെ ഒരു യഹൂദ കുടുംബത്തില്‍ ജനനം. 1991 ല്‍  ഹാര്‍വാര്‍ഡ്‌ കോളേജില്‍ നിന്ന് അത്യുന്നത സ്ഥാനത്തോടെ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. അതോടൊപ്പം എച്ച് വില്യംസ് പ്രൈസും. 1995 ല്‍ ഏറ്റവും മികച്ച മാര്‍ക്കോടെ എംബിഎ കരസ്ഥമാക്കി. 2007 ല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ വഴിത്തിരിവായി. ഫേസ്ബുക്കിന്റെ സിഒഒ ആകാന്‍ സാന്‍ഡ്ബര്‍ഗിനേക്കാള്‍ മികച്ചൊരാളില്ലെന്ന് ആ കുടിക്കാഴ്ചയില്‍ സക്കര്‍ബര്‍ഗിന് ബോധ്യമായി. ശേഷമുള്ള കഥ ചരിത്രമാണ്.

24 ാം വയസ്സില്‍ സാന്‍ഡ്ബര്‍ഗ് ആദ്യവിവാഹം കഴിച്ചു. ആ ബന്ധം പിരഞ്ഞതിനു ശേഷം 2004 ല്‍, അന്നത്തെ യാഹൂ എക്‌സിക്ക്യുട്ടീവായിരുന്ന ഡേവ്‌ ഗോള്‍ഡ്ബര്‍ഗിനെ പുനര്‍വിവാഹം ചെയ്തു. 2015 മെയ് 1ന് ഗോള്‍ഡ്ബര്‍ഗ്  ആകസ്മികമായി മൃതിയടഞ്ഞു. ഒരു മെക്‌സിക്കന്‍ റിസോര്‍ട്ടില്‍ വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞു വീണു മരിക്കുകയായരുന്നു. ട്രെഡ്മില്ലില്‍ വീണ് തലയ്ക്കു പരിക്കേറ്റു എന്നു റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ മരണം ഫേസ്ബുക്കിന്റെ ജീവനാഡിയായിരുന്ന ഷെറില്‍ സാന്‍ഡ്ബര്‍ഗിനെ ആഴത്തില്‍ സ്പര്‍ശിച്ചു. ‘ഓരോ രാത്രിയും ഞാനെന്റെ കിടക്കയില്‍ കണ്ണീര്‍ വാര്‍ക്കുന്നു…’ എന്നാണ് ഷെറില്‍ അതിനെ കുറിച്ചു പറഞ്ഞത്. ഷെറില്‍ തന്റെ ഫേസ്ബൂക്ക് വാളില്‍ കഴിഞ്ഞ ബുധനാഴ്ച കുറിച്ചിട്ട സന്ദേശം അത്യന്തം ഹൃദയസ്പര്‍ശിയായിരുന്നു. ജീവിതത്തിലെ ദുരന്താനുഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നേരിടുന്നതിനെയും അവയുടെ അര്‍ത്ഥത്തിലേക്ക് മിഴി തുറക്കുന്നതിനെയും കുറിച്ചുള്ള ആഴമുള്ള ഉള്‍ക്കാഴ്ചകളാല്‍ സമൃദ്ധമാണ് ഈ കുറിപ്പ്. ജീവിതത്തിലെ മഹാദുഖം നല്‍കിയ പ്രായോഗിക ജഞാനത്തിന്റെ മൊഴിമുത്തുകളാണീ കുറിമാനം. ജനങ്ങളില്‍ നിന്നും ജനങ്ങളിലേക്ക് അത് പകര്‍ന്നു പകര്‍ന്നു പോയി. ഏഴു ലക്ഷത്തോളം ലൈക്കുകളും മൂന്നു ലക്ഷത്തോളം ഷെയറുകളുമായി അത് ഹൃദയങ്ങള്‍ തോറും പറന്നു നടക്കുന്നു. ലോകഹൃദയത്തെ തൊട്ട ആ സന്ദേശം ഹൃദയവയല്‍ വായനക്കാര്‍ക്കായി ഇതാ:

 

