നോമ്പുകാലത്തേക്ക് പ്രവേശിക്കുമ്പോള്‍…

നോമ്പുകാലത്തേക്ക് പ്രവേശിക്കുമ്പോള്‍…

അര്‍ത്ഥപൂര്‍ണ്ണമായ ഒരു നോമ്പുകാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള മുന്നൊരുക്കമായിട്ടാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. എഡിറ്റര്‍

വീണ്ടുമൊരു നോമ്പുകാലം കൂടി.. തിരക്കുകളില്‍നിന്ന് തിരക്കുകളിലേയ്ക്ക് പോകുന്ന നമുക്ക് എളുപ്പവഴികളോടാണു താത്പര്യമെങ്കിലും പാരമ്പര്യത്തിന്റെ ചില അംശങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ നോമ്പ് ആചരണം പ്രധാനമായി തന്നെ നില്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി ആചരിച്ചു പോരുന്ന ഒന്നായി നോമ്പിനെ നമ്മില്‍ ചിലരെങ്കിലും വില കുറച്ചു കാണുന്നുണ്ട് എന്നത് അപകടം നിറഞ്ഞ ഒരു ചിന്തയാണ്. കാര്യസാദ്ധ്യങ്ങള്‍ക്കു വേണ്ടിയോ ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിനോ വേണ്ടി ചെയ്യേണ്ടുന്ന ചില അഭ്യാസങ്ങളല്ല നോമ്പ് മുന്നോട്ട് വയ്ക്കുന്ന ദര്‍ശനം.

വി.ഗ്രന്ഥത്തിലുടനീളം ‘നാല്പത്’ എന്ന സംഖ്യ ഏറെ പ്രാധാന്യത്തോടെ വിവക്ഷിക്കപ്പെടുന്നത് നാം വായിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ നാല്പതു പകലും നാല്പതു രാവും നീണ്ട തപസ്സുകാലത്തോടൊപ്പം പഴയ നിയമത്തിന്റെ ഏടുകളില്‍ വാഗ്ദത്തഭൂമിയെ ലക്ഷ്യമാക്കി 40 വര്‍ഷങ്ങള്‍ അലഞ്ഞ പൂര്‍വപിതാക്കന്മാരെ നാം കണ്ടുമുട്ടുന്നുണ്ട്. സീനായ് മലയിലേയ്ക്ക് കയറിപ്പോയ മോശ 40 ദിവസങ്ങള്‍ക്ക് ശേഷമാണു കല്പനകളുമായി മടങ്ങിയെത്തുന്നത്. നീണ്ട നാല്പതു രാവിന്റെയും പകലിന്റെയും മഴക്കാലങ്ങള്‍ക്ക് ശേഷമാണു നോഹ പേടകത്തില്‍നിന്നു ഒരു മലങ്കാക്കയെ കിളിവാതിലിലൂടെ പുറത്ത് വിട്ടത്. വാഗ്ദാനങ്ങളുടെ പൂര്‍ത്തികരണത്തിനോ പുതിയ തുടക്കങ്ങളുടെ ക്രമീകരണത്തിനോ ഒക്കെ എടുക്കുന്ന ഒരു സമയഗണനയായിരിക്കാം ഒരുവേള നാല്പത് എന്ന സംഖ്യ.

ഈശോ ഏതു വിധമാണ് പ്രലോഭകനെ നേരിട്ടത് എന്ന് നമുക്കറിയാം. വായിച്ചും പഠിച്ചും മനനം ചെയ്തും മനസ്സില്‍ സൂക്ഷിച്ചിരുന്ന തിരുലിഖിതങ്ങളുടെ പിന്‍ബലത്തില്‍ തന്നെ. ഒപ്പം പിതാവായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ഈശോയ്ക്ക് കരുത്തു പകര്‍ന്നു.അനുസ്യൂതമായ വി. ഗ്രന്ഥപാരായണവും ദൈവത്തിലുള്ള ആശ്രയബോധവും വിശ്വാസവും നമ്മുടെ പ്രതിസന്ധികളില്‍ നമുക്ക് താങ്ങും തുണയുമായിരിക്കുമെന്നു കൂടിയാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്.

