പരിശുദ്ധ കുര്‍ബാനയുടെ തിരുനാളും വിശുദ്ധ ജൂലിയാനയും

പരിശുദ്ധ കുര്‍ബാനയുടെ തിരുനാളും വിശുദ്ധ ജൂലിയാനയും

ഇന്ന് മെയ് 26.
പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനം. കോര്‍പ്പസ് ക്രിസ്റ്റി എന്ന് ഇത് അറിയപ്പെടുന്നു.

ബെല്‍ജിയത്തെ വിശുദ്ധ ജൂലിയാനയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ട് തന്റെ ദിവ്യകാരുണ്യ സ്മരണയ്ക്കായി ഒരു ദിനം നിങ്ങള്‍ സഭയില്‍ പ്രത്യേകമായി ആചരിക്കണം എന്ന് ആവശ്യപ്പെട്ടതിന്‍ പ്രകാരം ആചരിച്ചുവരുന്ന തിരുനാളാണ് ഇത്. ത്രീത്വത്തിന്റെ ഞായറാഴ്ച കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് സഭ ഈ തിരുനാള്‍ ആഘോഷിക്കുന്നത്. അതോടൊപ്പം ഈസ്റ്റര്‍ കഴിഞ്ഞ് അറുപത് ദിവസങ്ങള്‍ക്ക് ശേഷവും .

വിശുദ്ധ ബലിക്ക് ശേഷം ദിവ്യകാരുണ്യപ്രദക്ഷിണം നടക്കാറുണ്ട്. റിഫര്‍മേഷന്റെ കാലത്ത് ഇത്തരത്തിലുള്ള ദിവ്യകാരുണ്യപ്രദക്ഷിണങ്ങള്‍ക്ക് വിലക്കുകളേര്‍പ്പെടുത്തിയിരുന്നു. ഓസ്ട്രിയ, ബ്രസീല്‍, ബൊളീവിയ, ബോസ്‌നിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പൊതു അവധി ദിവസമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

അഞ്ചാം വയസില്‍ അനാഥയായവളായിരുന്നു ജൂലിയാന. അവള്‍ക്ക് ഒരു ഇരട്ടസഹോദരിയുമുണ്ടായിരുന്നു. ആഗ്നസ്. ആഗ്നസ് ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയി. ജൂലിയാന പതിമൂന്നാമത്തെ വയസില്‍ ആവൃതിജീവിതത്തിലേക്ക് പ്രവേശിച്ചു. ചെറുപ്പം മുതല്‌ക്കേ അവള്‍ക്ക് ദിവ്യകാരുണ്യത്തോട് അസാധാരണമായ ഭക്തിയുണ്ടായിരുന്നു.

പതിനാറാമത്തെ വയസ് മുതല്‍ അവള്‍ക്ക് ദര്‍ശനങ്ങള്‍ ലഭിച്ചുതുടങ്ങി. എന്നാല്‍ പ്രിയോരസ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് തന്റെ ദര്‍ശനങ്ങളെക്കുറിച്ച് അവള്‍ കുമ്പസാരക്കാരനോട് പങ്കുവച്ചത്.

പോപ്പ് ഉര്‍ബന്‍ നാലാമന്‍ 1264 ല്‍ കോര്‍പ്പസ് ക്രിസ്റ്റിയെക്കുറിച്ച് പേപ്പല്‍ ബൂള പുറപ്പെടുവിച്ചിരുന്നു. ലാറ്റിന്‍ സഭമുഴുവന്‍ ഈ തിരുനാള്‍ ആഘോഷിക്കണമെന്നും പ്രഖ്യാപിച്ചു. ഇതായിരുന്നു ഈ തിരുനാളിന് കിട്ടിയ ആദ്യത്തെ പേപ്പല്‍ അംഗീകാരം.

സാധാരണയായി ത്രീത്വത്തിന്റെ ഞായര്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും 1969 ല്‍ പോള്‍ ആറാമന്‍ നടപ്പില്‍ വരുത്തിയ ആരാധനക്രമ പരിഷ്‌ക്കാരത്തെതുടര്‍ന്ന് തിരുനാള്‍ ദിനത്തിന് അതാത് ദേശത്തെ മെത്രാന്മാര്‍ക്ക് മാറ്റം വരുത്താമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

പിയൂസ് ഒമ്പതാമനാണ് 1869 ല്‍ ജുലിയാനയെ വിശുദ്ധയായി പ്രഖ്യാപിച്ചത് .ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധകുര്‍ബാനയുടെ 750- ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജുലിയാനയെ പരാമര്‍ശിച്ച് എഴുതിയിരുന്നു.

ഏപ്രില്‍ ആറിനാണ് ഈ വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

ബി

You must be logged in to post a comment Login