എന്റെ പ്രിയതമനു വേണ്ടിയുള്ള ഷെലോഷിംഇന്ന്  അവസാനിക്കുകയാണ്. വേര്‍പാടിന്റെ ആദ്യത്തെ മുപ്പതു നാള്‍. പ്രിയപ്പെട്ടൊരാള്‍ സംസ്‌കരിക്കപ്പെട്ട ശേഷം യഹൂദാചാരപ്രകാരം ഏഴു ദിവസത്തെ തീവ്ര ദുഖാചരണം നിഷ്‌കര്‍ഷിക്കുന്നു. ഷിവ എന്നാണത് അറിയപ്പെടുന്നത്. ഷിവ കഴിഞ്ഞാല്‍ സാധാരണ ജീവിതം ഏറെക്കുറെ പുനര്‍സ്ഥാപിക്കപ്പെടുന്നു. എന്നാല്‍ ജീവിതപങ്കാളിക്കായുള്ള ദുഖാചരണം പൂര്‍ത്തായാകാന്‍ ഒരു മാസം എടുക്കും. ആ കാലാവധിയാണ് ഷെലോഷിം.

താന്‍ ഇന്നു വരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഒറ്റവരി പ്രര്‍ത്ഥനയെ കുറിച്ച് എന്റെ ബാല്യകാല സുഹൃത്തായിരുന്ന ഒരു റബ്ബി കഴിഞ്ഞ ദിവസം എന്നോടു പറഞ്ഞു. ‘ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ മരിക്കാതിരിക്കട്ടേ!’ എന്നായിരുന്നു, ആ പ്രാര്‍ത്ഥന. ഡേവ് മരിക്കും വരെ ആ വാക്കുകളുടെ അര്‍ത്ഥം എനിക്കു മനസ്സിലായിരുന്നില്ല. ഇപ്പോള്‍ എനിക്കറിയാം.

ഒരു ദുരന്തം നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ ഒരു തെരഞ്ഞെടുപ്പിനുള്ള അവസരമുണ്ട്. ഒന്നുകില്‍ നിങ്ങള്‍ക്ക് ഒരു ശൂന്യതയ്ക്ക് കീഴ്‌പ്പെടാം. നിങ്ങളുടെ ഹൃദയത്തിലും ശ്വാസകോശത്തിലും നിറഞ്ഞ് ചിന്തിക്കാനോ ശ്വസിക്കാനോ സാധിക്കാത്ത വിധം കീഴ്‌പ്പെടുത്തുന്ന ശൂന്യതയ്ക്ക്. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു അര്‍്തഥം കണ്ടെത്താം. ഇക്കഴിഞ്ഞ മുപ്പതു ദിവസങ്ങളില്‍ മിക്കവാറും സമയം ഞാന്‍ ഈ ശൂന്യതയിലായിരുന്നു. എനിക്കറിയാം, ഭാവിയിലും ഇത്തരം ശൂന്യത വീണ്ടും എന്റെ മനസ്സിലേക്ക് ഇടയ്ക്കിടെ നുഴഞ്ഞു കയറിയേക്കാമെന്ന്.

പക്ഷേ എനിക്ക് കഴിയാവുന്നിടത്തോളം, ജീവനും അര്‍ത്ഥം തെരഞ്ഞെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇതു കൊണ്ടാണ് ഞാന്‍ എഴുതുന്നത്. ഷെലോഷിമിന് ഉപസംഹാരം കുറിക്കാനും മറ്റുള്ളവര്‍ എനിക്കായി നല്‍കിയതില്‍ ചിലതെങ്കിലും അവര്‍ക്ക് തിരിച്ചു കൊടുക്കാനും. ദുഖത്തിന്റെ അനുഭവം തികച്ചും വ്യക്തിപരമാണെങ്കിലും സ്വന്തം അനുഭവങ്ങള്‍ എന്നോടു പങ്കു വച്ചവരുടെ ധൈര്യം അതിലൂടെ കടന്നു പോകാന്‍ എന്നെ ഏറെ സഹായിച്ചു. ഹൃദയം തുറന്ന പലരും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ജ്ഞാനവും പരസ്യമായ ഉപദേശവും എനിക്കു പകര്‍ന്ന മറ്റു ചിലര്‍ തികച്ചും അപരിചിതരും ആയിരുന്നു. അതെല്ലാം ഞാന്‍ ഇവിടെ പങ്കുവയ്ക്കുകയാണ്, ആര്‍ക്കെങ്കിലും അത് ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയില്‍. ഈ ദുരന്തത്തിന് ഒരര്‍ത്ഥം കൈവരുമെന്ന പ്രത്യാശയില്‍.
ഈ മുപ്പതു ദിവസം കൊണ്ട് ഞാന്‍ മുപ്പതു സംവത്സരങ്ങള്‍ ജീവിച്ചു തീര്‍ത്തു. മുപ്പതു വര്‍ഷത്തെ ദുഖം ഞാന്‍ അനുഭവിക്കുന്നു. മുപ്പുതു വര്‍ഷത്തെ വിവേകം എനിക്കു ലഭിച്ചതു പോലെ തോന്നുന്നു.

