നേത്രാവതി

നേത്രാവതി

nethravathiഎല്ലാവരും എങ്ങോട്ടൊക്കെയോ തിരക്കിട്ട് പോകുകയാണ്. പവനനു മാത്രം തിരക്കേതുമില്ല. എങ്കിലും അന്നേ ദിവസം ഏറ്റം ഒരുങ്ങി യാത്രയ്ക്കെത്തിയ വ്യക്തി പവനൻ തന്നെ.
മനം മടുപ്പിക്കുന്ന ഏകാന്തതയ്ക്ക് ഒരു അടിവരയിടണം.
നേത്രാവതി എക്സ്പ്രസ്സ്‌ എന്നത്തേയും പോലെ നേത്രാവതി പുഴകടന്നു പായും. പക്ഷെ പവനൻ പുഴയുടെ മടിത്തട്ടിലേയ്ക്കും.
ആരും തിരിച്ചറിയാതിരിക്കാൻ പുതിയ ഒരു ജോഡി ഡ്രസ്സ്‌ വാങ്ങി, അതിൽ നിന്നും ബ്രാൻഡ്‌ പേരും മറ്റും നീക്കം ചെയ്തു. ഡ്രൈവർസ് ലൈസെൻസ്, തിരിച്ചറിയൽ കാർഡ് ഇത്യാദികളൊന്നും ശരീരത്ത് ഇല്ലെന്നു ഉറപ്പു വരുത്തി. കള്ളപേരിൽ ഒരു ടിക്കറ്റും എടുത്തു പവനൻ നേത്രാവതിയിൽ യാത്ര പുറപ്പെടുകയായി.
പവനൻ എന്നും ഒറ്റക്കായിരുന്നു. ജനിച്ച ഉടൻ അമ്മ മരിച്ചു. സ്വതവേ മിതഭാഷിയയിരുന്ന അച്ഛൻ, തന്റെ ജോലിയും പവനന്റെ പഠനവും മറ്റും തന്നാൽ ആകുന്നത്‌ പോലെ ഭംഗിയായി ചെയ്തു.
പവനന് പഞ്ചായത്തിൽ ഒരു ജോലി കിട്ടിയപ്പോൾ ഏറ്റവും അധികം സന്തോഷിച്ചത്‌ അച്ഛൻ ആണെന്ന് തോന്നുന്നു. സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. അച്ഛൻ ഒരു ദിവസം രാവിലെ ഉറക്കം ഉണർന്നില്ല.
ഹൃദയാഘാതം!
പിന്നീട് ജീവിതത്തിന്റെ അർത്ഥവും അർത്ഥമില്ലായ്മയും പവനൻ കുറച്ചുനാൾ തിരഞ്ഞു. ഒടുവിൽ ഇതാ ഇപ്പോൾ നേത്രാവതിയെ ശരണം തേടി, പുഴയുടെ അടിയൊഴുക്കിൽ തന്റെ ഹൃദയമിടിപ്പുകൾ അലിഞ്ഞു ചേരുന്ന നിമിഷങ്ങൾക്കായി പവനൻ കാത്തിരിക്കുന്നു.
നേരിയ മഴ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു ആശ…!
അവസാനത്തെ ആഗ്രഹം എന്നൊക്കെ പറയുന്നത് പോലെ, ഒരു മഴ പെയ്തിരുന്നെങ്കിൽ എന്നൊരു മോഹം.
എതിർവശത്തെ സീറ്റിൽ ഒരു കന്നടിക യുവതി, നെറുകയിൽ സിന്ദൂരം, നെറ്റിയിൽ കുങ്കുമം. കഴുത്തിൽ കരിമണി മാല . മുടിയിൽ തലകീഴായി ഒരു ചുവന്ന റോസാപുഷ്പം.
സർക്കാർ ജീവനക്കാരിയാണെന്ന് തോന്നുന്നു. സാരി തുംബിനാൽ നിറവയർ മറക്കാൻ വിഫല ശ്രമം നടത്തുന്നുണ്ട്.
പവനൻ ഇനി ഇതൊക്കെ എന്തിനു ശ്രദ്ധിക്കുന്നു. മടക്കമില്ലാത്ത യാത്രയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രം.
ചെറുതായി ഒന്ന് മയങ്ങിപ്പോയി എന്ന് തോന്നുന്നു. കന്നടികയുടെ കരച്ചിൽ കേട്ടാണ് കണ്ണ് തുറന്നത്.
ഈറ്റ് നോവാണ്,
ആരൊക്കെയോ ചേർന്ന് യുവതിയെ എടുത്തു നിലത്തു വിരിച്ച ഒരു ബെഡ് ഷീറ്റിൽ കിടത്തി. ഒരു അറ്റത്ത്‌ പവനനും പിടിച്ചിട്ടുണ്ട്. നേത്രാവതി പുഴ കഴിഞ്ഞാണ്, അടുത്ത റെയിൽ സ്റ്റേഷൻ . അവിടെ ആംബുലൻസ് പറഞ്ഞിട്ടുണ്ട്.
