നുണ പറഞ്ഞിട്ടെത്ര കാലമായി?

നുണ പറഞ്ഞിട്ടെത്ര കാലമായി?

no-lies-300x300ഏറ്റവുമധികം നുണകള്‍ കേള്‍ക്കുന്നത് ആരായിരിക്കും? കുഞ്ഞുങ്ങളായിരിക്കാനാണ് സാധ്യത. എത്രയധികം നുണകളാണ് നാം അവരോട് ഓരോ നിമിഷവും പറയുന്നത്. ചിലപ്പോള്‍ നമ്മുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. എങ്കിലും പറയുന്നതില്‍ പലതും നുണയല്ലേ?
ഉദാഹരണത്തിന് വാവിട്ടു നിലവിളിക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ തീര്‍ക്കാന്‍ നാം പറയുന്നു, കരയരുത് കരഞ്ഞാല്‍ കാട്ടുമാക്കാന്‍ വരും. അല്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന കുഞ്ഞിനോട് കാക്കയെ ചൂണ്ടി പറയുന്നു, കഴിച്ചില്ലെങ്കില്‍ ഈ ഭക്ഷണം മുഴുവന്‍ കാക്ക വന്ന് കഴിക്കും.. ഇങ്ങനെ എത്രയെത്ര നുണകള്‍.. പോലീസുകാരന്‍ പിടിച്ചുകൊണ്ടുപോകും.. ധര്‍മ്മക്കാരന്‍ വന്ന് തട്ടിക്കൊണ്ടുപോകും.. ഭീഷണികള്‍ പോലും ചിലപ്പോള്‍ നുണകളായി മാറുന്നു.

നുണ പറയാറില്ലെന്ന് വീമ്പിളക്കുന്നവരാണ് നമ്മളില്‍ പലരും. അത് ആത്മീയജീവിതത്തിന് കളങ്കമാണെന്നും നമുക്കറിയാം. പക്ഷേ നുണയാണ് പറയുന്നത് എന്നറിയാതെയോ അല്ലെങ്കില്‍ അങ്ങനെ മനസ്സിലാക്കാതെയോ നാം നുണ പറഞ്ഞുപോകുന്നു.

ചിലപ്പോള്‍ നമ്മുടെ സല്‍പ്പേര് നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടിയായിരിക്കാം.. അല്ലെങ്കില്‍ നാം കുറ്റക്കാരാകാതിരിക്കാന്‍ വേണ്ടിയായിരിക്കാം.. ഇനി അതുമല്ലെങ്കില്‍ സ്വയംരക്ഷയ്‌ക്കോ മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയോ ആകാം..

എന്നാല്‍ ഇതിലൊന്നിലും പെടാത്ത നുണകളുമുണ്ട്.. ആര്‍ക്കും നേട്ടമുണ്ടാക്കാത്ത, ആരെയും രക്ഷിക്കാനില്ലാത്ത നുണകള്‍.. വടക്കോട്ട് പോയാല്‍ തെക്കോട്ടെന്നും പടിഞ്ഞാറ് ദിശയിലേക്ക് പോയാല്‍ കിഴക്കേ ദിശയിലേക്കെന്നും വെറുതെ പറയുന്നവര്‍.. എവിടെ പോകുന്നുവെന്ന് വഴിക്ക് വച്ച് കാണുന്ന ഒരാള്‍ കുശലം ചോദിക്കുമ്പോഴായിരിക്കും നമ്മള്‍ നുണയുടെ ഈ ആവരണം അണിയുക..എന്നാല്‍ പറയുന്ന നാമൊരിക്കലും മനസ്സിലാക്കുന്നില്ല പറഞ്ഞത് നുണയാണെന്ന്..

അന്യായമായി നേടിയ വലിയ ആദായത്തെക്കാള്‍ ന്യായമായി നേടിയെ ചെറിയ വരുമാനമാണ് ശ്രേഷ്ഠമെന്ന് ആശയം വിശുദ്ധ ഗ്രന്ഥം പറയുന്നുണ്ട്. ചില നുണകള്‍ നമ്മെ രക്ഷിച്ചേക്കാം, പക്ഷേ തല്ക്കാലത്തേക്ക് എന്നു കൂടി അറിയണം. പറയുന്ന നുണകള്‍ നാം മറന്നുപോകും. എന്നാല്‍ കേള്‍ക്കുന്നവര്‍ ഓര്‍ത്തിരിക്കും. ഇത് നുണയന്‍ എന്ന വിലാസം നമുക്ക് ചാര്‍ത്തിതരും.

അന്തരിച്ച പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയെക്കുറിച്ച് ഒരാള്‍ പറഞ്ഞ കമന്റ് ഓര്‍ത്തുപോകുന്നു. താന്‍ നുണ പറയാറുണ്ടെന്ന് നുണ പറയുന്ന ഒരേ ഒരാള്‍ മാധവിക്കുട്ടിയാണത്രെ.. പക്ഷേ നാമൊക്കെ നുണ പറഞ്ഞിട്ടും നുണപറയാറില്ല എന്ന് മേനി നടിക്കുന്നവരല്ലേ?

ഇനി ഒന്നാലോചിച്ചു നോക്കൂ.. നമ്മുടെ നുണകളുടെ സ്വഭാവം..പ്രത്യേകതകള്‍,. ആരുടെയും പ്രീതി നോക്കാതെ, ദൈവത്തെ മാത്രം മുമ്പില്‍ കാണുകയാണെങ്കില്‍ നമുക്ക് നുണ പറയാന്‍ സാധിക്കുമോ? നുണ ചെറുതോ വലുതോ ആയിക്കൊള്ളട്ടെ.. നുണയെന്നും നുണയാണ്..

നുണ പറയാതിരിക്കാന്‍ നമുക്ക് ഇനിയെങ്കിലും ശ്രമിക്കാം. നുണ ഒരിക്കലും നമ്മെ രക്ഷിക്കില്ല. അത് മറക്കരുത്..

You must be logged in to post a comment Login