ഒരമ്മയാവുക എന്നത് എന്താണെന്ന് ഞാനിപ്പോള്‍ ആഴത്തില്‍ മനസ്സിലാക്കുന്നു. എന്റെ കുട്ടികള്‍ നിലവിളിക്കുമ്പോഴും, എന്റെ വേദനയില്‍ അമ്മ എന്നോട് ബന്ധം പുലര്‍ത്തുമ്പോഴുമെല്ലാം. ഓരോ രാത്രിയും ഞാന്‍ കരഞ്ഞുറങ്ങിപ്പോകും വരെ എന്നെ ചേര്‍ത്തുപിടിച്ച് എന്റെ കിടക്കയിലെ ശൂന്യത നിറയ്ക്കാന്‍ അമ്മ ശ്രമിച്ചു. എനിക്ക് കണ്ണീര്‍ വാര്‍ക്കുന്നതിനായി സ്വന്തം കണ്ണീര്‍ അമ്മ അടക്കിപ്പിടിച്ചു. ഞാന്‍ അനുഭവിക്കുന്ന ദുഖം എന്റേതും എന്റെ കുഞ്ഞുങ്ങളുടേതുമാണെന്ന് അമ്മ പറയുമ്പോള്‍ അവരുടെ മിഴിക്കുള്ളില്‍ ഞാനാ വേദന കണ്ടു. അതിനാഴമറിഞ്ഞു.

മറ്റുള്ളവര്‍ക്ക് ആവശ്യങ്ങള്‍ വരുമ്പോള്‍ എന്താണവരോട് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. മുമ്പ് ഞാന്‍ മനസ്സിലാക്കയതെല്ലാം തെറ്റായിരുന്നു. എല്ലാം ശരിയാകും എന്ന് അവരെ ധരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. പ്രതീക്ഷയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സാന്ത്വനം എന്നു ഞാന്‍ കരുതി. ക്യാന്‍സറിന്റെ അവസാന ഘട്ടത്തിലെത്തിയ എന്റെ ഒരു സുഹൃത്ത് പറഞ്ഞു, താന്‍ കേള്‍ക്കാനാഗ്രഹിക്കുന്നതില്‍ ഏറ്റവും മോശപ്പെട്ട കാര്യം എല്ലാം ശരിയാകും എന്നാണെന്ന്. ആ ശബ്ദം അദ്ദേഹത്തിന്റെ തലയ്ക്കുള്ളില്‍ കിടന്നു നിലവിളിക്കും. ‘അത് ശരിയാകുമെന്ന് നിങ്ങള്‍ക്കെങ്ങനെ അറിയാം? ഞാന്‍ മരിക്കുമെന്ന് നിങ്ങള്‍ക്കറിയില്ലേ? ‘ കഴിഞ്ഞു പോയ ഒരുമാസം ഞാന്‍ മനസ്സിലാക്കി ആ സുഹൃത്ത് എന്നെ പഠിപ്പിച്ചു തരാന്‍ ശ്രമിച്ച കാര്യം. ചില സാഹചര്യങ്ങളില്‍, ശരിയായ സഹാനുഭൂതി എല്ലാം ശരിയാകും എന്ന് ആവര്‍ത്തിക്കലല്ല, അങ്ങനെ ആവില്ല എന്ന് അംഗീകരിക്കലാണ്.