ജാലകത്തിലൂടെ പുറത്തേയ്ക്ക് പാളി നോക്കിയപ്പോൾ പവനന്റെ ഉള്ള് കാളി…..
എക്സ്പ്രസ്സ്‌ നേത്രാവതി പുഴ മുറിച്ചു കടക്കുകയാണ്.
പവനൻ തല്ക്കാലം തീരുമാനങ്ങളിൽ മാറ്റം വരുത്തി.
എന്തായാലും കന്നടികയെ ആസ്പത്രിയിൽ എത്തിച്ചിട്ട് തന്നെ ബാക്കി കാര്യം. തയ്യാറായിരുന്ന ആംബുലൻസിൽ യുവതിക്കൊപ്പം പവനനും യാത്ര തിരിച്ചു.
ഈറ്റ് നോവേന്തെന്നു പവനൻ അടുത്തറിയുകയായിരുന്നു.
ആസ്പത്രി വരാന്തയിലെ ബെഞ്ചിൽ ചാരിയിരിക്കുമ്പോൾ തന്റെ കൂടെ വന്ന രണ്ടുപേരുടെ സംഭാഷണം ശ്രദ്ധിച്ചു:-
ഒരാള് രാമൻ മറ്റെയാൾ രഘുരാമൻ
രാമൻ: “രഘുരാമാ നമുക്കുടൻ പുറപ്പെടണം, രാവിന് മുൻപേ മൈലാട്ടി താണ്ടണം.”
രഘുരാമൻ: “ശരിയാണ്, നാളെയാണ് മൃത്യുഞ്ജയന്റെ ശവദാഹം. ഒടുവിൽ മുറപോലെ സംസ്കരിക്കാൻ തീരുമാനിച്ചു”
രാമൻ: “മൃത്യുന്ജയന്റെ അവസാനത്തെ ആഗ്രഹം… അജ്ഞാത ജഡം ആകണം… ഇനി അഥവാ ജഡം കിട്ടിയാൽ ഇലക്ട്രിക് ശ്മശാനത്തിൽ ചടങ്ങുകൾ ഒന്നും കൂടാതെ ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ…. പോക്കറ്റിൽ കത്തുണ്ടായിരുന്നതല്ലേ….?”
രഘുരാമൻ: “അവന്റെ കത്ത് വായിച്ചിട്ട്, “ഇത്രേം തല്ലുകൊള്ളിത്തരം കാട്ടിയിട്ട് ഇനിയും അവൻ പറയുന്നത് കേൾക്കണോ” എന്നാണ് വാസുകൊച്ചേട്ടൻ ചോദിക്കുന്നത്. അവസാനത്തെ ആഗ്രഹം പോലും. അതൊക്കെ ഇപ്പോൾ ഔട്ട് ഓഫ് ഫാഷൻ.”
രാമൻ: “അത് ന്യായം. ഒരു ബൈക്ക് ചോദിച്ചിട്ട് വാങ്ങിച്ചു കൊടുക്കാത്തതിനാണ് മൃത്യുഞ്ജയൻ നേത്രാവതിയിൽ നിന്നും നേത്രാവതിയിലേയ്ക്ക് ചാടിയത്‌. അവന് ഈ ഞായറാഴ്ചവരെ കാത്തിരിക്കാമായിരുന്നു.
വാസുകൊച്ചേട്ടന്റെ മകളുടെ കല്യാണം ഈ ഞായറാഴ്ച നടക്കേണ്ടതായിരുന്നു. പെങ്ങളുടെ മകൻ ഈ കടുംകൈ ചെയ്തത് കൊണ്ട് എല്ലാം അവതാളത്തിലായി. ഇന്നത്തെ കാലത്ത് ഒരു കല്യാണം അടുപ്പിക്കാൻ എന്ത് പെടാപ്പാടാണ്.
സദ്യ… ഹാൾ… ബ്യുടീഷ്യൻ…. ആഭരണം…. വസ്ത്രം…. ബന്ധുമിത്രാദികൾ…..സർവ്വോപരി ചെറുക്കന്റെയും പെണ്ണിന്റെയും ജോലി സംബന്ധിച്ച അവധിയും മറ്റും.
മൃത്യുഞ്ജയന് ഒന്ന് രണ്ടു ദിവസം ക്ഷമിച്ചിരിക്കാമായിരുന്നു. മൃത്യുഞ്ജയന്റെ അച്ഛൻ മരിച്ച അന്ന് മുതൽ വാസുകൊച്ചേട്ടൻ പെങ്ങളുടെയും മകന്റേയും കാര്യങ്ങൾ ഭംഗിയായി നോക്കുന്നുണ്ട്. അങ്ങേരോട് ഈ ചതി വേണ്ടിയിരുന്നില്ല “
രഘുരാമൻ: “വാസുകൊച്ചേട്ടന്റെ നിലപാട് ശരിയാണ്, മുറപോലെ സംസ്കരിക്കണം, ഇല്ലെങ്കിൽ ചെവിയിൽ ഐ-ഫോണിന്റെ വള്ളിയും തിരുകി ചെറുക്കന്റെ ആത്മാവ് ഇതിലെയൊക്കെ ചുറ്റി തിരിയും.”
