നോമ്പ്; വ്യത്യസ്തമായ ഒരു പ്രവേശനോത്സവം

നോമ്പ്; വ്യത്യസ്തമായ ഒരു പ്രവേശനോത്സവം

കുറച്ചുവര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ പറഞ്ഞും കേട്ടും ഉപയോഗിച്ചും തുടങ്ങിയ ഒരു വാക്കാണ് പ്രവേശനോത്സവം എന്നത്. ആദ്യമായി സ്‌കൂളിലേ്ക്ക് കടന്നുവരുന്ന കുഞ്ഞുങ്ങളെ ആകര്‍ഷകമായതും അവര്‍ക്ക് ഏറെ ഇഷ്ടം തോന്നുന്നതുമായ കാര്യങ്ങളിലൂടെ പുതിയ ലോകത്തേയ്ക്ക് സ്വീകരിക്കുക എന്നതാണതിലൂടെ ഉദ്ദേശിക്കുന്നത്.

വീടു നല്‍കിയ സന്തോഷത്തില്‍ നിന്നകലാനുള്ള മടിമാറ്റിയെടുക്കാന്‍ പുതിയ കാര്യങ്ങളിലേക്കും അറിവിന്റെ ലോകത്തിലേക്കും അവരെ കൊണ്ടുപോകാനുമൊക്കെയായി ഈ പ്രവേശനോത്സവം ഒരുക്കപ്പെടുന്നു. നമ്മള്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ പ്രവേശനോത്സവങ്ങള്‍ ഇപ്രകാരമാണ്.

എന്നാല്‍ ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്നത് വ്യത്യസ്തമായ മറ്റൊരു പ്രവേശനോത്സവത്തെക്കുറിച്ചാണ്. ഓരോ വര്‍ഷവും വിശ്വാസികളായ നമുക്കെല്ലാവര്‍ക്കും അപൂര്‍വ സുന്ദരമെന്ന് വിളിക്കപ്പെടാവുന്ന ഒരു പ്രവേശനോത്സവമുണ്ട്.

അത് ഭൗതീകമായ ആഘോഷങ്ങള്‍ എല്ലാം കുറച്ച് ആധ്യാത്മികമായ മറ്റൊരുതലത്തിലേക്ക് ജീവനേയും ജീവിതത്തേയും അടുപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയുള്ള ഒരു പ്രവേശനോത്സവമാണ്. സാധാരണയായി നമ്മള്‍ കണ്ടിട്ടുള്ളതും പങ്ക്‌ചേര്‍ന്നിട്ടുള്ളതുമായ എല്ലാ പ്രവേശനോത്സവങ്ങളും ഏറെ നിറപ്പകിട്ടാര്‍ന്നതാണ്. ഇവിടെ നിറപ്പകിട്ടുകളില്ല, ബഹളങ്ങളില്ല, പകരം ഒരു പ്രത്യേകതരത്തിലുള്ള ശാന്തത മാത്രം.

കുഞ്ഞുമക്കളെ അണിയിച്ചൊരുക്കി ആകര്‍ഷകമാക്കിയാണ് പ്രവേശനോത്സവങ്ങള്‍ക്കായി നാമെത്തിക്കുന്നതെങ്കില്‍ ഇവിടെ നിറപ്പകിട്ടുകള്‍ക്കു പകരം നെറ്റിയില്‍ ഒരു നുള്ളു ചാരവും പൂശി, ഉള്ള സൗന്ദര്യവും കൂടി ഇല്ലാതാക്കിയാണ് നമ്മള്‍ ആധ്യാത്മികമായ പ്രവേശനോത്സവത്തിലേയ്ക്ക് പ്രവേശിക്കുന്നത്.

നാല്‍പതു പകലും രാത്രിയും ഉപവസിച്ച് പ്രാര്‍ത്ഥിച്ച മോശയെക്കുറിച്ച് നാം പഴയനിയമത്തിലെ പുറപ്പാട് പുസ്തകത്തില്‍ വായിക്കുന്നുണ്ട്. ആ വായനയില്‍ നാം അറിയുന്ന ഒരു നല്ല കാര്യമിതാണ്, ആ ദിവസങ്ങളില്‍ മോശ ദൈവത്തോട് സംസാരിക്കുകയായിരുന്നു എന്നും അത് കഴിഞ്ഞിറങ്ങിയപ്പോള്‍ അവന്റെ മുഖം തേജോമയമായി എന്നുമാണ്. മോശയുടെ ജീവിതത്തില്‍ നാല്‍പതു ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ള ഉപവാസമല്ലായിരുന്നു അതെന്ന് നമുക്കറിയാം. ആ നാല്‍പതു ദിനങ്ങളുടെ അവസാനം ഇതാ അവന്‍ പോലും അറിയാത്ത വിധം അവനില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു.