‘നീയും നിന്റെ കുട്ടികളും വീണ്ടും സന്തോഷമുള്ളവരാകും’ എന്ന് ആളുകള്‍ പറയുമ്പോള്‍ എന്റെ ഹൃദയം എന്നോടു പറയും, ‘എനിക്കറിയാം, ഞാനത് വിശ്വസിക്കുന്നു. എന്നാല്‍ ശുദ്ധമായ സന്തോഷം ഒരിക്കലും ഞാനിനി കണ്ടെത്തുകയില്ല.’ എന്നാല്‍ ‘ ഇനിയും സാധാരണ ജീവിതത്തിലേക്ക് നീ മടങ്ങും. എന്നാല്‍ മുമ്പത്തേതു പോലെ ആയിരിക്കുകയില്ല,’ എന്നു പറയുന്ന വാക്യം എന്നെ സ്ത്യമായും ആശ്വസിപ്പിക്കുന്നു. കാരണം അവര്‍ക്ക് സത്യമറിയാം. സത്യം പറയുകയും ചെയ്യുന്നു. ‘സുഖമാണോ? ‘ എന്ന കുശലാന്വേഷണം പോലും ‘ഇന്ന് നിനക്ക് സുഖമാണോ?’ എന്നാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ‘സുഖമാണോ’ എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ സത്യത്തില്‍ അവരോട് കയര്‍ക്കാനുള്ള ചോദന ഞാന്‍ അടക്കുകയാണ്. എന്റെ ഭര്‍ത്താവ് ഒരു മാസം മുമ്പ് മരിച്ചു. എനിക്ക് എങ്ങനെയുണ്ടാകുമെന്നാണ് നിങ്ങള്‍ക്കു തോന്നുന്നത്. ‘നിനക്ക് ഇന്നു സുഖമാണോ’ എന്ന ചോദിക്കുന്ന ഒരാളോട് എനിക്ക് ബഹുമാനമുണ്ട്. ഓരോ ദിവസത്തിലൂടെയും കടന്നു പോകവുയാണ് എനിക്കു ചെയ്യാന്‍ കഴുന്ന നല്ല കാര്യം എന്ന് അവര്‍ക്കറിയാം.

പ്രായോഗികമായ ചില കാര്യങ്ങളും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഡേവ് വീണ ഉടനെ ത െമരിച്ചിരുന്നുവെങ്കിലും ആംബുലന്‍സിലിരിക്കുമ്പോള്‍ ഞാനത് മനസ്സിലാക്കിയിരുന്നില്ല. ആശുപത്രിയിലേക്കുള്ള യാത്ര ദുസ്സഹമാംവിധം പതുക്കെയായിരുന്നു. പാര്‍ശ്വങ്ങളിലേക്കു മാറിപ്പോകാത്ത ഓരോ കാറിനെയും, നേരത്തെ എത്താന്‍ വേണ്ടിയുള്ള തത്രപ്പാടില്‍ ഞങ്ങള്‍ക്കായി വഴിമാറാത്ത ഓരോ വ്യക്തിയെയും എനിക്കിപ്പോഴും വെറുപ്പാണ്. പല രാജ്യങ്ങളിലും ഞാനിത് ശ്രദ്ധിച്ചിട്ടുണ്ട്. നമുക്ക് വഴി മാറിക്കൊടുക്കാം. ആരുടെയോ മാതാപിതാക്കളുടെ, ജീവിതപങ്കാളിയുടെ, കുഞ്ഞിന്റെ ജീവന്‍ നമ്മുടെ വഴിമാറലിനെ ആശ്രയിച്ചിരിക്കുന്നു!
എല്ലാം എത്ര നശ്വരമാണെ് എനിക്കിപ്പോള്‍ അറിയാം. എല്ലാം തന്നെ. നിങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന പരവതാനികള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ഏതു നിമിഷവും താഴേക്കു ആരോ വലിച്ചിടാം. ഇക്കഴിഞ്ഞ മുപ്പതു ദിവസങ്ങളില്‍ തങ്ങളുടെ പ്രിയതമനെ നഷ്ടപ്പെട്ട’ അനേകം സ്ത്രീകളെ ഞാന്‍ കേള്‍ക്കുകയുണ്ടായി. പരവതാനികള്‍ കാലടികളില്‍ നിന്നും വലിച്ചെടുക്കപ്പെട്ട ഹതഭാഗ്യര്‍. ചിലര്‍ക്ക് പിന്തുണയുടെ ശൃംഖലകളില്ല. വൈകാരിക പ്രയാസങ്ങളും സാമ്പത്തിക സുരക്ഷയുമില്ലാതെ ഒറ്റയ്ക്കു തുഴയുവര്‍. ഏറ്റവും സഹായം ആവശ്യമുള്ള നേരത്ത് ഈ സ്ത്രീകളെ നാം ഉപേക്ഷിക്കുന്നു എന്നത് തെറ്റാണെ് എനിക്കു തോുന്നു.

