പതിമൂന്നാം വയസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു പെണ്‍കുട്ടി തന്റെ ജീവിതം പാപ്പയോട് പറഞ്ഞപ്പോള്‍..

പതിമൂന്നാം വയസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു പെണ്‍കുട്ടി തന്റെ ജീവിതം പാപ്പയോട് പറഞ്ഞപ്പോള്‍..

ബെര്‍ഗോമ രൂപതയില്‍ നിന്നുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍.പേര് ആന്‍ഡ്രിയ. ഇപ്പോള്‍ അവള്‍ക്ക് പതിനഞ്ച് വയസ്. എന്നാല്‍ പതിമൂന്നാം വയസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു ഭൂതകാലം കൂടിയുണ്ട് അവള്‍ക്ക്.

ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനായി എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയോട് അവളത് പറഞ്ഞു. ബിഷപസ് ഹൗസിലെ ബാല്‍ക്കണി പ്രഭാഷണത്തിന് ശേഷമായിരുന്നു അത്.

മറ്റുള്ളവരുടെ നിരന്തരമായ പരിഹാസം സഹിക്കവയ്യാതെയായിരുന്നു അവള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പക്ഷേ ആശുപത്രിയിലെ പരിചരണം അവള്‍ക്ക് ജീവിതം മടക്കിക്കൊടുത്തു. അപ്പോള്‍ അവള്‍ക്കൊരു കാര്യം മനസ്സിലായി. തന്റെ പക്കല്‍ തെറ്റായിട്ടൊന്നുമില്ലെന്ന്.മറ്റുള്ളവര്‍ തന്നെ പരിഹസിക്കുന്നതിന് താന്‍ ഉത്തരവാദിയല്ലെന്ന്.

ചിന്തയിലൂടെ അവള്‍ ശക്തിപ്പെട്ടു. എങ്കിലും ചില നേരങ്ങളില്‍ തന്നെ ഭൂതകാലം വേദനിപ്പിക്കാറുണ്ടെന്നും അവള്‍ സമ്മതിച്ചു. തന്നെ പരിഹസിച്ചവരോട് പരിപൂര്‍ണ്ണമായും ക്ഷമിക്കുവാന്‍ എങ്ങനെയാണ് കഴിയുന്നതെന്ന് അവള്‍ മാര്‍പാപ്പയോട് ചോദിച്ചു.

ക്രൂരത എല്ലാ തിന്മകളുടെയും അടിസ്ഥാനമാണെന്നായിരുന്നു പാപ്പയുടെ പ്രതികരണം .അത് ഒരു വ്യക്തിയുടെ സല്‍പ്പേരിനെ നശിപ്പിക്കുന്നു. അപവാദം ഒരു ഭീകരപ്രവര്‍ത്തനം തന്നെയാണ്. ഒരു ബോംബ് വലിച്ചെറിയുന്നതുപോലെയാണത്. ചുറ്റുപാടുമുള്ള സകലതിനെയും അത് നശിപ്പിക്കുന്നു. ക്ഷമിക്കുക എന്ന് പറയുന്നത് വളരെ നിസ്സാരമല്ല.

ഒരാള്‍ക്ക് പറയാന്‍ കഴിയും ഞാന്‍ ക്ഷമിച്ചു പക്ഷേ മറന്നിട്ടില്ല എന്ന്. തന്നെ മുറിപ്പെടുത്തിയ ഒരാളോട് മനസ്സറിഞ്ഞ് ക്ഷമിക്കാനുള്ള കൃപയ്ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. നമുക്ക് സ്വന്തമായി ക്ഷമിക്കാനുള്ള കഴിവില്ല. അതുകൊണ്ട് ക്ഷമിക്കാനുള്ള, ശത്രുക്കളോട് ക്ഷമിക്കാനുള്ള കൃപയ്ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. പാപ്പ പറഞ്ഞു.

You must be logged in to post a comment Login