പേത്തുര്‍ത്തായുടെ വിഭവസമൃദ്ധികള്‍ വരാന്‍ പോകുന്ന ദിനങ്ങളിലെ താരതമ്യേന ശുഷ്‌കമായ ഭക്ഷണപ്പാത്രങ്ങളെ ഓര്‍മിപ്പിച്ച് നമ്മുടെ കുഞ്ഞുമനസ്സുകളെ ഇത്തിരി ആകുലപ്പെടുത്തിയിട്ടുണ്ടാവാം. എങ്കിലും മാംസവര്‍ജ്ജനത്തില്‍ ചിലരെങ്കിലും സന്തോഷം കണ്ടെത്തി. ചിലര്‍ മാംസവും പാലും പാലുല്പന്നങ്ങളും മുട്ടയും ഒക്കെ ഒഴിവാക്കി. മധുരമില്ലാത്ത കട്ടന്‍ കാപ്പിയുടെ കയ്പന്‍ പ്രഭാതങ്ങളെ ചിരിച്ചുകൊണ്ട് ചിലരും വക്രിച്ച മുഖത്തോടെ മറ്റു ചിലരും സ്വീകരിച്ചു. സന്ധ്യാപ്രാര്‍ഥനകള്‍ അനന്തമായി നീണ്ടുപോകുകയും മുട്ട് കുത്തി നില്‌ക്കേണ്ട സമയത്തിന്റെ ദൈര്‍ഖ്യം ഏറുകയും ചെയ്തിരുന്നു.

നോമ്പിലെ വെള്ളിയാഴ്ചകളില്‍ മാത്രമല്ല, ചിലഭവനങ്ങളില്‍ എല്ലാ ദിവസവും വൈകാരികമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞു നിന്ന കുരിശിന്റെ വഴിയുടെ പീഡാനുഭവ ഗീതങ്ങള്‍ മുഴങ്ങി. എല്ലാ വെള്ളിയാഴ്ചകളിലും ഒരു നേരം നോറ്റിരുന്ന ചില അമ്മച്ചിമാരും നമുക്കുണ്ടായിരുന്നു. ചുരുക്കത്തില്‍ ഭൗതികവും ആത്മീയവുമായ തയ്യാറെടുപ്പുകളുടെ കാലഘട്ടമായിരുന്നു നോമ്പ്. ഇന്നും നമ്മുടെയോരോരുത്തരുടെയും വ്യക്തിജീവിതങ്ങളില്‍ സംഭവിക്കേണ്ടതും ഇതൊക്കെത്തന്നെയാണ്.

എത്രമാത്രമാണ് നമ്മുടെ വിശ്വാസവഴികളെ ഇത്തരം പാരമ്പര്യങ്ങള്‍ ബലപ്പെടുത്തിയിരുന്നത്! എവിടെയോ വായിച്ചതോര്‍ ക്കുന്നു, നമ്മുടെ ബാല്യത്തിന്റെ എക്‌സ്‌റ്റെന്‍ഷന്‍സ് തന്നെയാണു നമ്മുടെ കൗമാരവും യൗവ്വനവും വാര്‍ദ്ധക്യവുമൊക്കെ എന്ന് .. അതായത്, ചെറുപ്പത്തില്‍ കിട്ടുന്നതൊക്കെ തന്നെയാണു നമ്മെ മുന്നോട്ട് നയിക്കുന്നത്..

‘പേത്തുര്‍ത്താ’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ തിരിഞ്ഞുനോട്ടം എന്നാണല്ലോ. ജീവിതത്തിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം നടത്താനും പാളിച്ചകളെ പരിഹരിക്കാനും പുതിയ തുടക്കങ്ങളിലേയ്ക്ക് എളിമയോടെ നടന്നടുക്കാനുമുള്ള ഉത്തരവാദിത്തമാണു നോമ്പ് നമുക്ക് നല്കുന്നത്. ഈശോയ്ക്ക് നമ്മോടുള്ള വ്യക്തിപരമായ സ്‌നേഹത്തെ ഓര്‍മിക്കാന്‍, ആ സ്‌നേഹബന്ധത്തില്‍ വന്നിട്ടുള്ള കുറവുകളെ പരിഹരിക്കാന്‍ വളരെ പ്രത്യേകമായി ഈ തപസ്സുകാലം നമ്മെ സജ്ജരാക്കണം. മനുഷ്യരെല്ലാവരും കടന്നുപോകുന്ന ചില മരുഭൂമി ദിനങ്ങളെയും അനുഭവങ്ങളെയും എങ്ങനെ അഭിമുഖീകരിക്കണമെന്നും പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും നേരിടാന്‍ ഇത്തരം അനുഭവങ്ങള്‍ നമ്മെ എങ്ങനെ ശക്തരാക്കുന്നു എന്ന് തിരിച്ചറിയാനും നോമ്പുദിനങ്ങള്‍ സഹായിക്കും.