ഇതു വരെ ഞാനൊരു വല്യേടത്തി ആയിരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍. എല്ലാം പ്ലാന്‍ ചെയ്യുന്ന, എല്ലാം പ്രവര്‍ത്തിക്കുന്നവവള്‍. ഇത് പക്ഷേ ഞാന്‍ പ്ലാന്‍ ചെയ്തതായിരുന്നില്ല. അത് സംഭവിച്ചപ്പോള്‍ എനിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്റെ ഉറ്റവര്‍ കാര്യങ്ങള്‍ ഏറ്റെടുത്തു. അവര്‍ പ്ലാന്‍ ചെയ്തു. അവര്‍ ക്രമീകരിച്ചു. എവിടെ ഇരിക്കണമെന്ന് അവര്‍ പറഞ്ഞു. ഭക്ഷണത്തിനു സമയമാകുമ്പോള്‍ അവര്‍ ഓര്‍മിപ്പിച്ചു. ഇപ്പോഴും എന്നെയും എന്റെ കുഞ്ഞുങ്ങളെയും പിന്തുണയ്ക്കാന്‍ അവര്‍ കഴിയുന്നതെല്ലാം ചെയ്യുന്നു.

സ്വപ്രയത്‌നം കൊണ്ട് ദുരന്തങ്ങളില്‍ നിന്ന് കരകയറാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. അതിനെ കുറിച്ച് ആദം എം ഗ്രാന്‍ഡ് നല്‍കുന്ന മാര്‍ഗങ്ങള്‍ ഞാന്‍ പ്രയോഗിച്ചു നോക്കി. 1. പേഴ്‌സണലൈസേഷന്‍ – എന്റെ തെറ്റല്ല എന്ന് മനസ്സിലാക്കുക. സോറി എന്ന വാക്ക് എടുത്തുകളായന്‍ അദ്ദേഹം പറഞ്ഞു. എന്റെ തെറ്റല്ല എന്ന് ആവര്‍ത്തിച്ചു പറയാന്‍ അദ്ദേഹം പറഞ്ഞു. 2. പെര്‍മനന്‍സ് – ഇതു പോലെ എനിക്ക് എന്നും തോന്നുകയില്ലെന്ന് ഓര്‍ക്കുക. ഇത് ഭേദപ്പെടും. 3. പെര്‍വേഴ്‌സീവ്‌നെസ് – എന്റെ ജീവിതത്തെ ആകമാനം ഇത് ബാധിക്കുകയില്ല. ഓരോന്നിനും അതിന്റെ സ്ഥലം നിശ്ചയിച്ചു നല്‍കുകയാണ് ആരോഗ്യകരം.

എന്നെ സംബന്ധിച്ച് ജോലിയിലേക്കുള്ള പുനര്‍ പ്രവേശനം ഒരു രക്ഷയായിരുന്നു. സ്വയം പ്രയോജനമുള്ളവളായിരിക്കാനും ബന്ധങ്ങളിലേക്ക് മടങ്ങാനും ഒരവസരം. എന്നാല്‍ ആ ബന്ധങ്ങള്‍ പോലും മാറിയിരിക്കുന്നതായി വളരെ വേഗം ഞാന്‍ മനസ്സിലാക്കി. ഞാന്‍ അടുത്തു ചെല്ലുമ്പോള്‍ സഹപ്രവര്‍ത്തകരുടെ കണ്ണില്‍ ഭയത്തിന്റെ ലാഞ്ജന ഞാന്‍ കണ്ടു. കാരണം എനിക്കറിയാം. അവര്‍ക്ക് എന്നെ സഹായിക്കണമെന്നുണ്ട്. പക്ഷേ അറിയില്ല, എങ്ങനെയെന്ന്. ഞാന്‍ പറയണോ വേണ്ടയോ? ഞാനത് പറഞ്ഞാല്‍ എന്താണ് പറയേണ്ടത്? ഞാനെന്നും പ്രാധാന്യം കല്‍പിച്ചിരുന്ന സഹപ്രവര്‍ത്തകരുമായി എനിക്കുണ്ടായിരുന്ന ആ അടുപ്പം വീണ്ടെടുക്കണമെങ്കില്‍ അവരെ സ്വാഗതം ചെയ്യണമായിരുന്നു. കൂടുതല്‍ തുറവി, ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ മാര്‍ദവം ഞാന്‍ നേടണമായിരുന്നു. ഏറ്റവും അടുപ്പമുള്ളവരോട് ഞാന്‍ പറഞ്ഞു, സത്യസന്ധമായ ചോദ്യങ്ങള്‍ ചോദിക്കൂ, ഞാന്‍ മറുപടി തരാം. എന്റെ അനുഭവത്തെ കുറിച്ച് ചോദിക്കുന്നതില്‍ തെറ്റില്ല എന്നും ഞാന്‍ പറഞ്ഞു. എന്റെ വീടിനടുത്തേക്ക് താന്‍ പതിവായി വരാറുണ്ടായിരുന്നെന്നും പക്ഷേ അകത്തേക്കു വരണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നതായും ഒരു സഹപ്രവര്‍ത്തക പറഞ്ഞു. ഞാനടുത്തുള്ളപ്പോള്‍ താന്‍ വേണ്ടാത്തതെന്തെങ്കിലും പറഞ്ഞു പോകുമോ എന്നു ഭയന്ന് നിഷ്‌ചേഷ്ടനായിപോയി എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. തെറ്റു പറയുമോ എന്ന ഭയം നീക്കാന്‍ തുറന്നുള്ള സംഭാഷണം ഉപകരിച്ചു. എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണന്‍ ഒരു ആനയുടേതാണ്. ഒരു മുറിയില്‍ നിന്നും അത് ഫോണില്‍ പറയുന്നു: ‘ഇത് ആനയാണ്.’ ആനയെ അഭിസംബോധന ചെയ്തു കഴിഞ്ഞാല്‍ പിന്നെ അതിനെ പുറത്താക്കാന്‍ എളുപ്പമാണ്.