രാമൻ: “വല്ലാതെ തോറ്റത് രമണി ടീച്ചര് തന്നെ. നൂറുശതമാനം തോൽവി എന്ന് തന്നെ പറയാം…..
ടീച്ചറുടെ വയറ്റിൽ, മൃത്യുഞ്ജയനു ഒരു റബറും കുരുവോളം വലിപ്പമുള്ളപോഴാണ്‌അവന്റെ അച്ഛൻ മരിക്കുന്നത്.
കലക്കി കളഞ്ഞിട്ടു മറ്റൊരു ജീവിതം പടുതുയർത്താൻ എല്ലാവരും പറഞ്ഞിട്ടും ടീച്ചര് കേട്ടില്ല.
അവരുടെ നല്ല പ്രായം മുഴുവൻ മൃത്യുഞ്ജയനു വേണ്ടി ജീവിച്ചിട്ട്….. ഇപ്പോൾ അവൻ ഇല്ലാതാകുമ്പോൾ….അവനു വേണ്ടി ആ അമ്മയേറ്റ പാടുപീഡകൾ എല്ലാം പാഴായില്ലേ?….
ആ മുഖം അവനു ഒന്നോർക്കാമായിരുന്നു…!
പവനന് അപ്പോൾ ഒരു വലിയ തിരിച്ചറിവുണ്ടായി:
“ഓരോ ആത്മഹത്യയും ഒരു പാട് പേരുടെ പരാജയമാണ്.
പത്തുമാസം ചുമന്നു നൊന്തുപെറ്റ അമ്മമാരുടെ….
കണ്ണീരും വിയർപ്പും ചാലിച്ചു കുഞ്ഞുങ്ങളെ വളർത്തുന്ന അച്ഛന്മാരുടെ…
അക്ഷരം കുറിച്ച് പൊരുളുകളും അരുതുകളും പറഞ്ഞുതന്ന ഗുരുക്കമാരുടെ…..
താൻ തണലാകേണ്ട തനിക്കു തണലാകേണ്ട സഹോദരങ്ങളുടെ….
തന്നെ വിശ്വസിക്കുന്ന, തന്നിൽ പ്രതീക്ഷ വയ്ക്കുന്ന സമൂഹത്തിന്റെ….
പിന്നെ നല്ലൊരു നാളെയെ സ്വപ്നം കാണാൻ വിസമ്മതിക്കുന്ന തന്റെ തന്നെ….
സർവ്വോപരി തന്റെ സൃഷ്ടാവിന്റെ……
അങ്ങനെ ഒരുപാട് പരാജയങ്ങളുടെ ആകെത്തുകയാണ് ഓരോ ആത്മാഹുതിയും “
“തക്ക സമയത്ത് ആസ്പത്രിയിൽ എത്തിച്ചത് കൊണ്ട് കുഞ്ഞും തള്ളയും സുഖമായിരിക്കുന്നു,” എന്ന് ഒരു നേഴ്സ് വന്നു പറഞ്ഞു.
ഒരു ജീപ്പിൽ നിറയെ ആളുകള്, കന്നടിക യുവതിയുടെ അരികിൽ ഇതിനോടകം എത്തിയിരുന്നു.
കുഞ്ഞിന്റെ അച്ഛൻ മധുരം വിതരണം ചെയ്യുന്നു. പവനനോടും കൂടെ വന്നവരോടും പ്രത്യേകം പ്രത്യേകം നന്ദിയും പറയുന്നു.
രാമനോടും രഘുരാമനോടുമൊത്ത് ആസ്പത്രി വിടുമ്പോൾ പവനൻ ചോദിച്ചു: “നിങ്ങൾക്ക് എപ്പോഴെങ്കിലും ഏകാന്തത അനുഭവപെട്ടിട്ടുണ്ടോ?”
ഉത്തരം: “ദിവസവും ഒരു പരോപകാരം എങ്കിലും ചെയ്യുക എന്നിട്ട് വീട്ടില് ചെന്ന് സുഖമായി ഉറങ്ങുക…
നിങ്ങളെ സംബന്ധിച്ചിടത്തോളം നല്ല തണ്ടും തടിയും സർക്കാർ ജോലിയും ഉണ്ടല്ലോ, പുര നിറഞ്ഞു നില്ക്കുന്ന ഏതെങ്കിലും സാധുപെണ്ണിന് ഒരു ജീവിതം കൊടുക്കുക.
അപ്പോൾ ഏകാന്തത ഒന്നും അനുഭവപ്പെടുകയില്ല.”
പവനന് ഇനി പ്രത്യേകിച്ചൊന്നും തീരുമാനിക്കാനുണ്ടയിരുന്നില്ല. ഒന്നും സംഭവിക്കാതതുപോലെ പവനൻ തിങ്കളാഴ്ച വീണ്ടും ജോലിക്ക് പോയി….!

 

എ എസ് റീഡ്‌.

You must be logged in to post a comment Login