നൃത്തം

നൃത്തം

danceമഞ്ഞണിഞ്ഞ ആ ഡിസംബറില്‍ എന്നും നൃത്തം ഉണ്ടായിരുന്നു.
തുള്ളിയായ് തുളുമ്പുന്ന മഞ്ഞിന്‍ കണങ്ങള്‍ ഗിറ്റാറില്‍ താഴുകിയപ്പോഴും അവന് പാടാന്‍ പാട്ടുകള്‍ ഉണ്ടായിരുന്നു .
ആ തണുത്ത സായാഹ്നത്തില്‍ അവന്‍റെ ഗിറ്റാര്‍ സംഗീതം ആ താഴ്വരകളെ തഴുകി . ഓര്‍മ്മിച്ചെടുക്കാന്‍ ഒരുപാട് ഓര്‍മ്മകളുമായി ഒരു ഡിസംബര്‍ .അവന്‍റെ സംഗീതത്തില്‍ അവളുടെ നൃത്തം മനോഹരമായിരുന്നു . ആ സായാഹ്നത്തില്‍ താഴ്വരയെ തോട്ടവരെല്ലാം അവരുടെ നൃത്ത സംഗീതത്തില്‍ ലയിച്ചു .
രാത്രിയടുത്തപ്പോള്‍ അവള്‍ നൃത്തം നിര്‍ത്തി . തുറന്നുവച്ചിരുന്ന പാത്രത്തിലും പുറത്തും ചിതറിയ ചില്ലറകള്‍ പെറുക്കിയെടുക്കാന്‍ അവള്‍ തിടുക്കം കൂട്ടി .ഒപ്പം കീറിയ നോട്ടുകളും .
ഗിറ്റാറില്‍ നിന്ന് അപ്പോഴും സംഗീതം ഉണ്ടായിരുന്നു .
അവള്‍ പറഞ്ഞു ” ഇന്ന് നിര്‍ത്താം … രാത്രിയായിരിക്കുന്നു .” അപ്പോഴണ് ഗിറ്റാര്‍ നിലച്ചത് ,അവന്‍ സംഗീതം അവസാനിപ്പിച്ചത്..
അപ്പോഴും മഞ്ഞുവീഴുന്നുണ്ട് … അവള്‍ മുന്‍പേ നടന്നു .
അവളുടെ ഒരു തോളില്‍ കൈകള്‍ വച്ച് അവനും .
ഇടയ്ക്ക് അവന്‍ തപ്പിതടയുന്നുണ്ട് …
ഒരു നൃത്തം പോലെ …

 

ബിബിന്‍ ഏഴുപ്ലാക്കല്‍.

You must be logged in to post a comment Login