അതേ സമയം തന്നെ ചിലപ്പോള്‍ ആളുകളെ സ്വാഗതം ചെയ്യാനാവാത്ത സന്ദര്‍ഭങ്ങളുമുണ്ട്. ഒരിക്കല്‍ ഞാന്‍ ്‌സ്‌കൂളിലെ പോര്‍ട്ട്‌ഫോളിയോ നൈറ്റിന് പോയി. തങ്ങളുടെ കലാവിരുതുകള്‍ ഭിത്തിയില്‍ തൂക്കിയത് കുട്ടികള്‍ മാതാപിതാക്കളെ കാണിക്കുന്നു. ചില മാതാപിതാക്കള്‍ എന്റെ കണ്ണില്‍ നോക്കാന്‍ ശ്രമിക്കുകയോ സാന്ത്വനവാക്കകള്‍ പറയുകയോ ചെയ്തു. ആ സമയമൊക്കെ ഞാന്‍ പൊട്ടിപ്പോകുമോ എന്ന ഭയന്ന് താഴേക്കു നോക്കി നിന്നു. അവര്‍ക്ക് എന്നെ മനസ്സിലായി എന്നു ഞാന്‍ കരുതുന്നു.

നന്ദി എന്താണെന്നു ഞാന്‍ പഠിച്ചു. മുമ്പൊക്കെ നമുക്ക് ദാനമായി കിട്ടിയതാണെന്നു ചിന്തിക്കാതിരുന്ന കാര്യങ്ങളെ – ഉദാഹരണം ഈ ജീവന്‍- നന്ദിപൂര്‍വം കാണാന്‍ പഠിച്ചു. ഓരോ ദിവസവും ഞാന്‍ എന്റെ കുട്ടികളെ നോക്കി അവര്‍ ജീവനോടെ ഇരിക്കുന്നതില്‍ ആനന്ദിക്കും. ഓരോ പുഞ്ചിരിയും ഞാന്‍ ആസ്വദിക്കുന്നു. ഓരോ ആലിംഗനവും. ഒരു ദിവസത്തെ പോലും ഞാന്‍ ഇപ്പോള്‍ കളിയായെടുക്കുന്നില്ല. തന്റെ പിറന്നാളുകളെ വെറുപ്പാണെന്നും അത് ആഘോഷിക്കാറില്ലെന്നും പറഞ്ഞ ഒരു സുഹൃത്തിനെ നോക്കി ഞാന്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു: ‘നിന്റെ പിറന്നാള്‍ ആഘോഷിക്കണം! പിറന്നാളുണ്ടാകുക എന്നതൊരു ഭാഗ്യമാണ്’ എന്റെ അടുത്ത പിറന്നാല്‍ അതീവ ദുഖകരമായിരിക്കും എന്നെനിക്കറിയാം. എന്നാല്‍ ഇതുവരെ ആഘോഷിക്കാത്ത വിധത്തില്‍ ഹൃദയപൂര്‍വം അത് ആഘോഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.