ശരീരവും മനസും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പലതിനോടും പലരോടും ‘നോ’ പറയാന്‍ നമുക്ക് കഴിയണം. നോമ്പ് കരുത്തു പകരേണ്ടത് ഇത്തരം നിരാസങ്ങള്‍ക്കു കൂടിയാണ്. ചില രുചികളെ,ചില ശീലങ്ങളെ , ചില കാഴ്ചകളെ ഒഴിവാക്കാന്‍ നോമ്പ് ആവശ്യപ്പെടുന്നു; ഒപ്പം ചില ബന്ധങ്ങളെ ക്രമീകരിക്കാനും. ഇങ്ങനെ ചെയ്യുമ്പോഴാണ് ഇന്നലെ വരെ നമ്മെ ഭ്രമിപ്പിച്ച കാഴ്ചയോ രുചികളോ ഒക്കെ അരോചകമാവുന്നതും ദൈവികസംരക്ഷണത്തിന്റെ സാന്ത്വനകരം താങ്ങായി മാറുന്നതും.

സെല്‍ഫോണിലെ എസ് എം എസ് മെസേജുകളില്‍ നമ്മുടെ ബന്ധങ്ങളെ ചുരുക്കുന്നവര്‍ ഏറിവരുന്നു. ഈ നോമ്പു കാലത്ത് കൂടുതല്‍ തുറന്നു സംസാരിക്കാനും ബന്ധങ്ങളെ വിപുലീകരിക്കാനും ടെക്സ്റ്റിങ്ങ് കുറയ്ക്കാനും നമുക്ക് കഴിയണം.
ആത്മീയമായും ചില ഉണര്‍വുകള്‍ ഉണ്ടാകാന്‍ ഏറ്റവും അനുകൂലമായ ഒരു കാലഘട്ടം തന്നെയാണിത്.

ഉള്ളിലുള്ള നന്മയുടെ അംശങ്ങള്‍ ഉറക്കത്തിലാണെങ്കില്‍ അവയെ ജാഗ്രത്താക്കേണ്ട ധന്യദിനങ്ങളാണു നോമ്പുദിനങ്ങള്‍. സൈബര്‍ ഫാസ്റ്റ് വഴിയോ, മാംസവര്‍ജ്ജനം വഴിയോ ചുരുക്കി, മാറ്റി നിര്‍ത്തേണ്ട ദിനങ്ങള്‍ മാത്രമല്ല ഈ ദിനങ്ങള്‍. ശരീരത്തിന്റെയും ആത്മാവിന്റെയും വിമലീകരണമാണു നോമ്പിന്റെ യഥാര്‍ഥ ചൈതന്യവും ഉദ്ദേശവും.

വി.കുര്‍ബാനമധ്യേ അനുസ്മരണാഗീതത്തിന്റെ അന്ത്യപാദത്തില്‍ നാം എന്നും ഏറ്റു പാടാറുണ്ട്:
‘നോമ്പും പ്രാര്‍ഥനയും
പശ്ചാത്താപവുമായ്
ത്രിത്വത്തെ മോദാല്‍
നിത്യം വാഴ്ത്തീടാം ‘
എത്രമാത്രമാണ് നമ്മുടെ ആത്മീയ പാതകള്‍ക്ക് ഈ മൂന്നു കാര്യങ്ങളും കരുത്തു പകരുന്നത്. നമുക്കറിയാവുന്നത്‌പോലെ ‘ഉപ’ എന്ന വാക്കിനു അടുത്ത് എന്നാണര്‍ഥം. ദൈവത്തിന്റെ അടുത്ത്, ദൈവത്തിന്റെ കൂടെ വസിക്കുന്നതാണു യഥാര്‍ഥ ഉപവാസം.

ഏശയ്യാ പ്രവാചകന്റെ പുസ്തകം 58അദ്ധ്യായം 7 വാക്യത്തില്‍ നാം വായിക്കും പോലെ വിശക്കുന്നവനുമായി അന്നം പങ്കു വച്ചും അനാഥനെ സ്വീകരിച്ചും പ്രിയപ്പെട്ടവരില്‍ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുന്നതും കൂടിയാണുപവാസം.ദൈവത്തോടും സഹോദരരോടും ചേര്‍ന്നു വസിക്കാന്‍ നമ്മെ ബലപ്പെടുത്തേണ്ടതാണ് ഉപവാസം എന്ന് സാരം.

