പരിശുദ്ധ അമ്മയുടെ തലമുടിയും ഇറ്റലിയിലെ ആഘോഷവും

പരിശുദ്ധ അമ്മയുടെ തലമുടിയും ഇറ്റലിയിലെ ആഘോഷവും

പാല്‍മി: ഓഗസ്റ്റ് മാസത്തിലെ അവസാന ഞായറില്‍ ഇറ്റലിയിലെ പാല്‍മിയെന്ന കൊച്ചു നഗരത്തിനു മുകളിലൂടെ പരിശുദ്ധ അമ്മ പറന്നു നടക്കുന്നതു കാണാം. അവിടുത്തെ കത്തോലിക്ക വിശ്വാസികളുടെ വലിയൊരു ആഘോഷത്തിന്റെ ഭാഗമായാണ് മാതാവ് ആകാശത്തിലൂടെ പറന്നു നടക്കുന്നത്.

പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണതിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അമ്മയുടെ രൂപം ഭൂമിയില്‍ നിന്ന് വളരെയധികം ഉയരത്തില്‍ സ്ഥാപിച്ച് പ്രദക്ഷിണമായി അന്നാട്ടുകാര്‍ നഗരം ചുറ്റും. താഴെ നിന്ന് നോക്കുന്നവരില്‍ ഇത് മാതാവ് ആകാശത്തില്‍ പറക്കുന്ന പ്രതീതിയുളവാക്കും. ‘വരിയ ഡി പാല്‍മി’യെന്നറിയപ്പെടുന്ന ഈ ഉത്സവം പാല്‍മിയിലെ കത്തോലിക്കരുടെ വലിയ ആഘോഷമാണ്.

‘വരിയ ഡി പാല്‍മി’ ആഘോഷം ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇറ്റലിയിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൗലോസ് അപ്പസ്‌തോലനോടൊപ്പം ഇറ്റലിയിലെ ഏതാനും ജനങ്ങള്‍  മറിയത്തെ നേരിട്ട് കാണാന്‍ പാലസ്തീനായിലെത്തി. അവരെ സ്വഭവനത്തില്‍ മാതാവ് സ്വീകരിച്ചു. തിരിച്ച് ഇറ്റലിയിലേക്കുള്ള യാത്രയില്‍ മാതാവ് അവരുടെ പക്കല്‍ ഒരു കത്ത് കൊടുത്തയച്ചു. ചുരുട്ടി വച്ചിരുന്ന കത്ത് ഏതാനും മുടിനാരുകള്‍ക്കൊണ്ട് കെട്ടിയ നിലയിലാണ് ഇറ്റലിക്കാര്‍ക്ക് ലഭിച്ചത്. 16-ാം നൂറ്റാണ്ടിലുണ്ടിയ പ്ലേഗില്‍ നിന്നും പാല്‍മിയെ രക്ഷിച്ചത് മാതാവിന്റെ തിരുശേഷിപ്പായി വണങ്ങുന്ന ഇതിലെ ഒരു മുടിനാരാണത്രേ. അന്നു മുതല്‍ മാതാവിന്റെ സംരക്ഷണത്തിനുള്ള നന്ദി സൂചകമായി അവര്‍ ഉത്സവം ആഘോഷിക്കാന്‍ തുടങ്ങി.

കത്ത് ചുരുട്ടി പൊതിഞ്ഞ തലമുടിനാരുകളില്‍ നിന്നുമുള്ള ഒരു മുടി പാല്‍മിയിലെ സാന്‍ നിക്കോളായിലുള്ള സഹ-കത്തീഡ്രലില്‍ ഇന്നും സൂക്ഷിക്കപ്പെടുന്നു. ബാക്കി തലമുടിനാരുകള്‍ മെസ്സീനയിലെ കത്തീഡ്രലിലും.

You must be logged in to post a comment Login