പരിശുദ്ധ മറിയം മുതല്‍ മഗ്ദലേന മറിയം വരെ…

പരിശുദ്ധ മറിയം മുതല്‍ മഗ്ദലേന മറിയം വരെ…

മാര്‍ച്ച് 8, ലോകവനിതാദിനം.. ബൈബിളിലുമുണ്ട് നമുക്കു മുന്‍പേ നടന്ന കുറേ സ്ത്രീകള്‍. ഉള്ളില്‍ ആര്‍ത്തിരമ്പുന്ന ഒരുള്‍ക്കടല്‍ കൊണ്ടുനടന്നവര്‍… കരുത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായവര്‍… ഇവരിലാരൊക്കെയോ ചിലപ്പോള്‍ നമ്മളാകാം, നമ്മളെപ്പോലെയാകാം… വര്‍ത്തമാനകാലത്തിലുമുണ്ടാകാം ഇവരുടെ ആവര്‍ത്തനങ്ങള്‍….

പരിശുദ്ധ മറിയം: കൃപയുടെ നിറകുടം

സുവിശേഷത്തിലെ സ്ത്രീകളെക്കുറിച്ചു പറയുമ്പോള്‍ മറ്റാരില്‍ നിന്നാണ് തുടങ്ങുക..? ദൈവഹിതത്തിന് പൂര്‍ണ്ണമായും ആമ്മേന്‍ പറഞ്ഞ അവളെ ഏതു ബിംബകല്‍പനകള്‍ കൊണ്ടാണ് വര്‍ണ്ണിക്കുക? സഹനവും സ്‌നേഹവും വിധേയത്വവും അനുസരണവും എളിമയുമെല്ലാം സമം ചേര്‍ന്ന വ്യക്തിത്വമായിരിക്കുമ്പോഴും കരുത്തുറ്റ സ്ത്രീ കൂടിയായിരുന്നു മറിയമെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല. അതുകൊണ്ടാണല്ലോ സ്വന്തം മകന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന ശിമയോന്റെ പ്രവചനം നെഞ്ചേറ്റി 30 വര്‍ഷം തന്റെ മകന്റെ പരസ്യജീവിതത്തിന് അവള്‍ സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഏറ്റവും കരുത്തയായ സ്ത്രീയായി നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ പരിശുദ്ധ മറിയത്തെ തിരഞ്ഞെടുത്തതും മറിയത്തിനു ലഭിക്കുന്ന സാര്‍വ്വലൗകികമായ ബഹുമാനത്തിനു തെളിവാണ്.

‘ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ എന്നു പറഞ്ഞപ്പോള്‍ മറിയത്തില്‍ നാം കണ്ടത് ദൈവഹിതത്തിന് സ്വയം വിട്ടുകൊടുത്ത വിനയത്തിന്റെ ആള്‍രൂപത്തെയാണ്. 12-ാം വയസ്സില്‍ യേശുവിനെ കാണാതായപ്പോള്‍ ഭീതിയോടെ അവനെ അന്വേഷിക്കുന്ന മറിയത്തില്‍ സ്‌നേഹമയിയായ അമ്മയെ നാം കണ്ടു. കാനായില്‍ നാം കണ്ടത് പ്രതിസന്ധിഘട്ടങ്ങളെ നേരിടാനുള്ള അവളുടെ കഴിവാണ്. കുരിശിന്‍ ചുവട്ടില്‍ നിസ്സഹായയായപ്പോള്‍ സഹനത്തിന്റെ പ്രതീകം കൂടിയായി അവള്‍. ആദ്യകാല ക്രിസ്തീയ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മറിയം നിര്‍ണ്ണായക പങ്കു വഹിച്ചു എന്ന് സഭയുടെ പാരമ്പര്യത്തില്‍ പറയുന്നു. അങ്ങനെ മറിയം ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയായി.

ഭൂമിയിലെ സകല അമ്മമാരുടേയും പ്രതീകമാണ് പരിശുദ്ധ അമ്മ. അമ്മമാരുടെ വാത്സല്യം അനുഭവിക്കാത്തവര്‍ക്കും ‘അമ്മേ’ യെന്നു വിളിച്ചു കൊതിതീരാത്തവര്‍ക്കും ഒരു സ്വര്‍ഗ്ഗീയ അമ്മയുണ്ടെന്നത് എത്ര ആശ്വാസമാണ് നല്‍കുന്നത്. കുരിശിന്‍ ചുവട്ടില്‍ നിസ്സഹായയായി നിന്നപ്പോള്‍ ‘ഇതാ നിന്റ് അമ്മ’ എന്ന് യേശു യോഹന്നാനോടു പറഞ്ഞത് നമുക്കു കൂടി വേണ്ടിയായിരുന്നു. ഭൂമിയിലെ എല്ലാ അമ്മമാരെയുംകാള്‍ നമ്മുടെ വേദനകള്‍ മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ടാകണം, പ്രവാചകന്റെ ദീര്‍ഘവീക്ഷണത്തോടെ പരിശുദ്ധ അമ്മയെ യേശു നമുക്കായി നല്‍കിയത്.