നോമ്പിന്റെ ചൈതന്യത്തെ സ്വാംശീകരിക്കാന്‍ ആത്മീയമായി നമുക്ക് പലതും ചെയ്യാനാവും. കൂദാശാ സ്വീകരണമാണു ഏറ്റവും പ്രധാനം. ഒപ്പം, ആദ്യമായി കൂദാശകള്‍ സ്വീകരിച്ച ദിനങ്ങളെ സ്മരിക്കാനും അത് നമുക്ക് പകര്‍ന്നുതന്ന ആത്മീയസന്തോഷങ്ങളെ അയവിറക്കാനും നമുക്ക് ശ്രമിക്കാവുന്നതേയുള്ളു. എന്റെ സുഹൃത്തിന് എന്നും പള്ളിയില്‍ പോകാനാവുന്നെങ്കില്‍ എന്തുകൊണ്ട് എനിക്കാവില്ല എന്നാലോചിക്കാനും എന്നും ജപമാലയര്‍പ്പിക്കാന്‍ കഴിയുന്ന അമ്മയെക്കാണുമ്പോള്‍ എന്തുകൊണ്ട് എനിക്കും ജപമാലയര്‍പ്പിച്ചുകൂടാ എന്നും ചിന്തിക്കാന്‍ നമുക്ക് ശ്രമിക്കാം നമ്മുടെ മക്കളെ സ്‌നേഹത്തോടെ ആശീര്‍വദിക്കാനും അവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും നോമ്പിന്റെ ചൈതന്യത്തെകുറിച്ച് അവരോട് പറഞ്ഞുകൊടുക്കാനും ഈ ദിനങ്ങള്‍ നമ്മെ സഹായിക്കണം..

പാവങ്ങളോട് അലിവും കരുണയും കൂടുതലായി പ്രകടിപ്പിക്കാന്‍, വേദനിക്കുന്ന അപരനില്‍ ദൈവത്തെ കണ്ടുമുട്ടാന്‍, നമുക്ക് കഴിയണം. വി. കുരിയാക്കോസ് ഏലിയാസച്ചനിലൂടെ നമ്മുടെ കേരളസഭയില്‍ പ്രചാരത്തില്‍ വന്ന പല ഭക്താഭ്യാസങ്ങളുമുണ്ട്, 40 മണി ആരാധന പോലുള്ളവ. അവയൊക്കെ ആത്മീയവഴികളില്‍ നമുക്ക് ഏറെ ശക്തി തരുന്നുവെന്നു മനസ്സിലാക്കി നോമ്പുകാലത്ത് ഇവയും അനുഷ്ഠിക്കാവുന്നതേയുള്ളു. 1869 ല്‍ കൈനകരിയില്‍ ഉപവിശാല സ്ഥാപിച്ച ചാവറപ്പിതാവ് വിശക്കുന്ന അവസാനത്തെ വയറിനും അന്നം കിട്ടണമെന്നു കൊതിച്ചിരുന്നു.

നമ്മുടെ ആത്മീയ വിശപ്പിനെക്കൂടി ശമിപ്പിക്കാന്‍ നമുക്ക് കഴിയുമ്പോഴാണു നാം വളരുന്നതും ഉയരുന്നതും.കരുണയുടെ ഈ വര്‍ഷത്തില്‍ കരുണയുടെ വലിയ കവാടങ്ങള്‍ ദേവാലയങ്ങളുടെ മുഖവാരത്തില്‍ മാത്രമല്ല, നമ്മുടെ ഹൃദയമുഖത്തും ഉയരേണ്ടിയിരിക്കുന്നു. നോമ്പിന്റെ ഈ ദിനങ്ങളില്‍ നമ്മുടെ സംസാരം കരുണാമസൃണമാവാന്‍ നമുക്ക് സവിശേഷമായി ശ്രദ്ധിക്കാം.

വിളക്കും വെളിച്ചവുമായവനെ ജീവിതത്തിലുടനീളം പ്രോജ്ജ്വലിപ്പിക്കേണ്ടവരാണു നാമെന്ന ബോധ്യം ആഴത്തില്‍ ഉള്ളില്‍ നിറയ്ക്കാനും അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും കഴിയുമ്പോഴാണു നമ്മുടെ നോമ്പാചരണങ്ങള്‍ കൃപ നിറഞ്ഞതാവുന്നത് .

ലിന്‍സ് ജോസഫ്

10474020_10153468006986091_3375039540526828228_n

You must be logged in to post a comment Login