എന്നോട് സഹതപിച്ച എല്ലാവരോടും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു. എന്റെ സഹപ്രവര്‍ത്തരിലൊരാള്‍ പറഞ്ഞത് അയാളുടെ ഭാര്യ (ഞാനിതു വരെ കാണാത്തവള്‍) എന്നോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വേണ്ടി താന്‍ അനേക വര്‍ഷങ്ങളായി മാറ്റി വച്ചിരുന്ന ഡിഗ്രി പഠനം പുനരാരംഭിച്ചുവെന്നാണ്. അതെ! സാഹചര്യങ്ങള്‍ അനുവദിക്കുമെങ്കില്‍ കഴിയാവുന്നത്ര പഠിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത.് അനേകം പുരുഷന്മാര്‍ ഡേവിന്റെ ജീവിതത്തെ ബഹുമാനിക്കുന്നത് തങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിട്ടുകൊണ്ടാണ്.

എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എത്രയേറെ നന്ദി എനിക്കിപ്പോള്‍ തോന്നുന്നുവെന്ന് എനിക്കു പറഞ്ഞറിയിക്കാനാവില്ല. കൂടെയുണ്ടാകുമെന്നു പറഞ്ഞ് എന്നെ സാന്ത്വനിപ്പിച്ചവര്‍. എന്നെ ഒരു മഹാശ്യൂന്യത വന്നു മൂടി ഭീകരമായ ആ നിമിഷത്തില്‍, കാലം അന്തമില്ലാത്തതും പാഴായും കിടന്ന നാളില്‍ അവരുടെ മുഖങ്ങളാണ് എന്നെ ഒറ്റപ്പെടലില്‍ നിന്നും ഭയത്തില്‍ നിന്നും വീണ്ടെടുത്തത്. അവാച്യമാണ് അവരോടുള്ള കടപ്പാട്.

എന്റെ കുട്ടികള്‍ക്ക് അച്ഛന്റെ സ്‌നേഹം പകരാന്‍ ഡേവ് ഇവിടെ ഇല്ലല്ലോ എന്ന കാര്യം ഞാന്‍ ഈ സുഹൃത്തുക്കളോടു പങ്കുവയ്ക്കുകയായിരുന്നു. ഡേവിന്റെ ശൂന്യത നിറയ്ക്കാന്‍ ഒരു പദ്ധതി ഞങ്ങള്‍ തയ്യാറാക്കി. ഞാന്‍ നിലവിളിച്ചു കൊണ്ടു പറഞ്ഞു: ‘എനിക്കു ഡേവിനെ വേണം. എനിക്ക് വേണ്ടത് ഓപ്ഷന്‍ എ യാണ്’ എന്റെ തോളില്‍ കൈയിട്ട് അദ്ദേഹം പറഞ്ഞു: ‘ഓപ്ഷന്‍ എ ഇനി ലഭ്യമല്ലല്ലോ. അതു കോണ്ട്, ഓപ്ഷന്‍ ബി അല്ലാതെ വേറെ വഴിയില്ല.’

ഡേവ്, നിന്റെ ഓര്‍മയെ ആദരിക്കാനും നമ്മുടെ കുഞ്ഞുങ്ങളെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ വളര്‍ത്താനും എനിക്ക് കഴിയാവുന്നതെല്ലാം ചെയ്യാന്‍, ഓപ്ഷന്‍ ബി ഞാന് തെരഞ്ഞെടുക്കുന്നു. ഷെലോഷിം അവസാനിച്ചുവെങ്കിലും ഞാനിപ്പോഴും ഓപ്ഷന്‍ എ ക്കു വേണ്ടി നിലവിളിക്കുന്നു. എന്നും ഞാന്‍ ഓപ്ഷന്‍ എ ക്കു വേണ്ടി നിലവിളിച്ചു കൊണ്ടിരിക്കും. ബോനോ പാടും പോലെ, ‘ദുഖത്തിന് അവസാനമില്ല… സ്‌നേഹത്തിന് അവസാനമില്ല….’ ഡേവ്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!

 

അഭിലാഷ് ഫ്രേസര്‍.

One Response to "നീ മറഞ്ഞ നിമിഷം മുതല്‍….!"

  1. Giji Thomas   June 5, 2015 at 7:34 pm

    The great touching experience.

You must be logged in to post a comment Login