എലിസബത്ത്: പരിശുദ്ധാത്മാവ് നിറഞ്ഞവള്‍

മറിയത്തെ ‘അനുഗ്രഹീത’ എന്ന് അഭിസംബോധന ചെയ്താണ് എലിസബത്ത് തന്റെ ഭവനത്തിലേക്ക് സ്വീകരിക്കുന്നത്. ദൈവപുത്രന്റെ മാതാവാകാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ മറിയത്തിന് തികച്ചും ചേരുന്ന വിശേഷണം. കന്യകയായ ഒരാള്‍ ഗര്‍ഭിണിയായപ്പോള്‍ ലോകത്തിന്റെ സാമാന്യയുക്തികള്‍ക്കപ്പുറം ചിന്തിച്ച് അത് ദൈവഹിതപ്രകാരമാണെന്ന് തിരിച്ചറിഞ്ഞവളാണ് എലിസബത്ത്.

മറിയത്തിന്റെ അഭിവാദന സ്വരം കേട്ടപ്പോള്‍ എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി എന്നും അവളുടെ ഉദരത്തില്‍ ശിശു കുതിച്ചുചാടി എന്നും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ നിറവിലൂടെ ലഭിക്കുന്ന ഈ സന്തോഷമാണ് നമുക്കു വേണ്ടത്.

മര്‍ത്തായും മറിയവും

സഹോദരിമാരെങ്കില്‍ കൂടി ഭിന്നവ്യക്തിത്വത്തിന് ഉടമകളാണ് മര്‍ത്തായും മറിയവും. ക്രിസ്തു തങ്ങളുടെ ഭവനത്തിലേക്കു വന്നപ്പോള്‍ അവനെ സ്വീകരിക്കാന്‍ രണ്ടു വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് ഇരുവരും സ്വീകരിച്ചത്. ക്രിസ്തുവിന്റെ സാന്നിദ്ധ്യം വിവിധ ആളുകളിലുണ്ടാക്കുന്ന പ്രതികരണത്തിന് ഉദാഹരണമായി ഇവരെ കാണാം. യേശുവെന്ന അത്ഭുത പ്രവര്‍ത്തകനെയാണ് മര്‍ത്താ തിരിച്ചറിഞ്ഞതെങ്കില്‍ മറിയം യേശുവിലൂടെ ദൈവത്തെ തന്നെയാണ് കണ്ടത്. അവന്റെ പാദത്തിങ്കലിരുന്ന് അവള്‍ വചനം കേട്ടു. ‘മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു’ എന്നാണ് ക്രിസ്തു തന്നെയും പറഞ്ഞത്.

മര്‍ത്താ മുഴുകിയത് ബാഹ്യകാര്യങ്ങളിലാണ്. നമ്മില്‍ പലരെയും പോലെ. തന്റെ ഭവനത്തിലെത്തിയ ദൈവത്തിന്റെ സാന്നിദ്ധ്യം അവള്‍ തിരിച്ചറിഞ്ഞില്ല. മറിയത്തെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അവള്‍ വേല ചെയ്തിരുന്നതും. അതു കൊണ്ടു തന്നെ തന്റെ ജോലിയില്‍ സംതൃപ്തി കണ്ടെത്താന്‍ മര്‍ത്താക്കു സാധിച്ചില്ല.

ദൈവത്തെ ശുശ്രൂഷിക്കേണ്ടത് ആവശ്യം തന്നെയാണ്. എന്നാല്‍ മര്‍ത്തായെപ്പോലെ കടമ നിറവേറ്റാനോ മറ്റുള്ളവരെ കുറ്റപ്പെടുത്തിയോ സദുദ്ദേശ്യത്തോടു കൂടിയല്ലാതെ ചെയ്യുമ്പോള്‍ അത്തരം പ്രവൃത്തികള്‍ അനുഗ്രഹീതമാകില്ല.

സമരിയാക്കാരി സ്ത്രീ: ജീവിതത്തിലൂടെ സാക്ഷിയായവള്‍

ബൈബിളില്‍ പേരു പരാമര്‍ശിക്കാത്ത ഈ സ്ത്രീ യേശുക്രിസ്തുവിനെ അറിഞ്ഞവളാണ്. താന്‍ അനുഭവിച്ചറിഞ്ഞ യേശുവിനെ പ്രഘോഷിക്കാന്‍ കയ്യിലിരുന്ന കുടം ഉപേക്ഷിച്ച് പട്ടണത്തിലേക്കു പോയവളാണ് അവള്‍. ആ സ്ത്രീയുടെ സാക്ഷ്യം മൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകം പേര്‍ അവനില്‍ വിശ്വസിച്ചു എന്നാണ് സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ ഭൂതകാലത്തെയൊന്നാകെ തനിക്കു മുന്നില്‍ ചുരുളഴിച്ച പ്രവാചകനില്‍ അവള്‍ വിശ്വസിച്ചു. താന്‍ അറിഞ്ഞ ജീവിതസത്യത്തിലൂടെ സമരിയാക്കാരി സ്ത്രീ ശക്തയായ സാക്ഷിയായി.