നമുക്ക് ആകര്‍ഷകമല്ല എന്ന് തോന്നിക്കുന്നതും ചിലര്‍ക്കെങ്കിലും നാണക്കേടും തോന്നുന്ന വിധത്തിലുള്ള കറുത്ത കുരിശും നെറ്റിയില്‍ വരച്ച് ആത്മീയമായ ഈ പ്രവേശനോത്സവത്തില്‍ പങ്കുചേരുന്നതിന്റെയും ഉദ്ദേശ്യമിതാണ്. എനിക്ക് എന്റെ സ്രഷ്ടാവായ ദൈവത്തോട് സംസാരികണം, എന്റെ മുഖവും മോശയുടേത് പോലെ തേജസാര്‍ന്നതാകണമെന്നും.

ഉത്സവങ്ങളെക്കുറിച്ച് നമുക്കറിയാം. അതെപ്പോഴും കുറെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. പലപ്പോഴും സംഭവിക്കാറുള്ളത് ഉത്സവങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും ഒന്നും നേടാതെ പോകുന്നതാണ്.

ഇവിടെ നമുക്ക് ഏഴാഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവകാലമാണ്. ആത്മീയമായ ജീവിതയാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കം കൂടിയാണിത്. ക്രിസ്തുവിന്റെ ജീവിതത്തിലേയ്ക്ക് പ്രവേശി്ക്കുകയാണ് ഇവിടെ നാമോരോരുത്തരും.

മരുഭൂമിയിലെ പരീക്ഷയിലേയ്ക്ക് ഈശോ കടന്നുപോകുന്നത് ആത്മാവിനാല്‍ നിറഞ്ഞാണ്. നെറ്റിയിലെ ചാരം പൂശല്‍ എന്റെ ജീവിതത്തിലും ആത്മാവിന്റെ നിയന്ത്രണത്തിലേയ്ക്ക് എന്നെ ഒപ്പം നിര്‍ത്തുകയാണ്. ഇനിയുള്ള ഓരോ ദിവസവും ഞാന്‍ ഈശോയുടേതുപോലുള്ള മനസ്സോടും ഹൃദയത്തോടുംകൂടെയാകണം. അല്‍പം പോലും എന്റെ ശ്രദ്ധ പതറാതെ പൂര്‍ണമായും സ്രഷ്ടാവില്‍ ലയിച്ചിരിക്കണം. ഈ ദിനങ്ങളോരോന്നും നല്‍കുന്ന ദൈവാനുഭവത്തില്‍ നിന്നാണ് ഞാന്‍ ബലം പ്രാപിക്കുന്നത്. ഈശോയെപ്പോലെ പ്രലോഭനങ്ങളെയും പ്രലോഭകനെയും അതിജീവിക്കുന്നത്.

ചിലരെങ്കിലും കരുതുന്നതുപോലെ, ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടേതുമായ ഈ നാളുകള്‍ വെറുതെയല്ല. ക്രിസ്തുവിശ്വാസിക്ക് ക്രിസ്തുവിനെ അറിയാന്‍, അവന്‍ ആഗ്രഹിക്കുന്നതുപോലെ അവന്റെ ഒപ്പമാകാന്‍ പരിശീലനം സിദ്ധിക്കുന്ന ദിനങ്ങള്‍ക്കൂടിയാണി പ്രവേശനോത്സവദിനങ്ങള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

പരസ്യജീവിതത്തിലേക്ക് ഈശോ പ്രവേശിക്കുന്നത് നാല്‍പതു രാവും പകലും ദീര്‍ഘിച്ച ആത്മീയമായ ഈ ഒരുക്കത്തിലൂടെയായിരുന്നു. ആത്മീയ പ്രവേശനോത്സവത്തിലെ തുടക്കമാണ് കുരിശുവര പെരുന്നാള്‍ എന്നു നാം പറയുന്ന വിഭൂതിയുടെ ദിനം. അതിനാല്‍ തന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരമൊരു ആധ്യാത്മിക ഒരുക്കം അത്യാവശ്യമാണ്.
ഈശോയെ അനുഗമി്ക്കാന്‍ കൊതി്ക്കുന്ന ഏതൊരാളും ഇതിലൂടെ കടന്നുപോയെ പറ്റൂ. അപൂര്‍വം ഒപ്പം സുന്ദരവുമായ ഈ ആത്മീയ പ്രവേശനോത്സവത്തിലേക്ക് നമുക്കും കടന്നുവരാനാഗ്രഹിക്കാം. മുമ്പില്‍ ഇതാ ശാന്തതയോടെ ഈശോ എന്നെ കാത്തിരി്ക്കുന്നു. അവന്റെ ഒപ്പമാകാം.

നോമ്പിലെ ഓരോ ദിനങ്ങളും അനുഗ്രഹത്തിന്റെ, സ്വയം കണ്ടെത്തലിന്റെ സമയമാകട്ടെ എന്ന് ആശംസിക്കുന്നു.

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login