“പരിശുദ്ധ മറിയം കരുണയുടെയും ക്ഷമയുടെയും അമ്മ”

“പരിശുദ്ധ മറിയം കരുണയുടെയും ക്ഷമയുടെയും അമ്മ”

കരുണയുടെ മാതാവേ! എന്ന സംജ്ഞ പരിശുദ്ധ മാതാവിന് തിരുസഭ നല്‍കിയിരിക്കുന്നതാണ്. ഈ കരുണയുടെ വര്‍ഷത്തില്‍ ആ പേരിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. ജനുവരി 1ന് റോമിലെ മേരി മേജര്‍ ബസിലിക്കയുടെ കവാടം തുറന്നു കൊണ്ട് സംസാരിക്കുകയായിരുന്നു, അദ്ദേഹം.

‘കരുണയുടെ ഈ വാതില്‍ കടന്ന് അകത്തു പ്രവേശിക്കുന്നവരെല്ലാം പിതാവിന്റെ കരുണയിലേക്കാണ് കടന്നു ചെല്ലുന്നത്. ഇവിടെ നിന്നു മടങ്ങുമ്പോള്‍ അവര്‍ക്ക് ഉറപ്പിക്കാം, പരി. അമ്മ അവരുടെ കൂടെയുണ്ടെന്ന്.

പരിശുദ്ധ മറിയം എങ്ങനെ കരുണയുടെ അമ്മയാകുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. ദൈവകരുണയുടെ മുഖം തന്നെയായ യേശുവിനെ ഉദരത്തില്‍ വഹിച്ചവളാണ് മാതാവ്. നാം അനാഥരായി പോകാതിരിക്കാനായി ദൈവപുത്രന്‍ അവളെ നമുക്ക് അമ്മയായി നല്‍കിയിരിക്കുന്നു. ഈ ദുരിതകാലത്ത് അവളാണ് നമുക്ക് തണലും സാന്ത്വനവും, പാപ്പാ പറഞ്ഞു.

മറിയം ക്ഷമയുടെ മാതാവും മാതൃകയുമാണ്. ഗോല്‍ഗോഥായില്‍ അവള്‍ പ്രദര്‍ശിപ്പിച്ച ക്ഷമ അതിരില്ലാത്തതാണ്. എല്ലാ നിയമത്തിനും ഈ ലോകത്തിന്റെ അറിവിനും അപ്പുറത്താണത്. കുരിശിന്റെ കീഴെ മാതാവ് നല്‍കിയ ക്ഷമയുടെ പാഠമാണ് തിരുസഭ കണ്ടു പഠിക്കേണ്ടതെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

You must be logged in to post a comment Login