പലപ്പോഴും ക്രിസ്തുവിന് സാക്ഷികളാകാനുള്ള അവസരം നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോള്‍ നാം ഒഴിഞ്ഞുമാറാറുണ്ട്. പലപ്പോഴും എതിര്‍ സാക്ഷികളാകാറുമുണ്ട്. അവിടെയാണ് സമരിയാക്കാരി സ്ത്രീ മാതൃകയാകുന്നതും

രക്തസ്രാവക്കാരി സ്ത്രീ: ഉറച്ച വിശ്വാസത്തിന്റെ നേര്‍സാക്ഷ്യം

അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും ഒന്നു സ്പര്‍ശിക്കാനാണ് അവള്‍ ആഗ്രഹിച്ചത്. പാറപോല്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നവള്‍.’നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു’ എന്ന ക്രിസ്തുവിന്റെ ഒറ്റവാക്കിനാല്‍ സമാശ്വാസം ലഭിച്ചവള്‍. ജനക്കൂട്ടത്തില്‍ മറ്റാര്‍ക്കും ആവിശ്വാസമുണ്ടായിരുന്നില്ല.

പലരും ആ വസ്ത്രത്തില്‍ സ്പര്‍ശിച്ചേക്കാം. പക്ഷേ, വിശ്വാസമുണ്ടായിരുന്നത് രക്തസ്രാവക്കാരി സ്ത്രീക്കു മാത്രമാണ്. നമ്മളും പലപ്പോഴും ജനക്കൂട്ടത്തില്‍ ഒരാള്‍ മാത്രമല്ലേ..? പല തവണ ആ മഹാകാരുണ്യത്തിന്റെ ശക്തി നമ്മിലേക്കും പ്രവഹിച്ചിട്ടുണ്ടെങ്കിലും രക്തസ്രാവക്കാരിയുടെ വിശ്വാസ തീക്ഷ്ണത നമ്മിലില്ലാതായിപ്പോയി. അതുകൊണ്ടു തന്നെയാവാം അവള്‍ സുഖപ്പെട്ടതും, നമ്മള്‍ സുഖപ്പെടാത്തതും..

മഗ്ദലേന മറിയം: കരുത്തുറ്റ പെണ്‍സാക്ഷ്യം

ക്രിസ്തുവിന്റെ അനുയായികളിലെ ശക്തയായ സ്ത്രീസാന്നിദ്ധ്യമായിരുന്ന മഗ്ദലേന മറിയത്തിനാണ് ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ക്രിസ്തു പ്രത്യക്ഷപ്പെട്ട വാര്‍ത്ത മറ്റുള്ളവരെ അറിയിക്കുന്നതും അവളാണ്. സ്ത്രീകളുടെ വാക്കുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുക്കാതിരുന്ന കാലത്ത് അതില്‍ നിന്നും വ്യത്യസ്തമായി ആദ്യകാല ക്രൈസ്തവ സമൂഹം അവരെ ബഹുമാനിച്ചിരുന്നു എന്നു വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍.

‘മഗ്ദല’ സ്ഥലനാമമാണ്. ഗലീലിക്കടലിന്റെ പടിഞ്ഞാറേക്കരയിലുള്ള പട്ടണം. മഗ്ദല സ്വദേശി മറിയം എന്നാണ് പേരിലെ സൂചന. സുവിശേഷം പ്രസംഗിച്ചു നടന്ന യേശുവിനെ ശുശ്രൂഷിക്കാന്‍ ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളായ, മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളായ മറിയത്തിന്റെ നേതൃത്വത്തിലുള്ള സ്ത്രീകള്‍ ഉണ്ടായിരുന്നതായി ലൂക്കാ സുവിശേഷകന്‍ പറയുന്നുണ്ട്. യോഹന്നാന്‍ ഒഴികെയുള്ള ശിഷ്യന്‍മാര്‍ ഭയന്നോടിയ ശേഷവും കുരിശിന്‍ ചുവട്ടില്‍ അവളുണ്ടായിരുന്നു.

യേശു പാപങ്ങള്‍ മോചിച്ചവളായ മറിയവും ശിമയോന്റെ ഭവനത്തില്‍ വെച്ച് യേശുവിന്റെ പാദങ്ങള്‍ കഴുകിയ മറിയവും ലാസറിന്റെ സഹോദരി മറിയവും മഗ്ദലേന മറിയം തന്നെയായിരുന്നു എന്ന വാദങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കിലും സുവിശേഷത്തില്‍ അതിന് തെളിവുകളൊന്നുമില്ല.

കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, ആംഗ്ലിക്കന്‍, ലൂഥറൈന്‍ ക്രിസ്ത്യാനികള്‍ മഗ്ദലേന മറിയത്തെ വിശുദ്ധയായും കണക്കാക്കുന്നുണ്ട്.

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login